നടിയോട് മോശം പെരുമാറ്റം: ഷെറിന്‍ സ്റ്റാന്‍ലിയെ അനിശ്ചിത കാലത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു
Kerala News
നടിയോട് മോശം പെരുമാറ്റം: ഷെറിന്‍ സ്റ്റാന്‍ലിയെ അനിശ്ചിത കാലത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th October 2018, 11:13 pm

കൊച്ചി: മമ്മൂട്ടിയുടെ “പുള്ളിക്കാരന്‍ സ്റ്റാറാ” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്ന യുവനടി അര്‍ച്ചന പത്മിനിയുടെ പരാതിയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ അച്ചടക്ക നടപടി. ഷെറിനെ അനിശ്ചിത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു.

നടി നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ് പ്രൊഡക്ഷന്‍ യൂണിയനും ഫെഫ്കയും നടപടിയെടുത്തത്. ഷെറിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ബാദുഷ അടക്കമുള്ളവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. പ്രൊഡക്ഷന്‍ യൂണിയന്റെ സെക്രട്ടറിയേയും പ്രസിഡന്റിനേയും വിളിച്ച് വരുത്തി വിശദീകരണം തേടിയതായും ഫെഫ്ക ഭാരവാഹികളും അറിയിച്ചിട്ടുണ്ട്.


നേരത്തെ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷെറിനെതിരെ നടപടിയെടുത്തിരുന്നുവെങ്കിലും പിന്നീട് സംഘടനയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു. ഷെറിനെതിരായ അര്‍ച്ചനയുടെ ആരോപണം ശരിയാണെന്നും അദ്ദേഹത്തിന് അബദ്ധം സംഭവിച്ചതാണെന്നും ബാദുഷ വ്യക്തമാക്കിയിരുന്നു.

അര്‍ച്ചനയുടെ പരാതിയില്‍ ഷെറിനെതിരെ നടപടിയെടുത്തെന്ന ഫെഫ്കയുടെ വാദം ബാദുഷ തള്ളിയിരുന്നു. ഷെറിന്‍ ഇപ്പോഴും സിനിമയില്‍ സജീവമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഫെഫ്ക നടപടി സ്വീകരിച്ചത്.

പ്രൊഡക്ഷന്‍ അസിസ്റ്റന്റിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഫെഫ്ക ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണനോടും സിബി മലയിലിനോടും പല തവണ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നായിരുന്നു നടി അര്‍ച്ചനയുടെ ആരോപണം.


മമ്മൂട്ടിയുടെ “പുള്ളിക്കാരന്‍ സ്റ്റാറാ” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷെറിന്‍ സ്റ്റാന്‍ലി തന്നോട് മോശമായി പെരുമാറയെന്ന് ഡബ്യൂ.സി.സി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അര്‍ച്ചന പറഞ്ഞിരുന്നു. ഇതിനെതിരെ ഫെഫ്കയ്ക്ക് പരാതി നല്‍കി.

സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനാണ് പരാതി സ്വീകരിച്ചത്. സിബി മലയില്‍, സോഹന്‍ സിനുലാല്‍ തുടങ്ങിയവര്‍ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. സിനിമയില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടു. എന്നാല്‍ തന്നോട് മോശമായി പെരുമാറിയ ആള്‍ ഇപ്പോഴും സിനിമയില്‍ സജീവമാണെന്നും അര്‍ച്ചന ആരോപിച്ചിരുന്നു