| Wednesday, 4th January 2023, 12:30 pm

സൂര്യ കേരളത്തില്‍ വരുമ്പോള്‍ ആദ്യം അറിയുന്നത് ഞാനാണ്, നേരിട്ട് കാണാന്‍ വിളിച്ചിട്ട് ഞാന്‍ പോയിട്ടില്ല: അനുശ്രീ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് നടന്‍ സൂര്യയുടെ വലിയ ആരാധികയാണ് അനുശ്രീ. സൂര്യയോടുള്ള തന്റെ ആരാധന പലപ്പോഴായി താരം പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ താന്‍ സൂര്യ ഫാനാണെന്ന് പറഞ്ഞതിനുശേഷം സൂര്യ ഫാന്‍സ് അസോസിയേഷനിലുള്ളവര്‍ സൂര്യ എപ്പോള്‍ കേരളത്തില്‍ വന്നാലും തന്നെ മീറ്റ് അപ്പിനുവേണ്ടി വിളിക്കുമെന്നും അനുശ്രീ പറഞ്ഞു.

‘കേരളത്തില്‍ സൂര്യ എത്തുന്നതിന് മുമ്പ് ഞാനറിയും. കാരണം ഈ വിവരം അറിയുമ്പോള്‍ തന്നെ സൂര്യ ഫാന്‍സ് അസോസിയേഷനിലെ പിള്ളേര് എന്നെ വിളിക്കും. സൂര്യയുമായി മീറ്റ് അപ്പിന് എപ്പോഴാണ് കഴിയുകയെന്നും ചോദിക്കും. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയമായിട്ടില്ലായെന്ന് ഞാന്‍ അവരോട് പറയും.

എന്നാണോ സൂര്യക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുന്നത് അന്ന് മാത്രമെ ഞാന്‍ അദ്ദേഹത്തെ നേരിട്ട് കാണുകയുള്ളു. അങ്ങനെ അവസരം കിട്ടുമ്പോള്‍ നായികയായിട്ട് ലഭിക്കുന്നതാണ് എനിക്ക് ഇഷ്ടം. പിന്നെ അനിയത്തിയായിട്ട് ഒന്നും കിട്ടരുതെയെന്നാണ് എന്റെ പ്രാര്‍ത്ഥന. അങ്ങനെയാണ് കിട്ടുന്നതെങ്കിലും ഞാന്‍ അഭിനയിക്കും. പക്ഷെ കരഞ്ഞുകൊണ്ടായിരിക്കും അഭിനയിക്കുന്നതെന്ന് മാത്രം,’ അനുശ്രീ പറഞ്ഞു.

ഒരു നായകന്റെ ആരാധികയാണ് താനെന്ന് പറയുമ്പോള്‍ നായികമാര്‍ ഇത്ര ആവേശം കാണിക്കില്ലെന്ന് അവതാരിക പറഞ്ഞപ്പോള്‍, അതെയെന്നും താരം പരഞ്ഞു. സൂര്യയുടെ ഫോട്ടോ എവിടെ കണ്ടാലും താനിറങ്ങി അതിന്റെ മുന്നില്‍ നിന്ന് ഫോട്ടോയെടുക്കുമെന്നും അനുശ്രീ പറഞ്ഞു. അടുത്ത ജന്മത്തില്‍ തനിക്ക് ജ്യോതികയായി ജനിക്കണമെന്നും സൂര്യയെ കല്യാണം കഴിക്കണമെന്നുമൊക്കെ താരം നേരത്തെ പറഞ്ഞിട്ടുണ്ട്.

അതേസമയം തന്റെ സിനിമാ ജീവിതത്തെ കുറിച്ചും അനുശ്രീ പറഞ്ഞു. താന്‍ സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ കല്യാണമൊക്കെ കഴിച്ച് ഭര്‍ത്താവിനെയും കുട്ടികളെയും നോക്കി വീട്ടിലിരിക്കുമായിരുന്നെന്നും അനുശ്രീ പറഞ്ഞു.

‘സാധാരണക്കാരിയായ ഒരു നാട്ടിന്‍പുറത്തുകാരിയാണ് ഞാന്‍. അന്ന് ആ റിയാലിറ്റി ഷോയില്‍ വെച്ച് ലാല്‍ ജോസ് സാറിനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ഡിഗ്രിയൊക്കെ കഴിഞ്ഞ് ഒരു കല്യാണമൊക്കെ കഴിച്ചിട്ടുണ്ടാകും. കാരണം ഞങ്ങളുടെ അവിടെ പൊതുവെ അങ്ങനെയാണ് സംഭവിക്കുന്നത്. അവിടെയൊക്കെ പെണ്‍കുട്ടികള്‍ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് പോകും. ഒന്നെങ്കില്‍ ഡിഗ്രി പഠിച്ച് കഴിയുമ്പോള്‍ അല്ലെങ്കില്‍ ഡിഗ്രി ആദ്യ വര്‍ഷം എത്തുമ്പോള്‍ തന്നെ കല്യാണം കഴിക്കും. അതോടെ പഠനം ബ്രേക്കാകും. അങ്ങനെ ആവേണ്ടതായിരുന്നു എന്റെ കാര്യവും.

ഇടക്കൊക്കെ ഞാന്‍ ആലോചിക്കാറുണ്ട് സിനിമാ നടി അല്ലായിരുന്നുവെങ്കില്‍ ഞാന്‍ എന്തുചെയ്യുമായിരുന്നുവെന്ന്. കല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളെയും ഭര്‍ത്താവിനെയും നോക്കുന്ന ഒരു വീട്ടമ്മയായി ഞാനും മാറിയേനെ. ഇന്ന് കാണുന്ന പോലെ ഒന്നുമായിരിക്കില്ല. അച്ഛന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. അഭിനയിക്കുന്നതിനോ ഷോ ചെയ്യുന്നതിനോ ഒന്നും താത്പര്യമുണ്ടായിരുന്നില്ല,’ അനുശ്രീ പറഞ്ഞു.

CONTENT HIGHLIGHT: ACTRESS ANUSREE TALKS ABOUT ACTOR SURYA

Latest Stories

We use cookies to give you the best possible experience. Learn more