Entertainment news
സെറ്റില്‍ എന്തൊക്കെ നടക്കുന്നുണ്ടെന്ന് ചോദിച്ച് നൈല മെസേജ് അയക്കും, സേഫാണെന്ന് ഞാന്‍ പറയും; 'പ്രിയന്‍ ഓട്ടത്തിലാണ്' വിശേഷങ്ങളുമായി അപര്‍ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 24, 04:10 am
Friday, 24th June 2022, 9:40 am

ഷറഫുദ്ദീന്‍, അപര്‍ണ ദാസ്, നൈല ഉഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം പ്രിയന്‍ ഓട്ടത്തിലാണ് റിലീസിനൊരുങ്ങിയിരിക്കുകയാണ്. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 24ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്.

ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കൗമുദിമൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ ദാസ്. സിനിമയുടെ സെറ്റിലെ വിശേഷങ്ങളും നൈലയും ഷറഫുദ്ദീനുമായുള്ള അടുപ്പത്തെക്കുറിച്ചുമൊക്കെയാണ് അപര്‍ണ സംസാരിക്കുന്നത്.

സെറ്റില്‍ എന്തെങ്കിലും തമാശകള്‍ ഉണ്ടാകാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അപര്‍ണ. ചിത്രത്തിലെ നായകന്‍ ഷറഫുദ്ദീനും സംവിധായകന്‍ ആന്റണി സോണിയും തമ്മിലുള്ള രസകരമായ നിമിഷങ്ങളെക്കുറിച്ചാണ് അപര്‍ണ പറയുന്നത്.

”എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ ഉണ്ടാകും. നൈലയ്ക്ക് ഞങ്ങളുടെ സമയത്ത് ഷൂട്ട് ഉണ്ടാവില്ല. നൈല എനിക്ക് എപ്പോഴെങ്കിലുമൊക്കെ മെസേജ് അയക്കും, അവിടെ സെറ്റില്‍ എന്തൊക്കെ സംഭവങ്ങള്‍ നടക്കുന്നുണ്ട് എന്ന് ചോദിക്കും.

അപ്പൊ ഞാന്‍ പറയും, ഞാന്‍ സേഫാണ് എന്ന്. തമാശക്ക് നമ്മള്‍ കളിയാക്കുന്നതാണ്. ഷറഫുക്കയും സോണി ചേട്ടനും എപ്പോഴും തോളില്‍ കയ്യിട്ട് നടക്കും. എനിക്കും ഷറഫുക്കക്കും എന്തെങ്കിലും കപ്പിള്‍ സീന്‍സ് ഉണ്ടെങ്കില്‍ അത് സോണിച്ചേട്ടന്‍ ഷറഫുക്കയുടെ കൂടെ അഭിനയിച്ച് കാണിക്കും.

അപ്പൊ ഞാന്‍ പറയും, അത്ര അടുപ്പം വേണ്ട, കുറച്ച് ഗ്യാപ്പിട്ട് നിന്നോ, എന്ന് (ചിരി). അതുപോലെ ഇവര് ചിലപ്പൊ അടുത്തടുത്ത് ഇരിക്കുകയാണെങ്കില്‍ എന്താ ഷറഫേ എന്ന് സോണിച്ചേട്ടന്‍ ചോദിക്കും.

ഹേ എന്തായിത്, എന്ന് ഞാന്‍ ചോദിക്കും. അങ്ങനെ ഞങ്ങള്‍ കളിയാക്കും. ഞാന്‍ പറയും ഞാന്‍ സെറ്റില്‍ സേഫായിരുന്നു. അവര് തമ്മിലായിരുന്നു എല്ലാ ഡിങ്കോള്‍ഫിയും.

എന്നെ ആരും അങ്ങനെ ഉപദ്രവിച്ചിട്ടില്ല. തമാശക്ക് കളിയാക്കുമായിരുന്നു എന്നുമാത്രം. അങ്ങനെ കുറേ ട്രോളിങ്ങും പരിപാടിയുമെല്ലാം സെറ്റിലുണ്ടായിരുന്നു. ഷൂട്ടിങ് ഫുള്‍ എന്‍ജോയ് ചെയ്തു,” അപര്‍ണ ദാസ് പറഞ്ഞു.

ബിജു സോപാനം, ഹക്കിം ഷാജഹാന്‍, സുധി കോപ്പ, ജാഫര്‍ ഇടുക്കി, സ്മിനു സിജോ, ഹരിശ്രീ അശോകന്‍, ഷാജു ശ്രീധര്‍, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, കൂക്കില്‍ രാഘവന്‍, ഹരീഷ് പെങ്ങന്‍, അനാര്‍ക്കലി മരക്കാര്‍ എന്നിവരാണ് പ്രിയന്‍ ഓട്ടത്തിലാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി.എന്‍. ഉണ്ണികൃഷ്ണന്‍ നിര്‍വഹിക്കുന്നു. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം എഴുതിയത്.

Content Highlight: Actress Aparna Das about the shooting set of Priyan Ottathilanu movie