അത്തരത്തില്‍ നടന്‍മാരെ ട്രോള്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല; ഇവിടെ ഉള്ള ഭൂരിഭാഗം ആളുകളുടെയും ചിന്ത അതാണ്: ആര്‍ഷ ബൈജു
Entertainment news
അത്തരത്തില്‍ നടന്‍മാരെ ട്രോള്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല; ഇവിടെ ഉള്ള ഭൂരിഭാഗം ആളുകളുടെയും ചിന്ത അതാണ്: ആര്‍ഷ ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th November 2022, 7:19 pm

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് ആര്‍ഷ ബൈജു. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സാണ് താരത്തിന്റെ പുതിയ ചിത്രം. ഇതിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ മികച്ച അഭിപ്രായമാണ് നടിക്ക് ലഭിക്കുന്നത്. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ആര്‍ഷ ചിത്രത്തില്‍ അവതരിപ്പിച്ചത്.

സ്ത്രീകള്‍ പ്രധാന കഥാപാത്രങ്ങളായി ഇറങ്ങുന്ന സിനിമകളെക്കുറിച്ചുള്ള ആളുകളുടെ അഭിപ്രായങ്ങളെക്കുറിച്ച് പറയുകയാണ് ആര്‍ഷ. പണ്ട് വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്നും നടിമാര്‍ മാറി നില്‍ക്കുന്നത് ഒരു ട്രെന്‍ഡായിരുന്നുവെന്നും സ്ത്രീകള്‍ക്ക് മാത്രമാണ് കൂടുതല്‍ ട്രോളുകള്‍ കിട്ടാറുള്ളതെന്നും താരം പറഞ്ഞു. നടിമാര്‍ക്ക് പകരം നടന്‍മാര്‍ ചെയ്താല്‍ പലതും ട്രോള്‍ ചെയ്യപ്പെടാറില്ലെന്നും ആര്‍ഷ കൂട്ടിച്ചേര്‍ത്തു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ഷ ഇക്കാര്യം പറഞ്ഞത്.

”സ്ത്രീകളെ വെച്ച് സിനിമ ചെയ്താല്‍ ഓടില്ലയെന്നും അല്ലെങ്കില്‍ മാര്‍ക്കറ്റ് ഉണ്ടാവില്ലയെന്നും അഭിപ്രായമുള്ളവരുണ്ട്. അതിന് മാര്‍ക്കറ്റ് വേണമെങ്കില്‍ ആളുകള്‍ യൂസ്ഡ് ആവണം. സ്ത്രീകളെവെച്ച് നല്ല സിനിമകള്‍ വരണം. ഒരു ഗംഭീര പടമാണെന്ന് പറഞ്ഞാല്‍ ആളുകള്‍ പോയി കാണും. ജോ ആന്‍ഡ് ജോ ഹിറ്റായില്ലേ, അതുപോലെ കുമാരി ഹിറ്റായില്ലേ.

കുറച്ച് നല്ല സ്ത്രീ കഥാപാത്രങ്ങളുടെ സിനിമ ഹിറ്റായാല്‍ ആളുകള്‍ക്ക് പോയി കാണാന്‍ തോന്നും. എന്നാല്‍ സ്ത്രീകള്‍ മെയിന്‍ കഥാപാത്രം ചെയ്യുന്ന സിനിമ ഹിറ്റാവില്ലെന്ന് ഇവിടെ ഉള്ള ഭൂരിഭാഗം ആളുകള്‍ക്കും ചിന്തയുണ്ട്. അതുപോലെ ഓരോ സമയത്തും ഓരോ ട്രെന്‍ഡ് ആണ്. 2000 മുതല്‍ 2010 വരെ ഉള്ള നായികമാരെ എടുത്ത് നോക്കിയാല്‍ അത് മനസിലാകും.

കുറേ സിനിമ ചെയ്യും പിന്നെ അവര്‍ ചെയ്യുന്നത് കാണുന്നില്ല. അതില്‍ നിന്നും തിരിച്ച് വന്നവരില്‍ പലരും അഭിമുഖങ്ങളില്‍ ഇതിനേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് കല്യാണം കഴിഞ്ഞിട്ട് പിന്നെ സിനിമ ചെയ്യാത്തതെന്ന് ചോദിക്കുമ്പോള്‍ അവരും പറയുന്നത് അന്നത്തെ ട്രെന്‍ഡ് അതായിരുന്നുവെന്നാണ്.

നായികമാര്‍ വരും കുറച്ച് നാള്‍ നില്‍ക്കും കല്യാണം കഴിഞ്ഞ് അവര്‍ സിനിമയില്‍ നിന്നും പോകും. ചിലര്‍ വ്യക്തിപരമായ താല്പര്യം കൊണ്ടാണ് മാറിനില്‍ക്കുന്നത്. എന്നാല്‍ ഭൂരിഭാഗം ആളുകളും പറയുന്നത് മാറി നില്‍ക്കുന്നത് അന്നത്തെ സ്ഥിരം കാഴ്ചയാണെന്നാണ്. വേറെ ഒരു കാര്യമെന്തെന്നാല്‍ പലപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുണ്ട് ട്രോളുകള്‍ അധികവും വരുക ഫീമെയില്‍ ആക്ടേര്‍സിനാണ്.

മെയില്‍ ആക്ടേര്‍സിനും വരാറുണ്ട്. എന്നാല്‍ കൂടുതലും വരുന്നത് ഫീമെയിലിനാണ്. ഒരു നടി അഭിമുഖത്തില്‍ വന്ന് ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ അതിന് വലിയ ട്രോളുകളാണ് വരുക. ഞാന്‍ അഭിമുഖങ്ങള്‍ കുറേ കാണാറുണ്ട് അതുകൊണ്ടാണ് പറയുന്നത്. ഞാന്‍ അത്തരത്തില്‍ നടന്‍മാരെ ട്രോള്‍ ചെയ്യുന്നത് കണ്ടിട്ടില്ല.

പൂര്‍ണമായും ഇല്ലെന്നല്ല എന്നാലും കുറവാണ്. അതുകൊണ്ട് തന്നെ സ്ത്രികള്‍ക്ക് ഭയമാണ്. എന്ത് പറഞ്ഞാലും ട്രോള്‍ ചെയ്യപ്പെടുമെന്ന് അവര്‍ ഭയക്കുന്നു. മലയാളത്തിലെ ഏറ്റവും നല്ല ഒരു നടി അവര്‍ പങ്കെടുത്ത അഭിമുഖത്തില്‍ കാല് കയറ്റി വെച്ച് ഇരുന്നതിന് വിമര്‍ശിക്കപ്പെട്ടിരുന്നു.

കാല് കയറ്റി വെച്ച് ഇരിക്കാന്‍ തന്നെയാണ് സുഖം. അതിന് കമന്റ്‌സ് പറയുന്നവരോട് തിരിച്ച് എന്ത് പറയാനാണ്. അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അവര്‍ ഇരിക്കേണ്ട. അല്ലാതെ മറുപടി കൊടുത്തത് കൊണ്ട് കാര്യമില്ല. ഇതൊന്നും മെയില്‍ ആക്ടേര്‍സിന് ഇല്ല,” ആര്‍ഷ ബൈജു പറഞ്ഞു.

content highlight: actress arsha baiju is talking about people’s opinions on movies with women in lead roles