സജിന്‍ ബാബു സംവിധാനം ചെയ്ത പുതിയ ചിത്രമായ ബിരിയാണി എന്ന സിനിമയെ വിമര്‍ശിക്കുന്നതിനെതിരെ നടി അനുമോള്‍. എന്തിനാണ് സിനിമയില്‍ അശ്ലീലം മാത്രം കാണുന്നതെന്നാണ് നടി ചോദിക്കുന്നത്. റിപ്പോര്‍ട്ടര്‍ ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുമോള്‍.
ബിരിയാണി എന്ന ചിത്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ നിരവധി പേര്‍ മോശം കമന്റുമായി രംഗത്തെത്തിയിരുന്നു. ഇതിന് താരം മറുപടി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ചിത്രം കണ്ടിട്ട് എന്തിനാണ് ഇങ്ങനെ ഫ്രസ്‌ട്രേറ്റഡ് ആവുന്നതെന്നതെന്നാണ് അനു ചോദിക്കുന്നത്.
‘എന്തിനാണ് ഇങ്ങനെ ഫ്രസ്‌ട്രേറ്റഡ് ആകുന്നത്? ഒരു കലാരൂപമാണ്. അങ്ങനെ കണ്ടുകൂടെ? എന്തിനാണ് അതില്‍ അശ്ലീലം കാണുന്നത്? ഞാന്‍ കണ്ടതാണ് ബിരിയാണി സിനിമ. എനിക്ക് അതില്‍ ഒരു സ്ത്രീയുടെ നിസഹായത മാത്രമാണ് കാണാനായത്. നമുക്ക് എന്തുകൊണ്ടാണ് ആ ഒരു തിരിച്ചറിവ് ഉണ്ടാകാത്തത് എന്ന് മനസിലാവുന്നില്ല. ഇത്തരം സിനിമകള്‍ കൂടുതല്‍ കാണിക്കുകയും ഇത്തരം കാര്യങ്ങള്‍ ഇനിയും സംസാരിക്കുകയും ചെയ്താല്‍ മാത്രമേ ആളുകള്‍ക്ക് ഈ വകതിരിവ് ഉണ്ടാവുകയുള്ളു,’ അനുമോള്‍ പറഞ്ഞു.
അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ബിരിയാണി എന്ന ചിത്രത്തിലെ ഒരു ചെറിയ ഭാഗം പങ്കുവെച്ചത്. എന്നാല്‍ പോസ്റ്റിന് താഴെ അശ്ലീല ചുവ നിറഞ്ഞ കമന്റുകള്‍ വരികയായിരുന്നു.
‘ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് കൈയ്യില്‍ പൈസ ഉണ്ടെങ്കില്‍ പോലും നാല് പേരെ കെട്ടാന്‍ പറ്റില്ലല്ലോ’ എന്ന് കനി കുസൃതിയുടെ കഥാപാത്രം ചോദിക്കുന്ന ഭാഗമാണ് പോസ്റ്റ് ചെയ്തത്. എന്നാല്‍ സ്ത്രീകള്‍ ഒന്നിലേറെ വിവാഹം കഴിച്ചാല്‍ എയ്ഡ്‌സ് വരും, സ്ത്രീകള്‍ നാല് പേരെ വിവാഹം കഴിച്ചാല്‍ കുട്ടിയുടെ അച്ഛനാരാണെന്ന് അറിയാന്‍ സാധിക്കില്ല തുടങ്ങിയ അശ്ലീല കമന്റുകളായിരുന്നു വന്നുകൊണ്ടിരുന്നത്.
കേവ് എന്ന ഒ.ടി.ടി പ്ലാറ്റ് ഫോമിലാണ് ചിത്രം അടുത്തിടെ റിലീസ് ചെയ്തത്. 67ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശ ബഹുമതി ബിരിയാണിക്കായിരുന്നു ലഭിച്ചത്. ഇതിന് പുറമെ വിവിധ ചലചിത്ര മേളകളിലായി നിരവധി പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക