|

ഡയലോഗൊന്നും മാറ്റാന്‍ നില്‍ക്കണ്ട, എഴുതി വെച്ചതങ്ങ് പറഞ്ഞാല്‍ മതിയെന്ന് പറയും; റോഷന്‍ സാറിന്റെ സെറ്റില്‍ ചെന്നാല്‍ പേടിയാണ്: അനുശ്രീ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ ഏറ്റവും കൂടുതല്‍ പേടിച്ചുകൊണ്ട് അഭിനയിക്കുന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ സെറ്റിലാണെന്ന് നടി അനുശ്രീ. പ്രതി പൂവന്‍കോഴി എന്ന റോഷന്‍ ആന്‍ഡ്രൂസ് സിനിമയില്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പറയവെയാണ് സംവിധായകനോടുള്ള തന്റെ ‘പേടി’യെ കുറിച്ചും അനുശ്രീ മനസുതുറന്നത്.

ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”എനിക്ക് പേടി റോഷന്‍ സാറിനെയാണ്. റോഷന്‍ ആന്‍ഡ്രൂസ് സാറിനെ ഭയങ്കര പേടിയാണ്. പ്രതി പൂവന്‍കോഴി ചെയ്തിരുന്ന സമയത്ത് ഞാനാണെങ്കില്‍ ഇടയ്ക്ക് എന്റെ ഡയലോഗൊക്കെ ഒന്ന് മാറ്റും. ചില വാക്കുകളൊക്കെ അങ്ങ് കട്ട് ചെയ്യും (ചിരി).

ഡയലോഗൊക്കെ നമ്മള് പഠിക്കും. പക്ഷെ ആ സ്‌ക്രിപ്റ്റിലെ കറക്ട് വേര്‍ഡ് ടു വേര്‍ഡ് ആയിരിക്കില്ല പറയുക. അര്‍ത്ഥമൊക്കെ ഒന്ന് തന്നെയായിരിക്കും പക്ഷെ ചില വാക്കുകള്‍, അത്, പോലെ എന്നൊക്കെയുള്ള വാക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റും.

അപ്പൊ റോഷന്‍ സാറ്, ‘ നീ അതിനകത്ത് എഴുതിയിരിക്കുന്നത് മാത്രം പറഞ്ഞാല്‍ മതി, മാറ്റാനൊന്നും നില്‍ക്കണ്ട’ എന്ന് പറയും. ഞാന്‍ ഓക്കെ പറയും. ഇത് പറയുമ്പോഴേക്കും പകുതി ജീവന്‍ പോയിട്ടുണ്ടാകും.

കയ്യില്‍ മൈക്ക് ഉണ്ട് എന്നൊന്നും സാറ് നോക്കില്ല. ഓ അനുശ്രീ അഭിനയിക്കുന്നു, മഞ്ജു ചേച്ചി അഭിനയിക്കുന്നു എന്നൊക്കെ പറഞ്ഞ് ആള്‍ക്കാര് ഭയങ്കര സംഭവമാക്കി വെച്ചിരിക്കുകയാകും.

അപ്പോഴായിരിക്കും ‘എന്താ അനൂ ഈ ചെയ്യുന്നത്,’ എന്ന് സാറ് മൈക്കിലൂടെ വിളിച്ച് പറയുക.

രാവിലെ ചെല്ലുമ്പോള്‍ തന്നെ ‘ഈശ്വരാ തെറ്റല്ലേ’ എന്ന് പ്രാര്‍ത്ഥിച്ച് പോയിട്ടുള്ളത് ആകെ റോഷന്‍ സാറിന്റെ സെറ്റിലാണ്. പക്ഷെ കട്ട് പറഞ്ഞ് കഴിഞ്ഞാല്‍ സാറിരുന്ന് തമാശ പറയുകയും ചെയ്യും.

നേരത്തെ പറഞ്ഞത് സാറ് മറന്നുപോയോ എന്നായിരിക്കും ഞാനപ്പോള്‍ ചിന്തിക്കുക. ഇങ്ങനെ ഏറ്റവും കൂടുതല്‍ വിചാരിച്ചിട്ടുള്ളത് സാറിനെ കുറിച്ചാണ്,” അനുശ്രീ പറഞ്ഞു.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ജീത്തു ജോസഫ് ചിത്രം ട്വല്‍ത് മാനാണ് അനുശ്രീയുടെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത സിനിമ.

Content Highlight: Actress Anusree talks about director Roshan Andrews