| Wednesday, 18th January 2023, 1:24 pm

എത്രപേര്‍ കാണാന്‍ ആഗ്രഹിച്ച മുഖമാണ് ഈച്ചയരിച്ച് കിടന്നത്; സില്‍ക് സ്മിതയുടെ മരണത്തെ കുറിച്ച് സുഹൃത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് പ്രിയങ്കരിയായ താരമായിരുന്നു സില്‍ക് സ്മിത. ജീവിച്ചിരുന്നപ്പോള്‍ പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായ താരം മരണശേഷം ആഘോഷിക്കപ്പെട്ടിട്ടുണ്ട്. അവരുടെ ജീവിതവും കഷ്ടപ്പാടുകളും വലിയ രീയിയില്‍ ചര്‍ച്ചയാകുകയും ചെയ്തിട്ടുണ്ട്.

സില്‍ക് സ്മിതയുടെ സുഹൃത്തും നടിയുമായ അനുരാധ സില്‍ക്കുമായുള്ള ഓര്‍മകള്‍ പങ്കുവെക്കുന്ന വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്നുണ്ട്. താരം മരിക്കുന്നതിന്റെ തലേദിവസം  തന്നെ വിളിച്ചിരുന്നെന്നും വീട്ടിലേക്ക് വരാന്‍ ക്ഷണിച്ചിരുന്നു എന്നും അനുരാധ വീഡിയോയില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. എന്നാല്‍ അടുത്ത ദിവസം രാവിലെ സില്‍ക്ക് മരിച്ചു എന്ന വാര്‍ത്തയാണ് താന്‍ കേട്ടതെന്നും അനുരാധ പറഞ്ഞു. സില്‍ക് സ്മിതയുടെ മൃതദേഹം കാണാന്‍ പോയതിനെ കുറിച്ചും അവര്‍ പറഞ്ഞു.

‘സില്‍ക്ക് സ്മിത മരിക്കുന്നതിന്റെ തലേദിവസം എന്നെ വിളിച്ചിരുന്നു. വേഗം വീട്ടിലേക്ക് വാ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ സമയം രാത്രി ഒമ്പതരയായിരുന്നു. അതുകൊണ്ട് തന്നെ നാളെ വന്നാല്‍ മതിേേയാ എന്ന് ഞാന്‍ ചോദിച്ചു. ശരി എങ്കില്‍ നീ നാളെ രാവിലെ വന്നാല്‍ മതിയെന്ന് സില്‍ക്ക് പറഞ്ഞു. എന്നാല്‍ അടുത്ത ദിവസം രാവിലെ ടി.വിയില്‍ കേള്‍ക്കുന്നത് അവളുടെ മരണ വാര്‍ത്തയാണ്.

ഞാനും സതീഷും ( ഭര്‍ത്താവ്) ഈ വാര്‍ത്ത അറിഞ്ഞയുടനെ സില്‍ക്കിന്റെ വീട്ടിലേക്ക് പോയി. അവിടെ ശ്രീവിദ്യാമ്മയും എത്തിയിരുന്നു. അകത്ത് എത്തിയപ്പോള്‍ മൃതദേഹം വിജയ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്ന് പറഞ്ഞു. അവിടെ നിന്നും ഉടനെ ഞങ്ങള്‍ ആശുപത്രിയിലേക്ക് പോയി. അന്ന് അവിടെ കണ്ട കാഴ്ച ഒരിക്കലും സഹിക്കാന്‍ പറ്റാത്തതായായിരുന്നു. ആശുപത്രിയുടെ ഒരു മൂലക്ക് സ്ട്രക്ചറിലായിരുന്നു അവളെ കിടത്തിയിരുന്നത്.

മിഡിയും ടോപ്പുമായിരുന്നു അവളുടെ വേഷം. ഞങ്ങള്‍ നോക്കുമ്പോള്‍ അവളുടെ മുഖത്തെല്ലാം ഈച്ചകളായിരുന്നു. എത്രയോ ആളുകള്‍ കാണാനാഗ്രഹിച്ചവളുടെ മുഖത്താണ് അന്ന് ഈച്ചയിരുന്നത്. ഞാനും വിദ്യാമ്മയും ഓടിപ്പോയി ഒരു തുണിയെടുത്ത് കൊണ്ടുവന്ന് ഈച്ചയെ വീശിയോടിച്ചു.

ഞാന്‍ സില്‍ക് സ്മിതയുടെ സുഹൃത്ത് മാത്രമാണ്. ഒരിക്കലും വളരെ അടുത്ത സുഹൃത്തല്ല. സില്‍ക്കിന് അങ്ങനെ അടുത്ത സുഹൃത്തുക്കള്‍ ഒന്നുമില്ല. എല്ലാവരില്‍ നിന്നും അവള്‍ ചെറിയ അകലം പാലിച്ചിരുന്നു. സ്വന്തം വിഷമങ്ങളെ കുറിച്ച് ആരോടും തുറന്ന് പറയുക പോലുമില്ലായിരുന്നു,’ അനുരാധ പറഞ്ഞു.

1996 സെപ്റ്റംബറിലാണ് സില്‍ക് സ്മിത മരിച്ചത്. 2011ല്‍ വിദ്യ ബാലന്‍ നായികയായി ‘ദി ഡേര്‍ട്ടി പിക്ചര്‍’ എന്ന പേരില്‍ സിനിമ പുറത്ത് വന്നിരുന്നു. മിലന്‍ ലുത്രിയ സംവിധാനം ചെയ്ത സിനിമ സില്‍ക് സ്മിതയുടെ ജീവിത കഥയാണ് പ്രമേയമാക്കിയത്.

content highlight: actress anuradha about silk smitha

We use cookies to give you the best possible experience. Learn more