വാര്‍ത്തകളിലെ ക്യാപ്ഷനുകള്‍ വേദനയുണ്ടാക്കിയിട്ടുണ്ട്, ചിലത് ഇറിറ്റേഷനും: അപര്‍ണ ബാലമുരളി
Entertainment news
വാര്‍ത്തകളിലെ ക്യാപ്ഷനുകള്‍ വേദനയുണ്ടാക്കിയിട്ടുണ്ട്, ചിലത് ഇറിറ്റേഷനും: അപര്‍ണ ബാലമുരളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th September 2022, 10:20 pm

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അപര്‍ണ ബാലമുരളി. ചില ഓണ്‍ലൈന്‍ മീഡിയകളിലെ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ ബുദ്ധിമുട്ടുണ്ടാക്കിയതിനെക്കുറിച്ച് ഫിലിമിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറയുകയാണ് അപര്‍ണ.

”ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നും എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല. പക്ഷേ ന്യൂസ് വരുമ്പോഴുള്ള ചില ക്യാപ്ഷനുകള്‍ എന്നില്‍ ഭയങ്കര വേദനയുണ്ടാക്കിയിട്ടുണ്ട്. എന്തിനാണ് ആളുകളുടെ ശ്രദ്ധപിടിച്ച് പറ്റുന്ന രീതിയില്‍ ടൈറ്റില്‍ ഇടുന്നതെന്ന് ചിന്തിക്കാറുണ്ട്.

ചാനലുകള്‍ നല്ല ടൈറ്റിലില്‍ വാര്‍ത്ത കൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ അത് പോസ്റ്റ് ചെയ്യുന്നതായിരിക്കും. അതല്ലാതെ വെറും അറ്റന്‍ഷന്‍ പിടിച്ച് വാങ്ങുന്ന രീതിയിലുള്ള ടൈറ്റില്‍ മാത്രമാണ് ഇവര്‍ ഇടുന്നത്.

അത്തരം തലക്കെട്ട് കാണുമ്പോള്‍ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എപ്പോഴും തോന്നും. അതല്ലാതെ ബുദ്ധിമുട്ട് ഉണ്ടാക്കിയ മറ്റൊരു കാര്യം , സിനിമ എന്ന ഒരു ഫീല്‍ഡില്‍ നിന്ന് വരുമ്പോള്‍ അതിനെക്കുറിച്ച് ചോദിക്കാതെ കൂടുതലും പേഴ്‌സണല്‍ ആയിട്ടുള്ള ചോദ്യങ്ങളാണ് ചോദിക്കുക.

എന്നോട് ഒരിക്കല്‍ ആരോടെങ്കിലും ക്രഷ് ഉണ്ടോയെന്ന് എനിക്ക് അവാര്‍ഡ് കിട്ടിയതിന്റെ തലേ ദിവസത്തെ അഭിമുഖത്തില്‍ ചോദിച്ചിരുന്നു. ആ ഒരു സാഹചര്യത്തില്‍ അപ്രധാനമായ ചോദ്യം എന്തിനാണെന്ന് പോലും മനസിലായില്ല.

ചിലര്‍ ഒട്ടും റിസര്‍ച്ച് ചെയ്യാതെ എന്തെങ്കിലും ചോദിക്കും അതൊക്കെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഇതുപോലുള്ള അനുഭവങ്ങള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ചിലത് ഇറിറ്റേഷന്‍ ഉണ്ടാക്കുന്നതാണ്.

അവര്‍ കുറച്ച് കൂടെ നന്നായി റിസര്‍ച്ച് ചെയ്ത് അഭിമുഖത്തിന് വന്നിരുന്നെങ്കില്‍ നന്നായിരിക്കുമെന്ന് തോന്നുന്നു. പക്ഷേ നമ്മുടെ സിനിമയുടെ പ്രൊമോഷന് ഓണ്‍ലൈന്‍ മീഡിയ വളരെ ഗുണം ചെയ്യുന്നുണ്ട്.

എല്ലാം സോഷ്യല്‍ മീഡിയയില്‍ ആയത് കൊണ്ട് ഓണ്‍ലൈന്‍ മീഡിയ അത്യാവശ്യമാണ്. സിനിമകള്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ ഓണ്‍ലൈന്‍ മീഡിയ കുറേ സഹായിക്കുന്നുണ്ട്. കുറച്ച് കൂടെ നല്ല കണ്ടന്റുകള്‍ കൊണ്ടുവരാന്‍ നോക്കണം. ക്വാളിറ്റി കണ്ടന്റുകള്‍ കൊണ്ട് വരണം. പിന്നെ കുറച്ചൊക്കെ റിസര്‍ച്ച് ചെയ്ത് ചോദ്യങ്ങള്‍ ഉണ്ടാക്കണം,” അപര്‍ണ പറഞ്ഞു.

അതേസമയം, സുധീഷ് രാമചന്ദ്രന്‍ ആദ്യമായി ഇന്‍ഡിപെന്‍ഡന്‍ഡ് സംവിധായകനായി ഒരുക്കുന്ന ‘ഇനി ഉത്തരം’ എന്ന സിനിമയാണ് അപര്‍ണയുടെ പുതിയ ചിത്രം. അപര്‍ണ അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അപര്‍ണയുടെ നായകനായി എത്തുന്നത് സിദ്ധാര്‍ഥ് മേനോനാണ്.

Content Highlight: Actress Aparna balamurali said that Captions in the news have caused pain and some even irritation