എല്ലാവരും വിവാഹം കഴിച്ചുതന്നെ ജീവിക്കണം എന്ന് നിര്‍ബന്ധമില്ലെന്നും എല്ലാവരും ചെയ്യുന്നു എന്നുകരുതി നമ്മളും എടുത്തുചാടി ഒരു കാര്യവും ചെയ്യേണ്ടതില്ലെന്നും നടി അര്‍ച്ചന കവി. സന്തോഷവും സമാധാനവും ലഭിക്കുന്ന നിലയില്‍ ജീവിക്കുകയാണ് പ്രധാനമെന്നും താരം പറഞ്ഞു.
വനിതക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും വിവാഹജീവിതം വേര്‍പിരിഞ്ഞതിനെ കുറിച്ചും സംസാരിക്കവെയായിരുന്നു താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
”വിവാഹശേഷം ഞാന്‍ മുംബൈയിലായിരുന്നു. അച്ഛനെയും അമ്മയെയും കാണാന്‍ ദല്‍ഹിയിലെത്തിയ സമയത്ത് അമ്മയോടൊപ്പം പള്ളിയില്‍ പോയി. കുര്‍ബാന നടക്കുന്നതിനിടക്ക് എനിക്ക് സങ്കടം വരാന്‍ തുടങ്ങി, ഏറ്റവും വേണ്ടപ്പെട്ടൊരാള്‍ മരിച്ചാല്‍ തോന്നുന്നത്ര സങ്കടം.
അന്ന് വീട്ടിലെത്തിയ ശേഷം ദിവസം മുഴുവന്‍ നിര്‍ത്താതെ കരഞ്ഞു. ഈ അവസ്ഥ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്ന് അന്ന് തോന്നി.
അമ്മ എന്നെ ഗൈനക്കോളജിസ്റ്റിന്റെയടുത്ത് കൊണ്ടുപോയി. ഭര്‍ത്താവ് അബീഷ് മാത്യുവുമായി ചേര്‍ന്നുപോകാന്‍ പറ്റുന്നില്ല എന്ന് തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു അത്.
ഇപ്പോള്‍ കുഞ്ഞല്ല, സൈക്യാട്രിസ്റ്റിന്റെ സഹായമാണ് വേണ്ടത് എന്ന് ഞാന്‍ പറഞ്ഞു. അബീഷ് മാനസിക പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന ആള്‍ തന്നെയായിരുന്നു. കുട്ടിക്കാലത്തേ ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നല്ലോ.
പക്ഷെ ഒരുമിച്ചുള്ള ജീവിതത്തിന് സൗഹൃദം മാത്രം പോരാ അതിനപ്പുറം ചില കാര്യങ്ങള്‍ കൂടി വേണമെന്ന് വിവാഹം കഴിഞ്ഞപ്പോഴാണ് മനസിലായത്. വിവാഹജീവിതത്തെ കുറിച്ചുള്ള രണ്ട് പേരുടെയും സങ്കല്‍പങ്ങള്‍ തമ്മില്‍ ചേര്‍ന്നാലെ നല്ലൊരു ജീവിതം സാധ്യമാകൂ.
ഞാന്‍ വൈകാരികതയോടെ കാര്യങ്ങളെ കാണുന്ന ആളാണ്. അബീഷ് പ്രായോഗികമായി ചിന്തിക്കുന്നയാളും. ജോലിത്തിരക്കുകള്‍ക്കിടയില്‍ വല്ലപ്പോഴും മാത്രം പരസ്പരം കണ്ടാല്‍ മതി എന്നതാണ് അബീഷിന്റെ കാഴ്ചപ്പാട്. അത് പോര എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.
രണ്ട് ചിന്തയും ശരിയാണ്. ചേരുന്നില്ല എന്നതാണ് പ്രശ്‌നം.
വേര്‍പിരിഞ്ഞെങ്കിലും ഞങ്ങളുടെ ജീവിതം തികച്ചും മോശമായിരുന്നു എന്ന് പറയാനാകില്ല. ഒരുപാട് നല്ല അനുഭവങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ പരസ്പരം വെറുക്കുകയോ ചളി വാരിയെറിയുകയോ ചെയ്യേണ്ട അവസ്ഥയില്ല.
അനുഭവത്തിന്റെ വെളിച്ചത്തില്‍ വിവാഹം ഇന്നെന്നെ അല്‍പം ഭയപ്പെടുത്തുന്ന കാര്യമാണ്. എല്ലാവരും വിവാഹം കഴിച്ചുതന്നെ ജീവിക്കണം എന്ന് നിര്‍ബന്ധമില്ല. ഭാവിയില്‍ മനസ് പാകപ്പെട്ടാല്‍ ഒരു ബന്ധത്തിലേക്ക് പോകില്ല എന്നും പറയാനാകില്ല.
എല്ലാവരും ചെയ്യുന്നു എന്നുകരുതി നമ്മളും എടുത്തുചാടി ഒരു കാര്യവും ചെയ്യേണ്ടതില്ല. സന്തോഷവും സമാധാനവും ലഭിക്കുന്ന നിലയില്‍ ജീവിക്കുകയേ വേണ്ടൂ,” അര്‍ച്ചന കവി പറഞ്ഞു.
Content Highlight: Actress Archana Kavi about marriage