| Saturday, 9th April 2022, 2:39 pm

വിജയ് സാര്‍ അടുത്ത് വരുമ്പോള്‍ ഞാന്‍ ബോധം കെട്ടുവീഴുമെന്ന് അവന്‍ പറഞ്ഞുകൊണ്ടേയിരുന്നു, നീയെന്നെ നാറ്റിക്കരുതെന്ന് ഞാനും; രസകരമായ അനുഭവം പങ്കുവെച്ച് അപര്‍ണ ദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനാകുന്ന ബീസ്റ്റ്. മലയാളികളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും മലയാളികളെ സംബന്ധിച്ച് പ്രതീക്ഷ കൂട്ടുന്ന ഘടകങ്ങളാണ്.

വിജയ് നായകനാകുന്ന ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത് തന്നെ സംബന്ധിച്ച് സ്വപ്‌നതുല്യമായ ഒരു ഭാഗ്യമായിരുന്നെന്നാണ് നടി അപര്‍ണ പറയുന്നത്. വിജയ്‌യെ നേരിട്ട് കണ്ട് സംസാരിക്കാന്‍ പറ്റിയിട്ടും തനിക്കത് വിശ്വസിക്കാനായില്ലെന്നും താരം പറയുന്നുണ്ട്.

ഒപ്പം വിജയുടെ കടുത്ത ആരാധകനായ തന്റെ ഒരു സുഹൃത്തിനെ ബീസ്റ്റിന്റെ ലൊക്കേഷനിലെത്തിച്ച് വിജയ്‌യെ പരിചയപ്പെടുത്തിയ രസകരമായ ഒരു അനുഭവവും താരം ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

‘എന്റെ അടുത്ത സുഹൃത്തുണ്ട്. രാഹുല്‍. അവന്‍ വിജയുടെ ബിഗ് ഫാനാണ്. ബീസ്റ്റില്‍ അവസരം കിട്ടിയപ്പോള്‍ എന്റെ ഫാമിലിയില്‍ അല്ലാതെ ഞാന്‍ ആദ്യം ഈ വിവരം പറഞ്ഞത് അവനോടാണ്. ആരോടും നീ ഈ വിവരം ഇപ്പോള്‍ പറയരുതെന്നും അവര്‍ അത് അനൗണ്‍സ് ചെയ്ത ശേഷം പറയാമെന്നും അവനോട് പറഞ്ഞു.

അങ്ങനെ ഷൂട്ട് തുടങ്ങിയ ശേഷം ഒരു ദിവസം അവന്‍ വിജയ് സാറിനെ കാണാന്‍ ചെന്നൈയിലേക്ക് വന്നു. നാട്ടില്‍ നിന്ന് എന്റെ സുഹൃത്ത് വരുന്നുണ്ട്. സര്‍ ഫ്രീയാകുമ്പോള്‍ അവനെയൊന്ന് സാറിനെ മീറ്റ് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. ആ ഓക്കെ വരാന്‍ പറയൂ എന്ന് പറഞ്ഞു. അതുകഴിഞ്ഞ് അവന്‍ വന്നു. സര്‍ എന്നേയും അവനേയും സാറിന്റെ കാരവനിലേക്ക് വിളിച്ചു.

സാര്‍ തന്നെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇരിക്കാന്‍ കസേര ഇട്ടുതന്നു. സര്‍ വരുന്നതിന് മുന്‍പ് അവന്‍ എന്റെ അടുത്ത് പറയുന്നുണ്ടായിരുന്നു, എടോ ഞാന്‍ ബോധം കെട്ടുവീഴും ഞാന്‍ ബോധം കെട്ടുവീഴും എന്ന്. നീയെന്നെ നാറ്റിക്കരുത് പ്ലീസ് എന്ന് ഞാനും പറഞ്ഞു(ചിരി). അങ്ങനെ വിജയ് സാര്‍ വന്നു. ഞങ്ങള്‍ ഒരു പതിനഞ്ച് മിനുട്ടോളം അവിടെ ഇരുന്ന് സംസാരിച്ചു.

അദ്ദേഹം വളരെ സ്വീറ്റ് ആയിട്ടാണ് അവന്റെ അടുത്ത് സംസാരിച്ചത്. ഇതിനിടെ ഷോട്ട് റെഡി എന്ന് പറഞ്ഞ് ആള്‍ വന്ന് വിളിച്ചപ്പോള്‍ അഞ്ച് മിനുട്ടെന്ന് പറഞ്ഞ് അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. നാട്ടില്‍ നിന്ന് വന്ന ആളല്ലേ അവര്‍ക്ക് നമ്മള്‍ കൊടുക്കേണ്ട ഒരു ബഹുമാനം ഉണ്ടെന്ന നിലയ്ക്കാണ് അദ്ദേഹം അത് ചെയ്തത്. വലിയ തിരക്കുകളുണ്ടായിട്ടും അദ്ദേഹം അങ്ങനെ ഒരു സമയം മാറ്റിവെച്ചു. അവനാണെങ്കില്‍ വലിയ സന്തോഷമായി. നിന്നെക്കൊണ്ട് ജീവിതത്തില്‍ ആകെയുണ്ടായ ഉപകാരം ഇതാണെന്നായിരുന്നു എന്നോട് പറഞ്ഞത് (ചിരി), അപര്‍ണ പറയുന്നു.

നെല്‍സണ്‍ ദിലീപ്കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്യുന്നത്. സണ്‍ പിക്ചേഴ്സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഏപ്രില്‍ 14 നാണ് ബീസ്റ്റിന്റെ റിലീസ്.

ഏപ്രില്‍ രണ്ടിന് ചിത്രത്തിന്റെ ട്രെയ്ലറും പുറത്ത് വന്നിരുന്നു. ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്ത മാളില്‍ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പട്ടാളക്കാരനായ നായകനെയാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകളാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.

Content Highlight: Actress Aparna Share Funny Experiance with actor vijay

We use cookies to give you the best possible experience. Learn more