ദൃശ്യം 2 വില്‍ താന്‍ ഏറ്റവും ഓര്‍ത്തുവെക്കുന്ന കാര്യം മോഹന്‍ലാലിന്റെ കഥാപാത്രത്തെ തല്ലുന്ന രംഗമല്ലെന്ന് നടി ആശ ശരത്ത്. മോഹന്‍ലാലിനെ തല്ലുന്ന രംഗം ഓര്‍ക്കാനുള്ള കാര്യമാണെന്നും പക്ഷേ അതല്ല താന്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നതെന്നും ആശാ ശരത്ത് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘എങ്ങനെയാണ് ഈ ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രത്തിന് ഉറങ്ങാന്‍ പറ്റുക എന്നത് എനിക്ക് ഏറ്റവും കൂടുതല്‍ സംശയം ഉള്ള കാര്യമായിരുന്നു. കാര്യം ഇവരുടെ മകനെയാണ് ജോര്‍ജ്ജുകുട്ടി കൊന്നിട്ടുള്ളത്. ഒരു പൊലീസ് ഓഫീസര്‍ കൂടിയായ അവര്‍ എങ്ങനെയായിരിക്കും ഇത്രയും വര്‍ഷം ഉറങ്ങിയിട്ടുണ്ടാകുക എന്ന സംശയം ആശ ശരത്തായ എനിക്കുണ്ടായിരുന്നു. അതിനുള്ള ഉത്തരമായിരുന്നു അവരുടെ റിയാക്ഷന്‍സ്.
ഒരു അമ്മയുടെ ഉള്ളിലെ വേദനയാണ് ഗീതാ പ്രഭാകറിന് ഉണ്ടായിരുന്നത്. അതിന്റെ ഒരു തുടര്‍ച്ചയാണ് ഓര്‍ത്തുവെക്കാനുണ്ടായിരുന്നത്. അതിനൊപ്പം മോഹന്‍ലാലിന്റെ കഥാപാത്രത്തെ തല്ലുന്ന സീന്‍ പേടിച്ചിട്ടാണെങ്കിലും ചെയ്യേണ്ടി വന്നു’, ആശ ശരത്ത് പറയുന്നു
സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ ഏറ്റവും ഭയം തോന്നിയ സീന്‍ ജോര്‍ജു കുട്ടിയെ തല്ലുന്ന രംഗം തന്നെയായിരുന്നു. സീന്‍ വായിച്ചപ്പോള്‍ എനിക്ക് കയ്യും കാലും വിറച്ചു. ഈ സീന്‍ നമുക്ക് ഒഴിവാക്കിക്കൂടെയെന്ന് ജീത്തൂ സാറിനോട് ചോദിച്ചു. അതുപോലെ എടോ എന്ന് ലാലേട്ടന്റെ കഥാപാത്രത്തെ വിളിക്കുന്നുണ്ട്. പിടിച്ച് തള്ളുന്നുണ്ട്. ജോര്‍ജ്ജുകുട്ടിയാണെങ്കിലും ലാലേട്ടനല്ലേ എന്നുള്ള ഒരു സാധാരണക്കാരിയുടെ, ഒരു ആരാധികയുടെ ടെന്‍ഷന്‍ എനിക്കും ഉണ്ടായിരുന്നു.
എന്നാല്‍ ജീത്തൂ സര്‍ അത് കഥാപാത്രമാണെന്ന് മനസിലാക്കിത്തന്നു. ഭയങ്കര രസകരമായിട്ടാണ് ഞങ്ങള്‍ അത് ഷൂട്ട് ചെയ്തത്. പക്ഷേ ആ സീന്‍ ചെയ്യുമ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ ലാലേട്ടന്‍ ടൈമിങ്ങിന്റെ കിങ് അല്ലേ. ഞാന്‍ കൈ വെക്കുമ്പോഴേക്ക് ലാലേട്ടന്‍ മുഖം മാറ്റും. ഒരു ടേക്കില്‍ ശരിയാകണേ വീണ്ടും വീണ്ടും ചെയ്യേണ്ടി വരല്ലേ എന്ന് പ്രാര്‍ത്ഥിച്ചാണ് ചെയ്തത്. അതുപോലെ ഒറ്റ ടേക്കില്‍ ശരിയായി. പിന്നെ അതിന്റെ ലോങ് ഷോട്ടും ക്ലോസിനും വേണ്ടി വീണ്ടും എടുത്തിരുന്നു. ലാലേട്ടനല്ലായിരുന്നു, എനിക്കായിരുന്നു ആ സമയത്ത് ഭയം, ആശ ശരത്ത് പറഞ്ഞു.
ദൃശ്യം 2 തിയേറ്ററില്‍ വരുന്നില്ല എന്ന് കേട്ടപ്പോള്‍ വളരെ വിഷമം തോന്നിയെന്നും ആശ പറയുന്നു. എന്നാല്‍ ഒ.ടി.ടിയില്‍ ഇറങ്ങിയതിന്റെ പോസിറ്റിവിറ്റി വേറെയുണ്ട്. ലോകമെമ്പാടുമുള്ളവര്‍, മറ്റ് രാജ്യക്കാര്‍ അടക്കം ഉറ്റു നോക്കുന്ന ചിത്രമായിരുന്നു അത്. ഒ.ടി.ടി റിലീസ് ആയതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ഒരുമിച്ച് കാണാനും അഭിപ്രായം പറയാനും സാധിച്ചു എന്നത് വലിയ കാര്യമാണ്.
ജോര്‍ജ്ജു കുട്ടിയെ അടിക്കുന്ന സീന്‍ കണ്ടപ്പോള്‍ എന്റെ അമ്മ പറഞ്ഞു ആ അടി വീണ സീന്‍ കണ്ടപ്പോള്‍ ‘നീ എന്റെ മോളായി പോയി. എനിക്ക് തിരിച്ചുതരാനാണ് തോന്നിയതെന്ന്’, ഓരോ മലയാളിക്കും അവരുടെ മുഖത്ത് അടിച്ച പോലെയാണ് അപ്പോള്‍ തോന്നിയത്. അത്രയ്ക്ക് ഇഷ്ടമാണ് എല്ലാവര്‍ക്കും ജോര്‍ജ്ജുകുട്ടിയെ, ആശ ശരത്ത് പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Asha Sarath About Drishyam Scenes