ഹൃദയം പിളര്‍ക്കുന്ന വേദനയിലും ആ അച്ഛന്റെ മകളായി പിറന്നതില്‍ അഭിമാനിക്കുന്നു; കുറിപ്പുമായി ആശ ശരത്ത്
Movie Day
ഹൃദയം പിളര്‍ക്കുന്ന വേദനയിലും ആ അച്ഛന്റെ മകളായി പിറന്നതില്‍ അഭിമാനിക്കുന്നു; കുറിപ്പുമായി ആശ ശരത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 11th October 2021, 10:21 am

കൊച്ചി: അച്ഛന്റെ വേര്‍പാടില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടിയും നര്‍ത്തകിയുമായ ആശ ശരത്ത്. തന്റെ സൂര്യനും തണലും ജീവിതവുമായിരുന്നു അച്ഛനെന്നും ഹൃദയം പിളര്‍ക്കുന്ന വേദനയിലും ആ അച്ഛന്റെ മകളായി പിറന്നതില്‍ താന്‍ അഭിമാനിക്കുന്നെന്നും ആശ ശരത്ത് കുറിച്ചു. ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ അച്ഛന്റെ മകളായി തന്നെ ജനിക്കണമെന്നും ആശ പറഞ്ഞു.

”അച്ഛന്‍ പോയി. എന്റെ സൂര്യനും തണലും ജീവിതവുമായിരുന്നു അച്ഛന്‍. ജീവിക്കാന്‍ കൊതിയായിരുന്നു അച്ഛന് എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷെ ഇന്ന് ഞാനറിയുന്നു, അല്ല അച്ഛന്‍ നിറഞ്ഞു നില്‍ക്കുന്ന പഞ്ചഭൂതങ്ങള്‍ എന്നോട് പറയുന്നു അത് കൊതിയായിരുന്നില്ല. നരകാഗ്നിക്ക് തുല്യം മനസ്സ് വെന്തുരുകിയപ്പോള്‍, ശ്വാസം നിന്ന് പോയി എന്ന് തോന്നിയപ്പോള്‍ അവിടെ നിന്നും എന്നെയും അമ്മയെയും കൈ പിടിച്ചു മുന്‍പോട്ടു നയിക്കാനായിരുന്നു അച്ഛന്‍ ജീവിക്കാന്‍ കൊതിച്ചത്.

ഞാന്‍ കണ്ട ഏറ്റവും സാര്‍ത്ഥകമായ ജീവിതം. ഒരു വടവൃക്ഷമായി പടര്‍ന്നു പന്തലിച്ച് , അവസാന ശ്വാസം വരെ ഉറ്റവരെയും ഉടയവരെയും കൈ പിടിച്ചു നയിച്ച് , ഒരു തിന്മക്കു മുന്നിലും അണുവിട പോലും പിന്തിരിയാതെ, എന്നും തല ഉയര്‍ത്തിപ്പിടിച്ചു സ്വന്തം കര്‍മ്മധര്‍മ്മങ്ങള്‍ നൂറു ശതമാനവും ചെയ്തു തീര്‍ത്തു അദ്ദേഹം അരങ്ങൊഴിഞ്ഞു.

ഹൃദയം പിളര്‍ക്കുന്ന വേദനയിലും ഞാന്‍ അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായി പിറന്നതില്‍. ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ കൃഷ്ണന്‍കുട്ടിയുടെ മകളായി തന്നെ എനിക്ക് ജനിക്കണം.

അച്ഛാ സുഖമായി, സന്തോഷമായി വിശ്രമിക്കൂ, ആ ദേവപാദങ്ങളില്‍. ബാക്കിയായ രംഗങ്ങള്‍ ആടിത്തീര്‍ത്തു, കടമകള്‍ ചെയ്തു തീര്‍ത്തു, ദൈവഹിതമനുസരിച്ചു സമയമാകുമ്പോള്‍ ഞാനുമെത്താം.

അതുവരെ അച്ഛന്‍ പകര്‍ന്നു തന്ന വെളിച്ചത്തില്‍ ഞാന്‍ മുന്നോട്ടു പോട്ടെ. ഏറ്റവും ഭാഗ്യം ചെയ്ത ഒരു മകളായി എന്നെ അനുഗ്രഹിച്ചതിനു ഞാന്‍ നന്ദി പറയട്ടെ. നൂറായിരം ഉമ്മകള്‍,” ആശ ശരത്ത് കുറിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Asha sarath About Her Father