|

പുലിമുരുകന്‍ കാണുമ്പോള്‍ വിഷമം വരും, ആ റോള്‍ ഞാന്‍ ചെയ്യേണ്ടതായിരുന്നില്ലേ എന്ന് തോന്നും; അനുശ്രീ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ ചിത്രം പുലുമുരുകനില്‍ അഭിനയിക്കാന്‍ കിട്ടിയ അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അനുശ്രീ. പുലിമുരുകനിലെ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള ഓഫര്‍ തനിയ്ക്കാണ് ആദ്യം കിട്ടിയതെന്നും എന്നാല്‍ കൈയ്ക്ക് സര്‍ജറി കഴിഞ്ഞിരുന്നതിനാല്‍ അതില്‍ അഭിനയിക്കാന്‍ സാധിച്ചില്ലെന്നും അനുശ്രീ പറയുന്നു.

സര്‍ജറിയ്ക്ക് ശേഷം വിശ്രമം വേണ്ടിവന്നിരുന്നുവെന്നും സിനിമയിലേക്ക് മടങ്ങിവരാനാവുമോ എന്നോര്‍ത്ത് അന്ന് വിഷമിച്ചിരുന്നുവെന്നും അനുശ്രീ പറഞ്ഞു.

‘പുലിമുരുകന്‍ കാണുമ്പോള്‍ ഇപ്പോഴും വിഷമം വരും. കമാലിനി മുഖര്‍ജി ചെയ്ത ആ വേഷം ഞാന്‍ ചെയ്യേണ്ടതായിരുന്നില്ലേ എന്ന് തോന്നും. ലോണൊക്കെ എടുത്ത് വീടുപണി കഴിഞ്ഞ സമയം കൂടിയായിരുന്നു അത്. സിനിമ മുടങ്ങിയാല്‍ പ്രതിസന്ധി വരും. മാനസികമായി സമ്മര്‍ദ്ദം അനുഭവിച്ചു’, അനുശ്രീ പറയുന്നു.

സിനിമയില്‍ വന്ന് മൂന്നോ നാലോ വര്‍ഷം കഴിഞ്ഞപ്പോഴാണ് കൈയ്ക്ക് സര്‍ജറി വേണ്ടി വന്നതെന്നും കൈയുടെ ചലനശേഷി പഴയതുപോലെ ആവില്ലേ എന്ന് പേടിച്ചിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

പഠിത്തം കഴിഞ്ഞ് കുടുംബജീവിതം എന്നുള്ള പതിവ് പിന്തുടരാന്‍ തീരുമാനിച്ചയാളായിരുന്നു താനെന്നും അതുമാത്രമല്ല ജീവിതം എന്നൊക്കെ മനസ്സിലായത് സിനിമയില്‍ വന്നശേഷമാണെന്നും അനുശ്രീ പറഞ്ഞു. നമ്മുടെ ഇഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് ജീവിക്കണമെന്ന് തന്നെ പഠിപ്പിച്ചത് സിനിമയാണെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.

പ്രണയത്തെക്കുറിച്ചും അഭിമുഖത്തില്‍ അനുശ്രീ പറഞ്ഞു. പ്രേമം നല്ലൊരു വികാരം തന്നെയാണെന്നും എന്നാല്‍ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ഭയങ്കര അപകടമാണെന്നുമാണ് അനുശ്രീ പറയുന്നത്.

പ്രേമമായാലും എന്ത് ബന്ധമായാലും നമ്മളെ ഭരിക്കാനുള്ള അവകാശം മറ്റാര്‍ക്കും നല്‍കേണ്ടതില്ല എന്ന അഭിപ്രായമുള്ള ആളാണ് താനെന്നും അനുശ്രീ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Anusree says that she missed the chacter in Pulimurugan