ബേസില്‍ ജോസഫ് ആരാണെന്ന് പോലും അന്നെനിക്ക് അറിയില്ല; ആള്‍ ഉദ്ദേശിച്ചത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ സെറ്റാണ്: ആര്യ
Entertainment news
ബേസില്‍ ജോസഫ് ആരാണെന്ന് പോലും അന്നെനിക്ക് അറിയില്ല; ആള്‍ ഉദ്ദേശിച്ചത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ സെറ്റാണ്: ആര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th March 2023, 8:35 pm

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടിയും അവതാരികയുമായ ആര്യ. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത കുഞ്ഞിരാമായണം എന്ന ചിത്രത്തില്‍ ആര്യ അഭിനയിച്ചിരുന്നു. അന്നത്തെ ഷൂട്ടിങ് അനുഭവങ്ങളും ബേസില്‍ ജോസഫ് എന്ന സംവിധായകനെ കുറിച്ചും സംസാരിക്കുകയാണ് ആര്യയിപ്പോള്‍.

കുഞ്ഞിരാമായണത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ ബേസിലിനെ തനിക്ക് അറിയില്ലായിരുന്നുവെന്നും പുതിയ സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിനൊപ്പം നല്ലൊരു ടീമുണ്ടായിരുന്നുവെന്നും ആര്യ പറഞ്ഞു. വളരെ ഫോക്കസ്ഡായിട്ടുള്ള ഒരാളാണ് ബേസിലെന്നും തനിക്ക് എന്താണ് വേണ്ടതെന്ന കാര്യത്തെ കുറിച്ച് അദ്ദേഹത്തിന് നല്ല ബോധമുണ്ടെന്നും ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞു.

‘ബേസില്‍ ജോസഫ് ആരാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. അദ്ദേഹമന്ന് ഒരു പുതിയ സംവിധായകനായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നിട്ടും ബേസിലിന്റെ കൂടെ ക്യത്യമായ ഒരു ടീമുണ്ടായിരുന്നു. അതൊരു കിടിലന്‍ ടീമായിരുന്നു. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്ന ഒരു ഫോക്കസ്ഡ് പേഴ്‌സണാണ് ബേസില്‍.

എന്താണ് വേണ്ടതെന്ന് ആള്‍ക്ക് നന്നായി അറിയാം. എന്താണ് പുള്ളിക്ക് വേണ്ടത് ആ സാധനം കറക്ടായി നമ്മളോട് കമ്മ്യൂണിക്കേറ്റ് ചെയ്യും. നമുക്ക് അത് കൃത്യമായി മനസിലാകും. നമുക്ക് ആ കാര്യങ്ങള്‍ വളരെ ലളിതമായി പറഞ്ഞ് തരുകയും ചെയ്യും. അതുകൊണ്ട് തന്നെ നമുക്കത് പ്രൊപ്പറായി എക്‌സിക്യൂട്ട് ചെയ്യാനും കഴിയും. ആള്‍ക്ക് വേണ്ട സാധനം കിട്ടി കഴിഞ്ഞാല്‍ പിന്നെ സെറ്റാണ്.

അതോടെ പുള്ളി കട്ട് പറയും. ആവശ്യമായത് കിട്ടിയാല്‍ പിന്നെ അദ്ദേഹം ഓക്കെ പറയും. അല്ലാതെ ഒന്നുകൂടി എടുത്ത് നോക്കാമെന്നൊന്നും ബേസില്‍ പറയില്ല. ഇതില്‍ വളരെ മൈന്യൂട്ടായിട്ടുള്ള കാര്യങ്ങളുണ്ട്. ഭയങ്കര രസമാണ് അത് സിനിമയില്‍ കാണാന്‍. സിനിമയില്‍ ചക്ക വീഴുന്ന ഒരു സീനുണ്ട്. രണ്ടോ മൂന്നോ ടേക്ക്, അതിനുമുകളിലേക്ക് അത് പോയിട്ടില്ല.

ആള്‍ടെ കാര്യങ്ങളൊക്കെ ഭയങ്കര പ്രോപ്പറാണ്. അതുപോലെ തന്നെ എല്ലാ കാര്യങ്ങളും ക്രിസ്പ്പാണ്. ബേസില്‍ ശരിക്കും പെര്‍ഫെക്ഷന്റെ ആളാണ്. നമ്മള്‍ ചെയ്യുന്ന കാര്യം നല്ലതാണെങ്കില്‍ പുള്ളി നമ്മളെ ഉറപ്പായും അഭിനന്ദിക്കകും. അത് ബേസിലിന്റെ വലിയൊരു പോസിറ്റിവിറ്റിയാണ്,’ ആര്യ പറഞ്ഞു.

വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ്, ശ്രിന്ദ, മാമുക്കോയ തുടങ്ങിയവരെ പ്രധാന കഥാപാത്രമാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ സിനിമയാണ് കുഞ്ഞിരാമായണം. തിയേറ്ററില്‍ വിജയിക്കാനും ചിത്രത്തിന് കഴിഞ്ഞിരുന്നു.

content highlight: actress arya about basil jaseph