| Saturday, 4th March 2023, 11:40 am

മമ്മൂക്കയുടെ വീട് എങ്ങനെ എന്റെ വീടാകും? കാശില്ലായെന്ന് പറഞ്ഞ് കരഞ്ഞു വിളിക്കുന്നത് ഈ പെണ്‍കൊച്ചാണോയെന്ന് ചോദിച്ചു: ആര്യ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ വീടാണെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് മമ്മൂട്ടിയുടെ വീടാണെന്ന് നടിയും അവതാരകയുമായ ആര്യ. ആര്യയുടെ ആഡംബരജീവിതമെന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നതെന്നും അതിലെ വീട് മമ്മൂട്ടിയുടേതാണെന്നും ആര്യ പറഞ്ഞു.

ചിലര്‍ വീഡിയോക്ക് താഴെ വന്ന് മമ്മൂട്ടിയുടെ വീടാണെന്ന് പറയുന്നുണ്ടെങ്കിലും മറ്റ് ചിലര്‍ തന്നെ മോശമായി തെറിവിളിക്കുകയാണെന്നും ആര്യ പറഞ്ഞു. അതൊക്കെ വായിക്കുമ്പോള്‍ തനിക്ക് അതിയായ വിഷമം തോന്നുന്നാറുണ്ടെന്നും ആദ്യമൊക്കെ പ്രതികരിക്കാറുണ്ടായിരുന്നുവെന്നും ആര്യ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആര്യ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മമ്മൂക്കയുടെ വീട് എങ്ങനെ എന്റെ വീടാകും. ആളുകള്‍ എത്രമാത്രമാണ് യൂട്യൂബില്‍ ആ വീഡിയോ നോക്കിയിരിക്കുന്നത്. ആ വീഡിയോയുടെ താഴെ വരുന്ന കമന്റുകളാണ് എന്നെ അതിശയിപ്പിക്കുന്നത്.

മമ്മൂക്കയുടെ വീടൊക്കെ അറിയാത്തവരുണ്ടോ. ചില ആളുകള്‍ ഒക്കെ വളരെ ഡീസന്റായിട്ട് അതിന്റെ അടിയില്‍ കമന്റ് ചെയ്തിട്ടുണ്ട്. മമ്മൂക്കയുടെ വീടാണെന്ന് കണ്ടാല്‍ അറിയില്ലെയെന്നൊക്കെ. വേറെ ചിലര്‍ അതിന്റെ താഴെ വന്ന് എന്നെ ചീത്ത വിളിച്ചിട്ട് പോകും.

ഈ പെണ്‍കൊച്ചാണോ കാശില്ലായെന്ന് പറഞ്ഞ് കരഞ്ഞ് വിളിച്ചതെന്നൊക്കെയാണ് ആളുകള്‍ കമന്റ് ഇടുന്നത്. അതൊക്കെ വായിക്കുമ്പോള്‍ നാച്ചുറലി നമുക്ക് വിഷമം വരില്ലേ. ഒന്നും ചെയ്യാതെ എന്തിനാണ് നമ്മള്‍ അറിയാത്ത ആളുകളുടെ വായില്‍ ഇരിക്കുന്നത് മൊത്തം കേള്‍ക്കുന്നതെന്ന് തോന്നില്ലേ.

പണ്ട് നെഗറ്റീവ് കമന്റ്‌സിന് ഞാന്‍ കുത്തിയിരുന്ന് റിപ്ലെ കൊടുക്കുമായിരുന്നു. ആ കൊറോണ ലോക്ഡൗണ്‍ സമയത്താണ് ഞാന്‍ ഏറ്റവും കൂടുതല്‍ അബ്യൂസ് നേരിട്ടിട്ടുള്ളത്. ബിഗ്‌ബോസിന് ശേഷമാണ് സോഷ്യല്‍ മീഡിയ അറ്റാക്ക് ഫേസ് ചെയ്തത്.

അന്ന് മെന്റാലിറ്റിയൊക്കെ വേറെയാണ്. കാരണം കുറേ കാലം ലോക്ഡൗണില്‍ അടച്ചിട്ടിരിക്കുകയാണല്ലോ. ഡെഡ്‌ബോഡിയില്‍ കഴുകന്‍ വന്നിരുന്ന് കൊത്തി തിന്നുന്ന അവസ്ഥയായിരുന്നു എന്റേത്. അപ്പോള്‍ ഞാന്‍ കുത്തിയിരുന്ന് തിരിച്ച് കമന്റ് ചെയ്യുമായിരുന്നു. പിന്നെ എനിക്ക് തന്നെ ബോറടിച്ചു. പക്ഷെ അവയെല്ലാം ഭയങ്കരമായ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു,” ആര്യ പറഞ്ഞു.

content highlight: actress arya about social media

We use cookies to give you the best possible experience. Learn more