| Friday, 7th October 2022, 12:18 pm

അവര്‍ എന്റെ കഥാപാത്രത്തെ കുറിച്ച് മാത്രം പറഞ്ഞു, ഒരുപാട് ചെയ്യാനുണ്ടാകുമെന്ന് ഞാനും കരുതി; സിനിമ പുറത്തിറങ്ങിയപ്പോഴാണ് അബദ്ധം മനസിലായത്: അപര്‍ണ ബാലമുരളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദേശീയ അവാര്‍ഡ് കിട്ടുന്നതിന് മുമ്പ് തന്നെ ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ തന്റെ കഥാപാത്രത്തിന് പ്രാധാന്യം വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നെന്ന് നടി അപര്‍ണ ബാലമുരളി.

ചുമ്മാ സ്‌ക്രീനില്‍ വന്ന് പോകാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്നും തന്നെ സംബന്ധിച്ച് അത് വര്‍ക്കാവില്ലെന്നും അപര്‍ണ ബാലമുരളി ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചുമ്മാ സ്‌ക്രീനില്‍ വന്ന് പോകുക എന്നത് എനിക്ക് പുള്‍ ഓഫ് ചെയ്യാന്‍ പറ്റുന്ന കാര്യമല്ല. എനിക്ക് എന്തെങ്കിലുമൊക്കെ പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രങ്ങളേ ഞാന്‍ സെലക്ട് ചെയ്യാറുള്ളൂ.

എന്റെ ലൈഫില്‍ ഒരു മാറ്റം വന്നത് ശരിക്കും സുരറൈ പോട്രുവിന് ശേഷമാണ്. സുരറൈ പ്രോടുവിന് മുമ്പും ശേഷവും എന്ന് തന്നെ രണ്ടായി തിരിക്കാം. അവാര്‍ഡിന്റെ കാര്യമല്ല പറയുന്നത്. എനിക്ക് തോന്നുന്നു എന്റെ ലൈഫിലെ ഏറ്റവും വലിയ ടേണിങ് പോയിന്റ് ആ സിനിമയായിരുന്നുവെന്ന്. അതിന്റെ ബാക്കിയായിരുന്നു അവാര്‍ഡ്.

ആ സിനിമ എന്നെ ഒരുപാട് മാറ്റിയിട്ടുണ്ട്. ഒരു വ്യക്തിയെന്ന നിലയിലും ആര്‍ടിസ്റ്റ് എന്ന നിലയിലുമെല്ലാം. ഒരുപാട് കാര്യങ്ങള്‍ ഇംപ്രൂവ് ചെയ്യാനുണ്ടെന്ന് പഠിക്കുന്നത് സുരറൈ പോട്രുവിലൂടെയാണ്, അപര്‍ണ പറഞ്ഞു.

മുമ്പ് തിരക്കഥ വായിക്കാതെ ഒരു സിനിമയില്‍ അഭിനയിച്ച് ഒടുവില്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ വിഷമം തോന്നിയ സംഭവം ഉണ്ടായിട്ടുണ്ടെന്നും അപര്‍ണ അഭിമുഖത്തില്‍ പറഞ്ഞു.

പൊതുവേ എല്ലാ സ്‌ക്രിപ്റ്റും വായിക്കുന്ന ആളാണ് ഞാന്‍. പണ്ടുതൊട്ടേ വായിക്കാറുണ്ട്. ഈ സിനിമയില്‍ എന്താണ് ഉണ്ടായതെന്ന് വെച്ചാല്‍ അവര്‍ നമ്മുടെ ഭാഗം മാത്രം പറഞ്ഞു. നമ്മള്‍ വലിയൊരു ഇമേജിനെ സൂം ചെയ്താല്‍ നമുക്ക് അത് മാത്രമേ കാണാന്‍ കഴിയൂ. സൂം ഔട്ട് ചെയ്ത് കഴിഞ്ഞാല്‍ മാത്രമേ നമ്മള്‍ അതില്‍ എത്ര ചെറുതാണെന്ന് കാണാന്‍ കഴിയുകയുള്ളൂ.

അപ്പോള്‍ ആ ഒരു എഫ്ക്ട് ആയിരുന്നു എനിക്ക്. എന്റെ കഥാപാത്രത്തെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു. ഒരുപാട് ചെയ്യാനുണ്ടെന്ന് ഞാന്‍ കരുതി. നല്ല സ്‌ക്രിപ്റ്റ് ആയിരുന്നു. പക്ഷേ ആ സിനിമ പൂര്‍ത്തിയാപ്പോള്‍ എനിക്കൊരു തൃപ്തി ഉണ്ടായിരുന്നില്ല. സിനിമ പുറത്തിറങ്ങിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ഡിസപ്പോയിന്റഡ് ആയിരുന്നു. അങ്ങനെ ഒരു അബദ്ധം പറ്റിയിട്ടുണ്ട്, അപര്‍ണ പറഞ്ഞു.

അതിന് ശേഷം മറ്റേതെങ്കിലും സിനിമയുടെ കാര്യത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അപര്‍ണയുടെ മറുപടി.

സാലറിയില്‍ പൂജ്യം കൂടിയോ എന്ന ചോദ്യത്തിന് കൂടിയിട്ടില്ലെന്നും പൂജ്യം കൂടുക എന്നത് ചെറിയ കാര്യമല്ലെന്നും അപര്‍ണ പറഞ്ഞു.

Content Highlight: Actress Aparna Balamurali About a less important Character on a Film

We use cookies to give you the best possible experience. Learn more