മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവം പറയുകയാണ് ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി. മമ്മൂട്ടിയെക്കുറിച്ച് താന്‍ അതുവരെ കേട്ട കാര്യങ്ങളില്‍ നിന്നും വിപരീതമായ അനുഭവമാണ് തനിക്കുണ്ടായതെന്ന് പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിനോട് അപര്‍ണ പറഞ്ഞു.
”മമ്മൂക്കയുടെ അടുത്ത് എനിക്ക് ഭയങ്കര ആരാധനയാണ്. ഞാനാദ്യമായിട്ട് മമ്മൂക്കയെ കാണുന്നത് ഒരു ഫോട്ടോഷൂട്ടിലാണ്. പുതുതായി സിനിമയിലേക്കെത്തിയവരോടൊപ്പം മമ്മൂക്ക നില്‍ക്കുന്ന ഒരു ഫോട്ടോയ്ക്കായിരുന്നു ഞാന്‍ അന്ന് പോയത്.
എന്നെയാണ് ലാസ്റ്റ് അവര്‍ റെഡിയാക്കിയത്. എല്ലാവരും മമ്മൂക്കയെ പോയി കണ്ടു എനിക്ക് മാത്രം അതിന് പറ്റിയില്ല. എനിക്ക് ആ സമയത്ത് ഭയങ്കര ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ മമ്മൂക്ക അത് കഴിഞ്ഞ് എന്റെ അടുത്ത് വന്നു. അവിടെ വെച്ച് അദ്ദേഹം എന്നെ അഡ്രസ് ചെയ്തു.
എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമായിരുന്നു. നമ്മള്‍ പലപ്പോഴും കേള്‍ക്കുന്ന കാര്യമാണ് മമ്മൂക്കക്ക് ഭയങ്കര ജാഡയാണെന്ന്. അതുമൊത്തം ഇല്ലാതാക്കിയ നിമിഷമായിരുന്നു അന്നുണ്ടായത്.
മമ്മൂക്ക എപ്പോഴും അങ്ങനെയാണ്. ഇപ്പോള്‍ നമ്മള്‍ ‘അമ്മ’ ഷോസിനൊക്കെ പോകുമ്പോള്‍ അദ്ദേഹം അവിടെ ഒരു കുടുംബത്തിന്റെ അന്തരീക്ഷം കൊണ്ടുവരും.
എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട് ഒരു നടനെന്ന നിലയില്‍ എങ്ങനെയാണ് അദ്ദേഹം കഥാപാത്രങ്ങളില്‍ ഇത്രയും വേരിയേഷന്‍സ് കൊണ്ടുവരുന്നതെന്ന്. ഈ ഒരു കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് ഞാന്‍ വിചാരിക്കും,” അപര്‍ണ പറഞ്ഞു.
മമ്മൂട്ടിയുടെ പുതിയ ചിത്രമായ റോഷാക്ക് വലിയ വിജയമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റോഷാക്കിന്റെ റിലീസിന് പിന്നാലെ മമ്മൂട്ടിയുടെ കഥാപാത്ര തെരഞ്ഞെടുപ്പും നിര്‍മിക്കാന്‍ തീരുമാനിക്കുന്ന സിനിമകളുടെ പ്രമേയവുമെല്ലാം വലിയ ചര്‍ച്ചയാകുന്നുണ്ട്.
മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.പുഴുവിലെയും റോഷാക്കിലെയും റിലീസിനൊരുങ്ങുന്ന നന്‍ പകല്‍ നേരത്തിലെയുമെല്ലാം കഥാപാത്രങ്ങളെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വരുന്നത്.
അതേസമയം സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ഇനി ഉത്തരമാണ് അപര്‍ണയുടെ റിലീസ് ചെയ്ത പുതിയ ചിത്രം. ജാനകി എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിച്ചത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, ഹരീഷ് ഉത്തമന്‍, സിദ്ദാര്‍ഥ് മേനോന്‍ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
Content Highlight: Actress Aparna Balamurali talking about The experience of seeing Mammootty for the first time