അത് മനസിലാക്കാതെ, എന്തൊരു വണ്ണമാ വെച്ചേക്കുന്നേ എന്ന് ആളുകള്‍ പറയും, കേള്‍ക്കുമ്പോള്‍ ഇറിട്ടേഷനാണ്: അപര്‍ണ ബാലമുരളി
Film News
അത് മനസിലാക്കാതെ, എന്തൊരു വണ്ണമാ വെച്ചേക്കുന്നേ എന്ന് ആളുകള്‍ പറയും, കേള്‍ക്കുമ്പോള്‍ ഇറിട്ടേഷനാണ്: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th January 2023, 10:50 pm

വണ്ണം വെച്ചുവെന്ന് പറഞ്ഞ് തന്നോട് ആളുകള്‍ പങ്കുവെക്കുന്ന ആശങ്കകളെ പറ്റി പറയുകയാണ് നടി അപര്‍ണ ബാലമുരളി. വണ്ണത്തിന്റെ പേരില്‍ ആളുകള്‍ തന്നെ ഒന്നുമറിയാതെ ഉപദേശിക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്ന് അപര്‍ണ പറഞ്ഞു. ആരോഗ്യവതി ആയിരിക്കണമെന്നുണ്ടെന്നും അല്ലാതെ കാഴ്ചക്ക് വേണ്ടി വണ്ണം കുറയ്ക്കണമെന്ന് തനിക്കിതുവരെ തോന്നിയിട്ടില്ലെന്നും ക്ലബ്ബ് എഫ്.എം യു.എ.ഇക്ക് നല്‍കിയ അഭിമുഖത്തില്‍ അപര്‍ണ പറഞ്ഞു.

‘എന്നെ കാണുമ്പോള്‍ ചിലര്‍ വണ്ണത്തിന്റെ കാര്യം പറയും. അത് കേട്ട് വിഷമിച്ച് ഞാന്‍ വീണ്ടും വണ്ണം വെക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ആരും വേണമെന്ന് വിചാരിച്ചിട്ടല്ല വണ്ണം വെക്കുന്നത്. ഞാന്‍ മഹേഷിന്റെ പ്രതികാരം ചെയ്യുന്നത് 20ാമത്തെ വയസിലാണ്. ഇപ്പോള്‍ എനിക്ക് 27 വയസുണ്ട്. സ്വഭാവികമായി എനിക്ക് ഒരുപാട് മാറ്റം വരും. അത് മനസിലാക്കുന്നതിന് പകരം അവര്‍ ഇങ്ങോട്ട് വന്നു പറയും ‘അയ്യോ എന്തൊരു വണ്ണമാ വെച്ചേക്കുന്നേ’ എന്ന്. ഒരു ബാക്ഗ്രൗണ്ട് ചെക്കുമില്ലാതെ ആളുകള്‍ ഇങ്ങോട്ട് വന്നു ‘ഭയങ്കര തടി വെച്ചല്ലോ’ എന്ന് ഇങ്ങനെ വന്നു പറയുമ്പോള്‍ അസ്വസ്ഥത ഉണ്ടാക്കും.

സിനിമയില്‍ അഭിനയിക്കുമ്പോഴും കുറെ പേര്‍ പറഞ്ഞിട്ടുണ്ട് തടി മെയ്‌ന്റെയ്ന്‍ ചെയ്യണമെന്ന്. അതെനിക്ക് മനസിലാവും. പക്ഷെ ഇപ്പോള്‍ സിനിമയില്‍, മാത്രമല്ല സ്‌കൂളില്‍ വരെയുണ്ട് ഈ പിയര്‍ പ്രെഷര്‍. ചിലര്‍ ചപ്പാത്തി കഴിക്കാന്‍ പറയും. കോളേജ് ഹോസ്റ്റലില്‍ വെച്ച് ചപ്പാത്തി വെറുത്തതാണ്. അമ്മ എപ്പോഴും പറയും, എനിക്ക് കുറച്ച് ചോറും തൈരും അച്ചാറും കിട്ടിക്കഴിഞ്ഞാല്‍ ഞാന്‍ എവിടെ വേണെമെങ്കിലും ജീവിച്ചോളുമെന്ന്.

എനിക്ക് നല്ല ഹെല്‍ത്തി ആയിരിക്കണമെന്ന് ആഗ്രഹമുണ്ട്. അതില്‍ ഞാന്‍ കുറച്ച് പുറകോട്ടാണ്. അല്ലാതെ അതിനപ്പുറത്തേക്ക്, കാഴ്ചക്ക് വേണ്ടി തടി കുറക്കില്ല,’ അപര്‍ണ പറഞ്ഞു.


ജി.ആര്‍. ഇന്ദുഗോപന്‍ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത കാപ്പയാണ് താരത്തിന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. കാപ്പയില്‍ പ്രമീള എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ ഒരു കാലത്ത് അഴിഞ്ഞാടിയിരുന്ന ക്വട്ടേഷന്‍ ഗ്യാങ്ങുകളുടെ തീരാത്ത കുടിപ്പകയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജ് സുകുമാരന്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Actress Aparna Balamurali talks about the concerns people share with her