തന്റെ ആദ്യത്തെ സിനിമയായ ഡയമണ്ട് നെക്ലേസിനെ കുറിച്ച് പറയുകയാണ് നടി അനുശ്രീ. തന്റെ ആദ്യ സിനിമയില്‍ നായകനായെത്തിയത് ഫഹദാണെന്നും അദ്ദേഹത്തിന് കൂടുതല്‍ മൈലേജ് നല്‍കിയ സിനിമ അതാണെന്നും അനുശ്രീ പറഞ്ഞു. ആ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒന്നും അറിയില്ലായിരുന്നെന്നും താന്‍ പുതിയതാണ് ടേക്ക് ഒത്തിരി വേണ്ടി വരുമെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് വരെ പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.
റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് വരുന്നത്. ഷോ കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞിട്ടാണ് താന്‍ സിനിമയില്‍ അഭിനയിക്കുന്നതെന്നും അതിനിടയില്‍ ഒരുപാട് ഓഫറുകള്‍ വന്നിരുന്നെന്നും എന്നാല്‍ ലാല്‍ ജോസിന്റെ സിനിമയിലെ അഭിനയിക്കൂ എന്ന വാശി തനിക്കുണ്ടായിരുന്നെന്നും അനുശ്രീ പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഡയമണ്ട് നെക്ലേസാണ് ഫഹദിക്കയ്ക്ക് കുറച്ച് കൂടി മൈലേജ് കൊടുത്ത സിനിമയെന്ന് തോന്നുന്നു. ആദ്യത്തെ സിനിമ ആയതിനാല്‍ അഭിനയിക്കുമ്പോള്‍ എനിക്കൊന്നും അറിയില്ലായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് അങ്ങോട്ട് പറയും ഞാന്‍ പുതിയതാണ്, ടേക്ക് ഒത്തിരി പോവുമായിരിക്കും, അതുകൊണ്ട് എന്നെയൊന്ന് പരിഗണിക്കണെയെന്ന്. എങ്ങനെ അഭിനയിക്കണമെന്ന് ഒരു ഐഡിയയുമില്ല. എനിക്ക് തോന്നുന്നു ഫഹദിക്ക കുറേ സഹിച്ചിട്ടുണ്ടാവണമെന്ന്.
കാരണം പുതിയ ആള്‍ വരുമ്പോള്‍ എന്തായാലും കുറേ ടേക്ക് പോകുമെന്ന് ഉറപ്പാണ്. പിന്നെ ഫഹദിക്ക ഓരോന്ന് പറഞ്ഞുതരും. മഹേഷിന്റെ പ്രതികാരത്തില്‍ അഭിനയിക്കുമ്പോള്‍ കുറച്ചൊക്കെ ഞാന്‍ പഠിച്ച് തുടങ്ങിയിരുന്നു. അന്നാണെങ്കില്‍ എന്റെ ‘ഇതിഹാസ’ സിനിമ നസ്രിയക്ക് ഇഷ്ടമാണെന്ന കമന്റൊക്കെ ഇക്ക പറഞ്ഞിരുന്നു. ആദ്യമായി നമ്മുടെ ഒപ്പം അഭിനയിച്ചൊരാള്‍ നമ്മളെ കുറിച്ച് പറയുന്നത് വളരെ സന്തോഷമുള്ള ഒരു കാര്യമാണ്.
റിയാലിറ്റി ഷോ കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞാണ് ഡയമണ്ട് നെക്ലേസില്‍ അഭിനയിക്കുന്നത്. അതിനിടെ മറ്റ് പല സിനിമകളില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ലാല്‍ ജോസ് സാറിന്റെ സിനിമയിലൂടെ തുടക്കം കുറിക്കണമെന്നത് എന്റെ തീരുമാനമായിരുന്നു. സാറിനത് വലിയ ടെന്‍ഷനായിരുന്നു. സാര്‍ തന്ന വാക്കല്ലേ, എന്നാല്‍ എന്റെ ആഗ്രഹം നടന്നു. ലാല്‍ ജോസ് സാര്‍ കൊണ്ടു വന്ന നായികയായി ഇപ്പോഴും തുടരുന്നു,’ അനുശ്രീ പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനാണ് അനുശ്രീയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ. അതിഥി രവി, സൈജു കുറുപ്പ്, ചന്തുനാഥ്, അനു മോഹന്‍, അനു സിത്താര തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
content highlight: actress anusree talks about fahad fasil