ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായി 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ചിത്രത്തില്‍ സൗമ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി അനുശ്രീ ആയിരുന്നു. പ്രധാന കഥാപാത്രമായ മഹേഷുമായി പ്രണയത്തിലായിരുന്ന സൗമ്യ സിനിമയില്‍ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാകുന്നുണ്ട്. അതിനുശേഷം തേപ്പുകാരി എന്ന ലേബലിലാണ് സൗമ്യ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. അതിനെ കുറിച്ച് സംസാരിക്കുകയാണ് നടി അനുശ്രീ.
താന്‍ ഇപ്പോഴും സൗമ്യ എന്ന കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാറുണ്ടെന്നും മറ്റ് സിനിമകളിലെയും അത്തരം കഥാപാത്രങ്ങളെ പ്രേക്ഷകര്‍ സൗമ്യയുമായാണ് താരതമ്യം ചെയ്യുന്നതെന്നും അനുശ്രീ പറഞ്ഞു. പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയിലെ ഉര്‍വശി അവതരിപ്പിച്ച സ്വര്‍ണലത എന്ന കഥാപാത്രത്തെ കുറിച്ചും മൂവി മാന്‍ ബ്രോഡ്കാസ്റ്റിങ്ങിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
‘സിനിമയില്‍ വന്ന് പത്ത് വര്‍ഷമായിട്ടും ഏതൊരു പ്രോഗ്രാമിന് പോകുമ്പോഴും ഡയമണ്ട് നെക്‌ലെയ്‌സ് ചന്ദ്രേട്ടന്‍ എവിടെയാ പോലെയുള്ള സിനിമകള്‍ പറഞ്ഞാണ് എന്നെ സ്വീകരിക്കുന്നത്. അതിന്റെ കൂടെ ആളുകള്‍ ഓര്‍ക്കുന്ന മറ്റൊരു കഥാപാത്രമാണ് മഹേഷിന്റെ പ്രതികാരത്തിലെ സൗമ്യ. ഒരു തേപ്പ് കാരിയാണെങ്കില്‍ പോലും പ്രേക്ഷകര്‍ ആ കഥാപാത്രത്തെ രണ്ട് കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
പിന്നീട് വരുന്ന സിനിമകളില്‍ മറ്റുള്ളവര്‍ ചെയ്യുന്ന തേപ്പിന്റെ ചെറിയ എലമെന്റാണെങ്കില്‍ പോലും അതിനെയൊക്കെ സൗമ്യയെ വെച്ച് താരതമ്യം ചെയ്യാറുണ്ട്. സൗമ്യയുടെ അത്രയും ആയിട്ടില്ല എന്ന് പറയുന്നവരുണ്ട്. പക്ഷെ ഞാന്‍ പലപ്പോഴും പറയാറുണ്ട്, സൗമ്യയെ അത്ര വലിയ തേപ്പുകാരിയായി കാണേണ്ട ആവശ്യമില്ലെന്ന്. അങ്ങനെ വിളിക്കാന്‍ വേണ്ടി അവളൊന്നും ചെയ്തിട്ടില്ല സാഹചര്യം കൊണ്ട് സംഭവിച്ച് പോകുന്നതാണ്.
പൊന്മുട്ടയിടുന്ന താറാവില്‍ ഉര്‍വശി ചേച്ചി തേച്ച തേപ്പ് എന്നൊക്കെ പറഞ്ഞാല്‍, അതൊക്കെയാണ് തേപ്പ്. പക്ഷെ അന്നൊക്കെ സോഷ്യല്‍ മീഡിയയും പ്രൊമോഷനുമൊന്നും ഇല്ലാത്തതുകൊണ്ട് ചേച്ചിയൊക്കെ രക്ഷപ്പെട്ടു. വേറെ നല്ലൊരു കല്യാണാലോചന വന്നപ്പോള്‍ സൗമ്യ സമ്മതിച്ചതാണ് തെറ്റ്,’ അനുശ്രീ പറഞ്ഞു.
content highlight: actress anusree about her character in maheshinte prethikaram movie