ഹോസ്റ്റലില്‍ കുടുങ്ങിയ കുട്ടികളെ അന്ന് എന്റെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചു, ക്യാമ്പിലേക്ക് കഴിയാവുന്ന സഹായങ്ങളെത്തിച്ചു; പ്രളയ കാലത്തെ കുറിച്ച് അപര്‍ണ
Movie Day
ഹോസ്റ്റലില്‍ കുടുങ്ങിയ കുട്ടികളെ അന്ന് എന്റെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചു, ക്യാമ്പിലേക്ക് കഴിയാവുന്ന സഹായങ്ങളെത്തിച്ചു; പ്രളയ കാലത്തെ കുറിച്ച് അപര്‍ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th May 2023, 5:31 pm

കേരളത്തിലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രമാണ് 2018. വന്‍താരനിര അണിനിരന്ന ചിത്രത്തില്‍ നടി അപര്‍ണ ബാലമുരളിയും ഒരു പ്രധാനവേഷത്തിലെത്തുന്നത്. മാധ്യമപ്രവര്‍ത്തകയുടെ വേഷത്തിലാണ് അപര്‍ണ ചിത്രത്തിലെത്തുന്നത്. 2018 ന്റെ വിശേഷങ്ങള്‍ പങ്കുവെക്കവേ യഥാര്‍ത്ഥ പ്രളയ സമയത്തുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം.

തന്നെ കൊണ്ട് ചെയ്ത് കൊടുക്കാന്‍ പറ്റുന്ന സഹായങ്ങളൊക്കെ ആ സമയത്ത് ചെയ്തിട്ടുണ്ടായിരുന്നെന്നും ഒരു സാഹചര്യത്തില്‍ ദൂരെ നിന്ന് വന്ന് ബുദ്ധിമുട്ട് നേരിടുന്ന കുട്ടികളെ തന്റെ ഫ്ലാറ്റില്‍ താമസിപ്പിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. കൂടാതെ ക്യാമ്പിലേക്ക് ആവശ്യമുള്ള ചില സാധനങ്ങളൊക്കെ വാങ്ങിച്ച് കൊടുക്കാന്‍ സാധിച്ചിരുന്നെന്നും താരം പറഞ്ഞു. ബിഹൈന്‍ഡ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളൊക്കെ ഞാന്‍ ആ സമയത്ത് ചെയ്തിട്ടുണ്ടായിരുന്നു. ഞാന്‍ നില്‍ക്കുന്ന ഭാഗത്ത് ഭയങ്കരമായി വെള്ളം കയറുന്ന ഒരു പ്രശ്നം ഉണ്ടായിരുന്നില്ല. ഞാന്‍ അന്ന് ഇന്റേണ്‍ഷിപ് ചെയ്യുന്ന സമയമായിരുന്നു. എന്റെ കൂടെ കോഴിക്കോട്, കണ്ണൂര്‍ അങ്ങനെ ഒരുപാട് ദൂരെ നിന്ന് വരുന്ന കുട്ടികളുണ്ടായിരുന്നു.

അവര്‍ക്കൊക്കെ അവരുടെ ഹോസ്റ്റലില്‍ കറണ്ട് ഇല്ലാതെ വരുകയും ഫോണ്‍ ചാര്‍ജില്‍ വെക്കാന്‍ പറ്റാതെയാവുന്ന അവസ്ഥയുമൊക്കെ ഉണ്ടായിരുന്നു. ഒരു രണ്ട് ദിവസം കൂടി അവിടെ നിന്നിരുന്നെങ്കില്‍ അവര്‍ക്ക് ഭയങ്കര ബുദ്ധിമുട്ടായേനെ. അങ്ങനെയൊരു സാഹചര്യത്തില്‍ ഞാന്‍ അവരെ എന്റെ ഫ്ലാറ്റില്‍ കൊണ്ട് വന്ന് താമസിപ്പിച്ചിരുന്നു.

അത്രയും ദിവസങ്ങള്‍ അവര്‍ എന്റെ ഫ്ലാറ്റിലായിരുന്നു. നമ്മളെകൊണ്ട് ചെയ്യാന്‍ പറ്റുന്ന സഹായങ്ങളൊക്കെ ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി ഒരുമിച്ച് ഇറങ്ങി ക്യാമ്പിലേക്ക് അത്യാവശ്യമുള്ള സാധനങ്ങളൊക്കെ വാങ്ങിച്ച് കൊടുക്കാറുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ അന്ന് എന്തെങ്കിലും ചെയ്യണമെന്ന് തോന്നുന്ന ഒരു സമയമായിരുന്നു. അങ്ങനെ ഓരോരുത്തരും ആ സമയത്ത് കോണ്‍ട്രിബൂട്ട് ചെയ്തിട്ടുണ്ട്,’ അപര്‍ണ ബാലമുരളി പറഞ്ഞു.

2018 ല്‍ കേരളത്തില്‍ നടന്ന പ്രളയത്തിന്റെ ഒരു ഓര്‍മപ്പെടുത്തലാണ് ചിത്രം. അന്ന് നമ്മള്‍ ദൈവ തുല്യരായി കണ്ട നിരവധി പേര്‍. മത്സ്യതൊഴിലാളികള്‍, ഡോക്ടേഴ്സ്, ക്യാമ്പുകള്‍ നടത്തി അതിന് സഹായം നല്‍കിയവര്‍ അവര്‍ ഇല്ലെങ്കില്‍ നമ്മള്‍ ഇല്ലെന്ന് തോന്നിയ സമയം. അതെല്ലാം ഓര്‍മപ്പെടുത്തുന്ന ചിത്രം കൂടിയാണ് ഇത്. അവര്‍ക്കൊക്കെയുള്ള ഒരു ട്രിബ്യൂട്ട് ആണ് ഈ സിനിമ,’ അപര്‍ണ പറഞ്ഞു.

2018 ലെ പ്രളയ സമയത്ത് നമുക്ക് എന്താണ് സംഭവിച്ചത്, അതിനെ നമ്മള്‍ എങ്ങനെയാണ് അതിജീവിച്ചത് എന്നാണ് സിനിമയില്‍ പ്രധാനമായും കാണിക്കുന്നത്. അന്ന് നമ്മള്‍ ഒറ്റകെട്ടായി നിന്നത് കൊണ്ടാണ് ഇന്ന് ഇപ്പോള്‍ നമ്മള്‍ ഇവിടെ ഇരിക്കുന്നത് പോലും. രക്ഷപ്പെടാന്‍ പറ്റാത്ത ഒരുപാട് പേരുണ്ടായിരുന്നു, അപര്‍ണ പറഞ്ഞു.

Content Highlight: Actress Aparna Balamurali about 2018 movie and flood time