| Saturday, 28th January 2023, 7:36 pm

വിനീതേട്ടന്റെ ഉള്ളില്‍ ഒരു സൈക്കോ ഉണ്ടെന്ന് എപ്പോഴും വിചാരിക്കും, അതുകൊണ്ടെനിക്ക് സര്‍പ്രൈസ് തോന്നിയില്ല: അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമ കണ്ടിട്ട് തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലെന്ന് അപര്‍ണ ബാലമുരളി. വിനീതിന്റെ ഉള്ളില്‍ എപ്പോഴും സിനിമയില്‍ ഉള്ളത് പോലെ ഒരു സൈക്കോ ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അപര്‍ണ പറഞ്ഞു.

വിനീതിനേക്കാള്‍ ആ സിനിമ വേറെ ആര്‍ക്കും ചെയ്യാന്‍ പറ്റില്ലെന്ന് തനിക്ക് തോന്നിയെന്നും അപര്‍ണ പറഞ്ഞു. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ സിനിമ കണ്ടപ്പോള്‍ എന്താണെന്നോ വിചാരിച്ചത്, എനിക്ക് വിനീതേട്ടന്റെ ഉള്ളില്‍ ഇതുപോലെ ഒരു സൈക്കോ ഉണ്ടെന്നാണ് എപ്പോഴും തോന്നുക. വിനീതേട്ടനേക്കള്‍ നന്നായി ഈ സിനിമ ആര്‍ക്കും ചെയ്യാന്‍ പറ്റില്ല. വിനീതേട്ടന്റെ കുഞ്ഞിരാമായണം ഒക്കെ കണ്ടിട്ട് അതാണ് തോന്നിയത്.

അതുകൊണ്ട് തന്നെ മുകുന്ദന്‍ ഉണ്ണി കണ്ടിട്ട് എനിക്ക് സര്‍പ്രൈസ് ഒന്നും തോന്നീട്ടില്ല. നമ്മള്‍ കണ്ട് അങ്ങ് ആസ്വദിച്ചു. പക്ഷെ എനിക്ക് എപ്പോഴും തോന്നും വിനീതേട്ടനല്ലാതെ വേറെ ഒരാള്‍ക്കും ഈ കഥാപാത്രം നന്നായി ചെയ്യാന്‍ പറ്റില്ലെന്ന്,” അപര്‍ണ പറഞ്ഞു.

മുകുന്ദന്‍ ഉണ്ണി കണ്ടിട്ട് തന്റെ വൈഫിനും മൂത്തമ്മക്കും ആ സ്ഥാനത്ത് തന്നെ കാണാന്‍ പറ്റിയിരുന്നില്ലെന്നും വിനീത് പറഞ്ഞു.
”മുകുന്ദന്‍ ഉണ്ണി കണ്ടിട്ട് എന്റെ വൈഫ് ദിവ്യ പറഞ്ഞത്, അവള്‍ക്ക് എന്നെ ആ ഒരു ക്യാരക്ടറില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നാണ്. അവളുടെ കൂടെ പോയ നാലഞ്ച് കൂട്ടുകാര്‍ക്ക് പക്ഷെ പടം വല്ലാതെ ഇഷ്ടപ്പെട്ടു. അവള്‍ക്ക് തീരെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് പറഞ്ഞത്.

അതുപോലെ എന്റെ അമ്മയുടെ ചേച്ചി പോയിട്ട് സിനിമ കണ്ടു. മൂത്തമ്മ പോയി കണ്ടിട്ട് ഭയങ്കര കരച്ചിലായിരുന്നു. അവനെന്തിനാണ് ഇത്രയും ദുഷ്ടത്തരം ചെയ്യുന്നത്, ഇവന്‍ എങ്ങനെയുള്ള നല്ലമോനായിരുന്നു എന്നൊക്കെയാണ് പറഞ്ഞത്. ഞാന്‍ അതില്‍ ശരിക്കും അതൊക്കെ ചെയ്ത പോലെയാണ് മൂത്തമ്മ അതെല്ലാം കാണുന്നത്,” വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

തങ്കമാണ് വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ നിര്‍മിക്കുന്ന തങ്കം ജനുവരി 26നാണ് റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസന്‍, ബിജു മേനോന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. കൂടാതെ നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളായുണ്ട്.

തൃശൂരിലുള്ള മുത്ത്, കണ്ണന്‍ എന്നീ രണ്ട് സ്വര്‍ണ ഏജന്റുമാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഒരു ക്രൈം ഡ്രാമയായി എത്തുന്ന തങ്കം പറയുന്നത്.

content highlight: actress aparna balamurali about vineeth sreenivasan

We use cookies to give you the best possible experience. Learn more