| Sunday, 9th October 2022, 11:13 pm

ലാലേട്ടന്‍ അന്ന് വിളിച്ചത് അവാര്‍ഡ് കിട്ടിയ പോലെയാണ്; അദ്ദേഹത്തോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്: അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരം റിലീസ് ചെയ്ത സമയത്ത് അഭിനന്ദിക്കാന്‍ മോഹന്‍ലാല്‍ വിളിച്ചതിന്റെ അനുഭവം പങ്കുവെച്ച് നടി അപര്‍ണ ബാലമുരളി.

പോപ്പര്‍സ്റ്റോപ്പ് മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലാലേട്ടനെ കുറിച്ച് മനസില്‍ വരുന്ന ഒരു ഓര്‍മയും അദ്ദേഹത്തോട് ചോദിക്കണം എന്ന് കരുതുന്ന ചോദ്യവുമെന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”മഹേഷിന്റെ പ്രതികാരം കഴിഞ്ഞപ്പോള്‍ അതിന്റെ പ്രൊഡ്യൂസര്‍ സന്തോഷ് അങ്കിള്‍ വഴി ലാലേട്ടന്‍ എന്നെ വിളിച്ചിരുന്നു. വിളിച്ചിട്ട് എന്നെ അഭിനന്ദിച്ച് ഒരുപാട് സംസാരിച്ചു. എനിക്കപ്പോള്‍ ഭയങ്കര ഒരു അവാര്‍ഡ് കിട്ടിയതിന്റെ തുല്യമായിരുന്നു.

കാരണം അതുപോലെ ഒരു നടന്‍, നമ്മള്‍ എപ്പോഴും സിനിമകള്‍ കണ്ട് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുള്ള ഒരു ആര്‍ടിസ്റ്റ് വിളിച്ച് അഭിനന്ദിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യമായിരുന്നു.

അത് കഴിഞ്ഞപ്പോള്‍ എനിക്ക് ലാലേട്ടനെ കാണണം എന്നുണ്ട് എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഞാനും അമ്മയും ഒരു ഫ്രണ്ടും കൂടെ അദ്ദേഹത്തെ കാണാന്‍ പോയി. ലാലേട്ടനെ കാണുകയും ഒരുമിച്ച് ലഞ്ച് കഴിക്കുകയുമൊക്കെ ചെയ്തു. അത് എനിക്ക് വലിയൊരു കാര്യമാണ്.

അദ്ദേഹത്തോട് എനിക്ക് ചോദിക്കാനുള്ളത്, എങ്ങനെയാണ് നമ്മളെ അത്ഭുതപ്പെടുത്തിയ ഈ കഥാപാത്രങ്ങളിലേക്ക്, കിരീടത്തിലേത് പോലുള്ള റോളുകളിലേക്ക് അന്നത്തെ കാലത്ത് എങ്ങനെയാണ് എത്തിയത്, എന്നാണ്. അന്നത്തെ സമയത്തെ തയ്യാറെടുപ്പുകളും പ്രതീക്ഷകളും എങ്ങനെയാണെന്നറിയാന്‍ ഞാന്‍ ഭയങ്കര ക്യൂര്യസാണ്,” അപര്‍ണ പറഞ്ഞു.

അതേസമയം, സുധ കൊങ്കര ചിത്രം സൂററൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിന്റെ നിറവിലാണ് ഇപ്പോള്‍ താരം.

സുധീഷ് ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ‘ഇനി ഉത്തരം’ ആണ് അപര്‍ണയുടേതായി ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത സിനിമ. ചിത്രം മികച്ച അഭിപ്രായം നേടിക്കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

Content Highlight: Actress Aparna Balamurali shares an experience with Mohanlal

Latest Stories

We use cookies to give you the best possible experience. Learn more