സുഹൃത്തുക്കള്‍ ചെയ്യുന്ന സിനിമയില്‍ അവഗണന നേരിടുന്നതിനെ പറ്റി പറയുകയാണ് നടി അനുമോള്‍. തന്റെ അടുത്തിരുന്നായിരിക്കും കാസ്റ്റിങ് ആലോചിക്കുന്നതെന്നും ആരേയും കിട്ടിയില്ലെങ്കിലുള്ള ഓപ്ഷനായിരിക്കും താനെന്നും അനുമോള്‍ പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘സുഹൃത്തുക്കള്‍ സിനിമ ചെയ്യുന്ന സമയത്ത് അവര്‍ ഏതൊക്കെ ആക്ടേഴ്‌സ് ആണ് ഉള്ളത് എന്ന് നോക്കും. എന്റെ അടുത്ത് ഇരുന്ന് തന്നെയാവും നോക്കുക. ഇവളെ കാസ്റ്റ് ചെയ്താല്‍ പോരേ എന്ന് അപ്പുറത്തിരിക്കുന്ന ആള് പറയും. ഇവള് ഇവിടെ തന്നെ ഉണ്ടല്ലോ, എവിടെ പോവാനാ, ആ കുട്ടിയെ നോക്കാം, ആ കുട്ടിയെ കിട്ടിയില്ലെങ്കില്‍ ഇവളെ കാസ്റ്റ് ചെയ്യാം എന്നായിരിക്കും അപ്പോള്‍ പറയുക.
അതുപോലെ വേറെ ഒരു ഫിലിം മേക്കര്‍ ഹീറോയിനെ തപ്പുന്ന സമയത്ത് നിന്നെ പോലെ ഒരു നായികയെ വേണം, നിന്റെ കയ്യിലിരുപ്പ്, നിന്റെ അതേ സ്വഭാവം, പക്ഷേ മുടി ഷോര്‍ട്ടാക്കണം എന്ന് പറഞ്ഞു. ഓക്കെ പറഞ്ഞിട്ട് അങ്ങനെ ഉള്ള ആളാരാണെന്ന് ഞാനും ആലോചിക്കുകയാണ്. എന്നെ കാസ്റ്റ് ചെയ്തൂടെ എന്ന് ഞാന്‍ ആലോചിക്കുന്നുണ്ട്. അന്ന് അത് ചോദിക്കുന്ന ആളായിരുന്നില്ല ഞാന്‍,’ അനുമോള്‍ പറഞ്ഞു.
കുടുംബജീവിതത്തില്‍ ഭര്‍ത്താക്കന്മാര്‍ക്ക് സമൂഹം നല്‍കുന്ന അധികാരങ്ങളേയും അഭിമുഖത്തില്‍ വെച്ച് അനുമോള്‍ വിമര്‍ശിച്ചിരുന്നു. ‘ചെറുപ്പത്തിലൊക്കെ ഒരു സ്ഥലത്ത് പോകണമന്ന് പറഞ്ഞാല്‍ കല്ല്യാണം കഴിച്ചിട്ട് ഭര്‍ത്താവ് കൊണ്ടുപോകുമെങ്കില്‍ പൊയ്ക്കോളൂ, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ഇടണമെന്ന് പറഞ്ഞാല്‍ കല്ല്യാണം കഴിഞ്ഞാല്‍ ഭര്‍ത്താവ് സമ്മതിച്ചാല്‍ ഇട്ടോളൂ എന്നിങ്ങനെയാണ് മറുപടി കിട്ടിയിരുന്നത്. എല്ലാം അങ്ങനെയാണ്.
പഠിക്കണം, ജോലിക്ക് പോകണം എന്ന് പറഞ്ഞാലും ഇങ്ങനെയാണ് പറയുന്നത്. ഭര്‍ത്താവാകുമ്പോള്‍ രണ്ട് തല്ലിയാലും കഴുപ്പമില്ല. ഇങ്ങനെയാണ് നമ്മള്‍ കേട്ടു വളരുന്നത്. നാട്ടിന്‍പുറത്ത് മാത്രമേ ഇങ്ങനെയുള്ളൂ എന്നാണ് കരുതിയിരുന്നത്. പക്ഷേ എല്ലായിടത്തും ഇതുതന്നെയാണ് സ്ഥിതി,’ അനുമോള്‍ പറഞ്ഞു.
Content Highlight: Actress Anumol talks about being neglected in a film made by her friends