റിയാലിറ്റി ഷോയിലൂടെ അഭിനയത്തിലേക്ക് വന്ന താരമാണ് അനുശ്രീ. റിയാലിറ്റി ഷോയിലേക്ക് പങ്കെടുക്കാന്‍ വന്നപ്പോഴുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍. നടി സ്വാസികയും അന്ന് ഓഡീഷനില്‍ പങ്കെടുക്കാനുണ്ടായിരുന്നു എന്നും ആ സമയത്ത് തമിഴ് സിനിമയിലൊക്കെ അഭിനയിച്ച സ്വാസികക്ക് തന്നെക്കാള്‍ നന്നായി അഭിനയിക്കാന്‍ അറിയാമായിരുന്നു എന്നും അനുശ്രീ പറഞ്ഞു.
പുതിയ നടിമാരെ കണ്ടെത്തുന്നതിന് വേണ്ടിയല്ലേ പരിപാടി നടത്തുന്നതെന്നും പിന്നെ എന്തിനാണ് സ്വാസികയെ പങ്കെടുപ്പിക്കുന്നതെന്നും ചോദിച്ച് താന്‍ അന്ന് പ്രശ്‌നമുണ്ടാക്കിയിരുന്നെന്നും താരം പറഞ്ഞു. സ്വാസികയോടുള്ള കുശുമ്പ്‌കൊണ്ടാണ് ഇതൊക്കെ ചെയ്തതെന്നും മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞു.
‘ഞാന്‍, സ്വാസിക, ഷിബ്ല ഞങ്ങള്‍ മൂന്ന് പേരും ഒരേ റിയാലിറ്റി ഷോയില്‍ നിന്നും വന്നവരാണ്. വേറെയും കുറേ ആള്‍ക്കാരുണ്ടായിരുന്നു. റിയ എന്നൊരു കുട്ടിയുണ്ടായിരുന്നു. അവളിപ്പോള്‍ വീണ്ടും തിരിച്ച് അഭിനയത്തിലേക്ക് വന്നിട്ടുണ്ട്. സൗദി വെള്ളക്കയില്‍ വക്കീലായി അഭിനയിച്ചത് അവളാണ്. സ്വാസിക അന്നും തമിഴ് സിനിമകളൊക്കെ ചെയ്തിട്ടാണ് ഷോയിലേക്ക് വരുന്നത്.
ഞങ്ങളൊക്കെ പുതിയ ആള്‍ക്കാരായിരുന്നുവെങ്കിലും സ്വാസിക അത്യാവശ്യം എക്സ്പീരിയന്‍സുള്ള തമിഴ് നടിയായിരുന്നു. അവള്‍ ഭയങ്കര രസമായിട്ട് അഭിനയിക്കും. അവളെ പോലെ അഭിനയിക്കാന്‍ ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അവളാണെങ്കില്‍ ഡാന്‍സറും. സ്വാഭാവികമായിട്ടും കുശുമ്പുണ്ടാകുമല്ലോ. എന്തായാലും അവള്‍ക്ക് അടുത്ത റൗണ്ടില്‍ മാര്‍ക്ക് കൂടുതലായിരിക്കും എന്നറിയാം.
നിങ്ങള്‍ പുതിയ നടിമാരെ കണ്ടെത്താനാണെന്ന് പറഞ്ഞല്ലെ പരിപാടി നടത്തുന്നത്. പക്ഷെ ഈ കുട്ടിയൊക്കെ നേരത്തെ തന്നെ നടിയാണല്ലോ എന്നും പറഞ്ഞ് ഞങ്ങള്‍ പ്രശ്‌നമുണ്ടാക്കി. ഞാനൊക്കെ പ്രശ്‌നത്തിന്റെ ഉസ്താദായിരുന്നല്ലോ. പിന്നെ സ്വാസികയും ഷിബ്ലയും എന്റെ ബെസ്റ്റ് ഫ്രണ്ട്‌സായി,’ അനുശ്രീ പറഞ്ഞു.
അതേസമയം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാനായിരുന്നു അനുശ്രീയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ. ചന്തുനാഥ്, അനു മോഹന്‍, അനു സിത്താര, ലിയോണ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
content highlight: actress anusree talks about actress swasika