അനുമോള്‍ അഭിനയിച്ച ഏറ്റവും പുതിയ സീരിസാണ് അയലി. അയലി സീരിസിനെ തന്റെ ജീവിതവുമായി ബന്ധപ്പെടുത്തി സംസാരിക്കുകയാണ് അനുമോള്‍. ആദ്യമായി ആര്‍ത്തവരക്തം കണ്ടപ്പോള്‍ തനിക്ക് ബ്ലഡ് കാന്‍സര്‍ വന്നുവെന്നാണ് കരുതിയിരുന്നതെന്നും അമ്മ തനിക്ക് ആര്‍ത്തവത്തെക്കുറിച്ച് ഒന്നും പറഞ്ഞുതന്നിട്ടില്ലെന്നും അനുമോള്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ആദ്യമായി ബ്ലഡ് കണ്ടപ്പോള്‍ താന്‍ പേടിച്ച് ഉറക്കെ കരഞ്ഞുവെന്നും അവര്‍ പറഞ്ഞു.
ബ്രാ ഇടുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും സീരിസില്‍ പ്രതിപാദിക്കുന്നുണ്ടെന്നും അനുമോള്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അനുമോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”അയലിയില്‍ ആര്‍ത്തവത്തെക്കുറിച്ച് പറയുന്നത് ഭാവിയിലെ അമ്മമാര്‍ക്ക് റെഫറന്‍സായിരിക്കും. എന്താണ് ആര്‍ത്തവമെന്ന് എന്റെ അമ്മ എനിക്ക് പറഞ്ഞ് തന്നിട്ടില്ല. ചിലപ്പോള്‍ ഇതിനെക്കുറിച്ച് തുറന്ന് സംസാരിക്കാനുള്ള മടിയും ഇത് തുറന്ന് സംസാരിക്കേണ്ടതല്ല എന്ന ബോധവും കൊണ്ടൊക്കെയാവും അവര്‍ എനിക്ക് പറഞ്ഞ് തരാതിരുന്നത്.
സ്‌കൂളില്‍ നിന്നും ഫ്രണ്ട്‌സിന്റെ ഇടയില്‍ നിന്നെല്ലാമാണ് ഞാന്‍ കുറച്ച് ആര്‍ത്തവത്തെക്കുറിച്ച് കേട്ടിട്ടുള്ളത്. ആര്‍ത്തവത്തെക്കുറിച്ച് ഞാന്‍ ശരിയായി മനസിലാക്കിയിട്ടില്ലായിരുന്നു. ബ്ലഡ് വരുന്നത് ബ്ലഡ് കാന്‍സര്‍ ഉള്ളതുകൊണ്ടാണെന്നൊക്കെയാണ് സിനിമയിലൂടെ നമ്മള്‍ മനസിലാക്കി വെച്ചിരിക്കുന്നത്. അത് വന്നാല്‍ നായകന്‍ മരിക്കുന്നു അല്ലെങ്കില്‍ നായിക മരിക്കുന്നു.
ആര്‍ത്തവ രക്തം കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചത് എനിക്ക് ബ്ലഡ് കാന്‍സര്‍ വന്നുവെന്നാണ്. അമ്മയോട് പറഞ്ഞിട്ട് ഞാന്‍ കരച്ചിലായിരുന്നു. അമ്മക്ക് അത് കേട്ടപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. അമ്മ ചിരിച്ചിട്ട് അമ്മാമയേയും വല്യമ്മയേയും വിളിച്ച് പറഞ്ഞു. ഞാന്‍ മരിക്കാന്‍ പോകുന്നത് ഈ സ്ത്രീക്ക് ഇത്ര സന്തോഷമാണോയെന്നൊക്കെയാണ് ഞാന്‍ ചിന്തിച്ചത്.
കൂടാതെ അയലി സീരിസില്‍ കുറേ ചോദ്യങ്ങളുണ്ട്. പുതുതായിട്ട് ബ്രാ ഇടുന്ന കുട്ടിക്ക് അതുകൊണ്ട് ഉണ്ടാകുന്ന വേദനയും ഇറിറ്റേഷനും ആരും ഇതുവരെ പറഞ്ഞ് ഞാന്‍ കണ്ടിട്ടില്ല. പുതുതായിട്ട് എന്നല്ല അതിന്റെയൊരു ഇറിറ്റേഷന്‍ എത്രനാള്‍ കഴിഞ്ഞാലും ആളുകള്‍ക്ക് മനസിലാകില്ല. വലിയ കുട്ടിയായി അതുകൊണ്ട് തലകുനിച്ച് നടക്കണം അല്ലെങ്കില്‍ അടങ്ങി ഒതുങ്ങി ഇരിക്കണമെന്നൊക്കെ വീടുകളില്‍ നിന്നും കുറേ കേട്ടിട്ടുള്ളതാണ്.
പെണ്‍കുട്ടികളായാല്‍ കുറച്ച് ഒതുക്കം വേണം, ഉറക്കെ ചിരിക്കാന്‍ പാടില്ല. ഞാന്‍ ഇങ്ങനെ റോഡിലുള്ള എല്ലാവരോടും ചിരിച്ച് നടക്കുന്നത് കൊണ്ട് എന്നെ ഒക്കെ എപ്പോഴും ചീത്ത പറയാറുണ്ടായിരുന്നു. എല്ലാരെയും നോക്കി എന്തിനാണ് ചിരിക്കുന്നത് എന്ന രീതിയില്‍ എനിക്ക് നേരെ ചോദ്യങ്ങളുണ്ടാകാറുണ്ടായിരുന്നു.
വലിയ കുട്ടി ആകുന്നതോടെ ഒരുപാട് നിയന്ത്രണങ്ങളാണ് പെണ്‍കുട്ടികള്‍ നേരിടുന്നത്. സ്ത്രീകള്‍ക്ക് മേലുണ്ടാകുന്ന ഇത്തരം നിയന്ത്രണങ്ങളെക്കുറിച്ചാണ് ഈ സീരിസ് പറയുന്നത്,” അനുമോള്‍ പറഞ്ഞു.
content highlight: actress anumol about periods