സാധാരണ ഒരു നാട്ടിന്‍പുറത്ത്കാരിയില്‍ നിന്നും എങ്ങനെയാണ് മലയാള സിനിമയിലേക്ക് എത്തിപ്പെട്ടതെന്ന് പറയുകയാണ് നടി അനുശ്രീ. സിനിമയില്‍ എത്തിയതിനെ തുടര്‍ന്ന് താന്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടെന്ന് അനുശ്രീ പറഞ്ഞു. പൊതുവെ തന്റെ നാട്ടിലൊക്ക പെണ്‍കുട്ടികള്‍ ഡിഗ്രി കഴിഞ്ഞാല്‍ കല്യാണം കഴിക്കുകയാണ് പതിവെന്നും, എന്നാല്‍ സിനിമയില്‍ വന്നത് കൊണ്ട് മാത്രമാണ് താന്‍ ഇങ്ങനെ തുടരുന്നതെന്നും അനുശ്രീ പറഞ്ഞു. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘സാധാരണക്കാരിയായ ഒരു നാട്ടിന്‍പുറത്തുകാരിയാണ് ഞാന്‍. അന്ന് ആ റിയാലിറ്റി ഷോയില്‍ വെച്ച് ലാല്‍ ജോസ് സാറിനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഡിഗ്രിയൊക്കെ കഴിഞ്ഞ് ഒരു കല്യാണമൊക്കെ കഴിച്ചിട്ടുണ്ടാകും. കാരണം ഞങ്ങളുടെ അവിടെ പൊതുവെ അങ്ങനെയാണ് സംഭവിക്കുന്നത്. അവിടെയൊക്കെ പെണ്‍കുട്ടികള്‍ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പോകും. ഒന്നെങ്കില്‍ ഡിഗ്രി പഠിച്ച് കഴിയുമ്പോള്‍ അല്ലെങ്കില്‍ ഡിഗ്രി ആദ്യ വര്‍ഷം എത്തുമ്പോള്‍ തന്നെ കല്യാണം കഴിക്കും. അതോടെ പഠനം ബ്രേക്കാകും. അങ്ങനെ ആവേണ്ടതായിരുന്നു എന്റെ കാര്യവും.
ഇടക്കൊക്കെ ഞാന്‍ ആലോചിക്കാറുണ്ട് സിനിമാ നടി അല്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്തുചെയ്യുമായിരുന്നുവെന്ന്. കല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളെയും ഭര്‍ത്താവിനെയും നോക്കുന്ന ഒരു വീട്ടമ്മയായി ഞാനും മാറിയേനെ. ഇന്ന് കാണുന്ന പോലെ ഒന്നുമായിരിക്കില്ല. അച്ഛന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. അഭിനയിക്കുന്നതിനോ ഷോ ചെയ്യുന്നതിനോ ഒന്നും താത്പര്യമുണ്ടായിരുന്നില്ല.
അഭിനയം വേണ്ട, പലരും പലതാണ് പറയുന്നത്, അത്ര സെക്യൂരിറ്റിയുള്ളതല്ല, പെണ്‍കുട്ടികള്‍ക്ക് പറ്റിയതല്ല എന്നാണ് എല്ലാവരും പറഞ്ഞത്. അത് കേട്ട അച്ഛനും അമ്മയും വേണ്ട എന്ന് പറഞ്ഞു. പക്ഷെ എന്റെ അണ്ണന്‍ മാത്രമാണ് പിന്തുണച്ചത്. അവള്‍ക്ക് അതാണ് ആഗ്രഹം എങ്കില്‍ പോയിക്കോട്ടെ, അമ്മ അവള്‍ക്കൊപ്പം പോകൂ എന്ന അണ്ണന്റെ വാക്കിന്റെ പുറത്താണ് എന്നെ വിട്ടത്. അവന്റെ ഒരാളുടെ സപ്പോര്‍ട്ട് കൊണ്ട് മാത്രമാണ് ഞാന്‍ ഇവിടെ എത്തിയത്.
സിനിമയിലെത്തിയ ശേഷവും സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമെല്ലാം എന്നെ കുറിച്ച് പലതും പറഞ്ഞ് നടന്നിട്ടുണ്ട്. അകറ്റി നിര്‍ത്തിയിട്ടുമുണ്ട്. ഞാന്‍ അടുത്തേക്ക് പോകുമ്പോള്‍ മുഖം തിരിഞ്ഞ് നടന്നവര്‍ വരെയുണ്ട്. അതൊക്കെ എന്റെ മനസ്സില്‍ തന്നെ കിടപ്പുണ്ടായിരുന്നു. പിന്നീട് അവര്‍ എന്നോട് വന്ന് ചിരിച്ചുകൊണ്ട് വര്‍ത്തമാനം പറയുമ്പോഴും എനിക്ക് പണ്ട് പറഞ്ഞതൊക്കെ ഓര്‍മ വരുമായിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നാട്ടില്‍ എനിക്ക് വേണ്ടി ഒരു ഷോ സംഘടിപ്പിച്ചിരുന്നു. അവിടെ വെച്ച് ഞാന്‍ അനുഭവിച്ച ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു. ആരെയും വിഷമിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല എന്നാല്‍ ഒരു കാലത്ത് നിങ്ങള്‍ എല്ലാവരും എന്നെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞതെന്ന് എനിക്കറിയാമെന്നും ഇപ്പോള്‍ അതൊന്നും പ്രശ്നമില്ലെ, ഇങ്ങനെ ഒരു സ്വീകരണം നല്‍കുന്നതില്‍ സന്തോഷമാണുള്ളതെന്നും ഞാന്‍ പറഞ്ഞു. അതോടെ ആ പരിഭവം കഴിഞ്ഞു,’ അനുശ്രീ പറഞ്ഞു
content highlight: actress anusree talks about her film career