ശബ്ദങ്ങള്‍ തിരിച്ചറിയുന്നതിലും അവ അക്ഷരങ്ങളായും വാക്കുകളുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡീകോഡിങ് ചെയ്ത് പഠിക്കുന്നതിലുമുള്ള പ്രശ്നം കാരണം വായിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു പഠന വൈകല്യമാണ് ഡിസ്‌ലെക്‌സിയ (Dyslexia) അഥവാ ലേണിങ് ഡിസബിലിറ്റി (learning disability). താനും ഇത്തരത്തിലുള്ള സ്‌റ്റേജിലൂടെ കടന്നുവന്ന ആളാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അര്‍ച്ചന കവി.
ഐ ആം വിത്ത് ധന്യ വര്‍മ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
ദല്‍ഹിയില്‍ സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് നേരിട്ട പ്രശ്‌നങ്ങളും അത് തരണം ചെയ്ത രീതിയെ കുറിച്ചുമൊക്കെയാണ് അര്‍ച്ചന അഭിമുഖത്തില്‍ സംസാരിക്കുന്നത്.
”എന്റെ കിന്റര്‍ഗാര്‍ട്ടന്റെ റിപ്പോര്‍ട്ട് കാര്‍ഡില്‍ Failed for Hindi എന്ന് എഴുതിയിരുന്നു, അതും ഞാന്‍ ദല്‍ഹിയിലായിരുന്നപ്പോള്‍. ഞാന്‍ മാത്‌സിലും വളരെ ലോ ആയിരുന്നു.
ഞാന്‍ ചെറിയ കുട്ടിയായിരുന്നല്ലോ. എല്ലാവരുടെയും റിപ്പോര്‍ട്ട് കാര്‍ഡില്‍ നീല മഷി കൊണ്ടാണ് എഴുതിയിരിക്കുന്നത്. എനിക്ക് മാത്രം റെഡ് കളറില്‍. ആ ഇത് കൊള്ളാലോ എന്നായിരുന്നു എനിക്ക്. പരീക്ഷയില്‍ തോറ്റതാണെന്ന് പോലും ഞാന്‍ മനസിലാക്കിയില്ല.
ക്ലാസില്‍ ബ്ലാക്ക് ബോര്‍ഡില്‍ അക്ഷരങ്ങള്‍ എഴുതിയിട്ട് ഓരോ കുട്ടികളെയും കൊണ്ട് വായിപ്പിക്കും. എന്റെ മുമ്പ് പോയ കുട്ടി വായിക്കുന്നത് കേട്ടിട്ടായിരിക്കും ഞാന്‍ പറഞ്ഞുനോക്കുക. അങ്ങനെ എങ്ങനെയെങ്കിലുമൊക്കെ അതില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
ആ വാക്കുകളൊക്കെ എന്താണെന്ന് എനിക്ക് ഒരു ഐഡിയയുമില്ലായിരുന്നു. കിന്റര്‍ഗാര്‍ട്ടന്‍ ആയതുകൊണ്ട് അത് വലിയ രീതിയില്‍ ബാധിച്ചില്ല എന്നാണ് തോന്നുന്നത്.
പിന്നീട് സ്‌കൂളിലെത്തിയപ്പോള്‍ റീഡിങ് അസൈന്‍മെന്റ് തരുമല്ലോ. റോള്‍ നമ്പര്‍ പ്രകാരം ഓരോ പാരഗ്രാഫായിരിക്കും വായിപ്പിക്കുക. ഞാന്‍ ഇരുന്ന് എന്റെ പാരഗ്രാഫ് ഏതായിരിക്കുമെന്ന് കണക്കുകൂട്ടി നോക്കും. ഏതെങ്കിലും ഫ്രണ്ടിനോട് അത് വായിച്ചുതരാന്‍ പറയും. അത് കേട്ട് ഓര്‍മിച്ചുവെക്കും. വാക്ക് മൊത്തത്തില്‍ എന്താണെന്ന് അറിയില്ലെങ്കിലും ആ സൗണ്ട് മനസിലാക്കും അങ്ങനെ കണക്ട് ചെയ്യും, നോക്കി പഠിച്ചുവെക്കും.
ഒരു കുട്ടിയെങ്ങാന്‍ പുറത്തേക്കിറങ്ങി പോയാല്‍ ആ പാരഗ്രാഫ് കണക്കുകൂട്ടല്‍ തെറ്റും. അപ്പൊ ഞാന്‍ മരവിച്ച പോലെയാകും. ഭയങ്കര ആന്‍ക്‌സൈറ്റിയാകും. പക്ഷെ എന്റെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ വളരെ നല്ലതായിരുന്നു. ആരും എന്നെ ഒരിക്കല്‍ പോലും കളിയാക്കിയിട്ടില്ല.
ഇത് എന്റെ 12ാം ക്ലാസ് വരെ തുടര്‍ന്നു. ഇപ്പോഴും ആരെങ്കിലും എന്തെങ്കിലും പെട്ടെന്ന് വായിക്കാന്‍ തന്നാല്‍ എനിക്ക് ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ഞാന്‍ തിയേറ്റര്‍ ചെയ്യാത്തതും. കാരണം അതില്‍ ഇരുന്ന് സ്‌ക്രിപ്റ്റ് പഠിക്കണമല്ലോ, അതെനിക്ക് പറ്റില്ല. അതെനിക്ക് പരിചയമുള്ള വാക്കുകളാണെങ്കിലും.
ഇപ്പൊ സീരിയല്‍ ചെയ്യുമ്പോഴും എനിക്ക് ആരെങ്കിലും വായിച്ച് പറഞ്ഞുതരണം. വായിക്കാന്‍ ബുദ്ധിമുട്ടാണ്.
താരെ സമീന്‍ പര്‍ (Taare Zameen Par) സിനിമ കണ്ടിട്ടാണ് എനിക്ക് ഈ പ്രശ്‌നമുണ്ടെന്ന് തിരിച്ചറിഞ്ഞത്. അതിലെ കുട്ടിയുടെ കഥാപാത്രത്തെ വീട്ടുകാര് കണ്ടപ്പോള്‍, ‘ഏ അത് തന്നെയല്ലേ ഇവളും,’ എന്ന ലൈനായിരുന്നു അച്ഛന്‍.
ഞാന്‍ ഒരിക്കലും പെര്‍ഫക്ടല്ല. എന്റെ റീഡിങ് ഡിസബിലിറ്റിയെ കുറിച്ച് ഞാന്‍ ആദ്യമായാണ് ഇങ്ങനെ പബ്ലിക്കായി തുറന്ന് സംസാരിക്കുന്നത്. ഇങ്ങനെയും ആളുകളുണ്ടെന്ന് ജനങ്ങള്‍ മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,” അര്‍ച്ചന കവി പറഞ്ഞു.
നീലത്താമര, മമ്മി ആന്‍ഡ് മി എന്നീ സിനിമകളുലൂടെയാണ് അര്‍ച്ചന മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. നിലവില്‍ റാണി രാജ എന്ന ടെലിവിഷന്‍ സീരിയലിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Content Highlight: Actress Archana Kavi talks about the learning disability she faces