കരിയറില്‍ ഇതുവരെയൊരു ഇടവേള വന്നതായി തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്ന് നടി അനു സിത്താര. താന്‍ സിനിമകളിലൊക്കെ അഭിനയിക്കുന്നുണ്ടെന്നും എന്നാല്‍ റിലീസ് ചെയ്യാന്‍ വൈകുന്നതാണെന്നും താരം പറഞ്ഞു. തിരക്കഥ നോക്കിയാണ് താന്‍ സിനിമ തെരഞ്ഞെടുക്കുന്നതെന്നും നല്ല സിനിമകളുടെ ഭാഗമാകാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ കുറിച്ചും താരം സംസാരിച്ചു. രാമന്റെ ഏദന്‍ തോട്ടം എന്ന സിനിമയിലെ മാലിനി എന്ന കഥാപാത്രമാണ് താന്‍ അവതരിപ്പിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ടതെന്നും കൂടാതെ ക്യാപ്റ്റന്‍ സിനിമയിലെ അനിത എന്ന കഥാപാത്രവും നീയും ഞാനും സിനിമയിലെ കഥാപാത്രവും വളരെ പ്രിയപ്പെട്ടതാണെന്നും സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അനു സിത്താര പറഞ്ഞു.
‘കരിയറില്‍ ഇടവേള സംഭവിച്ചതായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. കാരണം റിലീസ് ചെയ്യാന്‍ താമസിച്ചെങ്കിലും സിനിമകളുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. മറ്റാരെങ്കിലും ചോദിക്കുമ്പോഴാണ് ഞാന്‍ അഭിനയിച്ച സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്തിട്ട് കുറച്ച് കാലമായല്ലോ എന്ന് ചിന്തിക്കുന്നത്. പിന്നെ ഇടവേള സംഭവിച്ചല്ലോ എന്ന് ഞാനും ചിന്തിക്കാറില്ല. ഇതുവരെ നല്ല സിനിമകളുടെ ഭാഗമായി സഞ്ചരിക്കാന്‍ സാധിച്ചു.
സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ തിരക്കഥ എനിക്ക് ഇഷ്ടപ്പെടുക എന്നതാണ് പ്രധാന കാര്യം. ആ കഥാപാത്രം ഞാന്‍ ചെയ്താല്‍ നന്നാകുമോ എനിക്ക് ചേരുമോ എന്നൊക്കെ ചിന്തിക്കാറുണ്ട്. എനിക്ക് ആത്മവിശ്വാസം തോന്നുമ്പോഴാണ് ഓരോ സിനിമയും തെരഞ്ഞെടുക്കുന്നത്. ഞാന്‍ ചെയ്താല്‍ നന്നാകുമോ എന്ന് ചെറിയ സംശയം തോന്നിയാല്‍ പോലും ഞാനത് ചെയ്യില്ല എന്ന് പറയും.
ഞാന്‍ ചെയ്തിട്ടുള്ളതില്‍ മനസിനോട് ഏറ്റവും ചേര്‍ത്ത് നിര്‍ത്തുന്നത് രാമന്റെ ഏദന്‍ തോട്ടത്തിലെ മാലിനി എന്ന കഥാപാത്രത്തെയാണ്. ആ സിനിമയാണ് എനിക്ക് കരിയറില്‍ ഒരു ബ്രേക്ക് തന്നത്. രാമന്റെ ഏദന്‍ തോട്ടവും മാലിനിയേയും ഇന്നും ഇഷ്ടമാണെന്ന് ആളുകള്‍ പറയുമ്പോള്‍ വളരെ സന്തോഷമാണ് തോന്നുന്നത്.
അങ്ങനെ ഇഷ്ടം തോന്നിയ മറ്റൊരു കഥാപാത്രം ക്യാപ്റ്റനിലെ അനിതയാണ്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെയാണ് ഞാന്‍ ക്യാപ്റ്റനില്‍ അവതരിപ്പിച്ചത്. അത് വലിയൊരു ഭാഗ്യമായാണ് കരുതുന്നത്. ക്യാപ്റ്റന്‍ റിലീസ് ചെയ്ത് കഴിഞ്ഞപ്പോള്‍ മികച്ച അഭിപ്രായം ലഭിച്ചിരുന്നു.
ഈ സിനിമയൊക്കെ കഴിഞ്ഞാല്‍ നീയും ഞാനും ചിത്രത്തിലാണ് മികച്ചൊരു കഥാപാത്രം ഞാന്‍ ചെയ്തത്. തിയേറ്ററില്‍ വലിയ വിജയം നേടിയില്ലെങ്കിലും പിന്നീട് ടി.വിയിലും സോഷ്യല്‍ മീഡിയയിലും വന്നതിന് ശേഷം നിറയെ ആളുകള്‍ ആ സിനിമയെ കുറിച്ച് പറയാറുണ്ട്. അത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ്,’ അനു സിത്താര പറഞ്ഞു.
content highlight: actress anu sithra about her film career