|

ഞാന്‍ തമാശയ്ക്ക് പറഞ്ഞത് പുള്ളിക്കാരന്‍ സീരിയസായിട്ട് എടുത്തു; സിനിമാസംവിധായികയിലേക്കുള്ള വഴി തുറന്നത് ദുല്‍ഖര്‍: അനുപമ പരമേശ്വരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രേമത്തിലെ മേരി എന്ന കഥാപാത്രം പ്രേക്ഷക മനസുകളിലേക്ക് ആഴത്തില്‍ പതിയിച്ച നടിയാണ് അനുപമ പരമേശ്വരന്‍. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ തെലുങ്ക് തമിഴ് പ്രേക്ഷകര്‍ക്കിടയിലും താരത്തിന് ഫാന്‍സ് ഏറെയാണ്.

അഭിനയത്തിന് പുറമെ അസോസിയേറ്റ് ഡയറക്ടറായും താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. സംവിധാനം തനിക്ക് ഇഷ്ടമാണെന്നും അതിനായി സഹായിച്ചത് ദുല്‍ഖര്‍ സല്‍മാന്‍ ആണെന്നും പറയുകയാണ് നടിയിപ്പോള്‍. ടോളിവുഡില്‍ ഹൗസ്ഫുളായി തുടരുന്ന കാര്‍ത്തികേയ 2 എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കേരളത്തില്‍ നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അനുപമ.

ഷംസു സൈബ സംവിധാനം ചെയ്ത മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലായിരുന്നു താരം അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചത്.

‘ സംവിധാനം എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ ഞാന്‍ അതിനു മാത്രം വളര്‍ന്നിട്ടില്ല. അതിനുള്ള അറിവ് എനിക്കില്ല. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യമായി അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നത്.

ദുല്‍ഖര്‍ എന്റെ അടുത്ത സുഹൃത്താണ്. ഞാന്‍ എപ്പോഴൊക്കെയോ പറഞ്ഞിട്ടുണ്ട് എനിക്ക് എ.ഡി ആവണമെന്ന്. അതാകുമ്പോ സിനിമയെ കുറിച്ച് കൂടുതല്‍ പഠിക്കാലോ എന്നൊക്കെ. അങ്ങനെ ഞാന്‍ തമാശക്ക് പറഞ്ഞത് പുള്ളിക്കാരന്‍ സീരിയസായിട്ട് എടുത്ത് എന്നെ വിളിച്ചപ്പോഴാണ് ഞാന്‍ ശരി എന്ന് പറയുന്നത്. 56 ദിവസം അങ്ങനെ പോയി. ലൈഫിലെ ഏറ്റവും ബെസ്റ്റ് ദിവസങ്ങള്‍ അതായിരുന്നു.

ഒരു നടിയെന്ന നിലയില്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചത് അവിടെനിന്നാണ്. സംവിധാനം ചെയ്യുന്ന സിനിമ പിന്നീട്. ഒരു നടിയെന്ന നിലക്ക് ഒരുപാട് പഠിച്ചത് അവിടെ നിന്നാണ്. അതിന് ദുല്‍ഖറിനോട് ഒരുപാട് നന്ദിയുണ്ട്,’ അനുപമ പരമേശ്വരന്‍ പറഞ്ഞു.

കാര്‍ത്തികേയ 2 ആണ് അനുപമയുടെ പുതിയ ചിത്രം. ഹാപ്പി ഡേയ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതനായ നിഖില്‍ സിദ്ധാര്‍ഥ് ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചന്തുവാണ് ‘കാര്‍ത്തികേയ 2’ സംവിധാനം ചെയ്യുന്നത്. കാല ഭൈരവയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘കാര്‍ത്തികേയ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇത്. ‘ദേവസേന’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ എത്തുന്നത്.

Content Highlight: Actress anupama parameswaran says dulquer paved her way to direction