ഏഴാം ക്ലാസ് മുതല്‍ എന്നെ പെണ്ണ് കാണാന്‍ വരുന്നുണ്ട്, ഞങ്ങളുടെ നാട്ടില്‍ ആരു വന്നാലും പെണ്ണിനെ കാണിക്കുമെന്ന അവസ്ഥയാണ്: അനുമോള്‍
Entertainment news
ഏഴാം ക്ലാസ് മുതല്‍ എന്നെ പെണ്ണ് കാണാന്‍ വരുന്നുണ്ട്, ഞങ്ങളുടെ നാട്ടില്‍ ആരു വന്നാലും പെണ്ണിനെ കാണിക്കുമെന്ന അവസ്ഥയാണ്: അനുമോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th February 2023, 10:43 am

ഏഴാം ക്ലാസുമുതല്‍ തന്നെ പെണ്ണ് കാണാന്‍ ആളുകള്‍ വീട്ടില്‍ വരുന്നുണ്ടെന്ന് നടി അനുമോള്‍. വീട്ടില്‍ പെണ്‍കുട്ടികള്‍ മാത്രം ഉള്ളത് കൊണ്ടും അച്ഛനില്ലാത്ത കുട്ടിയാണെന്നൊക്കെ പറഞ്ഞാണ് തന്നെ വേഗം കല്യാണം കഴിപ്പിക്കാന്‍ നോക്കിയിരുന്നതെന്നും അനുമോള്‍ പറഞ്ഞു.

ഞായറാഴ്ച വീടുകളില്‍ പെണ്‍കുട്ടികളെ പെണ്ണുകാണാന്‍ വരുന്നത് തന്റെ നാട്ടിലെ ആചാരമാണെന്നും ഒരു പെണ്‍കുട്ടിയെ കാണാന്‍ വരുമ്പോള്‍ ആ നാട്ടിലെ മറ്റ് പെണ്‍കുട്ടികളെയും കണ്ട് അവരുടെ ജാതകവും കൂടെ വാങ്ങിയാണ് പോവുകയെന്നും അനു പറഞ്ഞു.

ഇത്തരം ആചാരങ്ങളെയെല്ലാം താന്‍ പണ്ട് മുതല്‍ എതിര്‍ക്കാറുണ്ടെന്നും എന്നാല്‍ നാട്ടുനടപ്പാണെന്നാണ് തിരിച്ച് മറുപടി കിട്ടുകയെന്നും അനുമോള്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അനുമോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഏഴാം ക്ലാസ് മുതല്‍ എന്നെ പെണ്ണ് കാണാന്‍ വരുന്നുണ്ട്. എന്റെ നാട്ടില്‍ അങ്ങനെ കുറച്ച് ആചാരങ്ങളുണ്ട്. അച്ഛനില്ലാത്ത കുട്ടിയാണ് എന്നതാണ് അവര്‍ പറയുന്ന റീസണ്‍. വീട്ടില്‍ ഞങ്ങള്‍ രണ്ട് പെണ്‍കുട്ടികളാണ്. അതുകൊണ്ട് തന്നെ വെച്ചോണ്ടിരിക്കേണ്ടെ ആളുകള്‍ വരുമ്പോള്‍ പെട്ടെന്ന് പെണ്ണ് കാണിക്കുക എന്നാണ് അവര്‍ പറഞ്ഞത്.

പണ്ട് മുതലെ ഇതൊക്കെയാണ് ഞാന്‍ കേട്ടുകൊണ്ടിരുന്നത്. അന്ന് മുതല്‍ ഞാന്‍ ഇതിനോടൊക്കെ ഫൈറ്റ് ചെയ്യുന്നുണ്ട്. ഇപ്പോഴും എന്റെ നാട്ടില്‍ എനിക്ക് ഇഷ്ടമില്ലാത്ത ആചാരം എന്താണെന്ന് അറിയുമോ, ഞായറാഴ്ച പെണ്‍കുട്ടികളെ പെണ്ണുകാണല്‍ എന്ന പേരില്‍ കാണാന്‍ ആളുകള്‍ വീട്ടില്‍ വരും.

കേരളത്തിന്റെ മറ്റ് നാടുകളില്‍ ഒക്കെ വീട്ടുകാരൊക്കെ സംസാരിച്ച്, ജാതകം നോക്കിയിട്ടല്ലെ പെണ്ണിനെ കാണിക്കുക. ഞങ്ങളുടെ നാട്ടില്‍ ആരു വന്നാലും പെണ്ണിനെ കാണിക്കുമെന്ന അവസ്ഥയാണ്.

എന്നെ പെണ്ണ് കാണാന്‍ വരുന്ന ആള് എന്നെ കണ്ട് പോകുകയല്ല ചെയ്യുക. ആ ഭാഗത്തുള്ള ബാക്കി വീടുകളിലും കയറി ഇറങ്ങും. എന്നിട്ട് അവരുടെയെല്ലാം ജാതകം വാങ്ങിയിട്ടാണ് പോവുക. ഞങ്ങളുടെ നാട്ടില്‍ മാത്രമെ ഇത്തരമൊരു രീതിയുള്ളു. ഞാന്‍ എപ്പോഴും അതിനോട് തര്‍ക്കിക്കാറുണ്ട്. നാട്ടുനടപ്പാണെന്നാണ് പറയുക,” അനുമോള്‍ പറഞ്ഞു.

content highlight: actress anumol about her village