പൊതുവേദിയിലെ മോശം പെരുമാറ്റത്തില്‍ പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി. വിനീത് ശ്രീനിവാസനും അപര്‍ണയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന തങ്കം എന്ന എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എറണാകുളം ലോ കോളേജില്‍ നടന്ന പരിപാടിക്കിടയിലായിരുന്നു സംഭവം.
നടിക്ക് പൂവ് സമ്മാനിക്കുവാനായി വേദിയില്‍ കയറിയ വിദ്യാര്‍ത്ഥി അപര്‍ണയുടെ കയ്യില്‍ പിടിച്ചു വലിച്ച് എഴുന്നേല്‍പ്പിക്കുകയും തുടര്‍ന്ന് തോളില്‍ കയറി പിടിക്കുകയുമായിരുന്നു. ഉടന്‍ അപര്‍ണ അതില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു. തുടര്‍ന്ന് ‘എന്തോന്നാടോ, ലോ കോളേജ് അല്ലെ’ എന്ന് അപര്‍ണ പറയുന്നുണ്ട്.
അപര്‍ണയ്ക്കൊപ്പം നടന് വിനീത് ശ്രീനിവാസന്, സംഗീത സംവിധായകന് ബിജിബാല്‍ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിദ്യാര്‍ത്ഥിയുടെ പെരുമാറ്റത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥി അപര്‍ണയോട് ക്ഷമ ചോദിക്കുന്നതും, പിന്നാലെ താന്‍ ഒന്നും ഉദ്ദേശിച്ച് ചെയ്തതല്ല എന്നും ആരാധകനായത് കൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും യുവാവ് വേദിയിലെത്തി പറയുന്നതും വീഡിയോയിലുണ്ട്. തുടര്‍ന്ന് അപര്‍ണക്ക് ഇയാള്‍ കൈകൊടുക്കാന്‍ ശ്രമിക്കുകയും നടി വിസമ്മതിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം ജനുവരി 26നാണ് റിലീസ് ചെയ്യുന്നത്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയമായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.