| Saturday, 10th July 2021, 4:28 pm

അപ്പയുടെയും അമ്മയുടെയും പ്രായത്തിലുള്ളവര്‍ വിളിച്ചു, ഇതുപോലൊരു സാഹചര്യത്തിലൂടെ അവരും കടന്നുപോയെന്ന് പറഞ്ഞു; അന്ന ബെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായെത്തിയ സാറാസ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രം മുന്നോട്ട് വെയ്ക്കുന്ന ആശയത്തെ വിമര്‍ശിച്ചും സ്വീകരിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ആണ്‍-പെണ്‍ വ്യക്തി സ്വാതന്ത്ര്യമാണ് ചിത്രത്തിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് പറയുകയാണ് നടി അന്ന ബെന്‍. ബിഹൈന്‍ഡ് വുഡിന് നല്‍കിയ അഭിമുഖത്തിലാണ് അന്ന മനസ്സുതുറന്നത്.

‘ജൂഡ് ഏട്ടന്‍ കഥപറയുമ്പോള്‍ തന്നെ സംസാരിച്ചത് വ്യക്തി സ്വാതന്ത്ര്യം എന്ന സംഗതിയാണ്. അത് വ്യക്തമായി സിനിമയില്‍ കാണിക്കണമെന്നത് തന്നെയായിരുന്നു ലക്ഷ്യം. ആ ഒരു മനസ്സോടെയാണ് ചിത്രം ചെയ്തതും.

പിന്നെ വ്യക്തിസ്വാതന്ത്ര്യം എന്ന് പറയുന്നത് ഏത് ജനറേഷനില്‍ ഉള്ള ആള്‍ക്കാര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്ന ഒന്നാണ്. സിനിമ കണ്ട് കഴിഞ്ഞ് എന്നെ കുറേ പ്രായമായ ദമ്പതിമാര്‍ വിളിച്ചിരുന്നു. എന്റെ അപ്പയുടെയും അമ്മയുടെയും വരെ പ്രായമുള്ളവരാണ് വിളിച്ചതില്‍ ഒരു വിഭാഗം.

തങ്ങളും ഇതില്‍ക്കൂടി കടന്നുപോയിട്ടുണ്ടെന്നാണ് അവര്‍ പറഞ്ഞത്. കല്യാണം കഴിഞ്ഞ സമയത്ത് ഒക്കെ ഇതുപോലത്തെ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ എന്നോട് പറഞ്ഞു.

എന്റെ ജനറേഷനിലെ ആള്‍ക്കാരെ മാത്രമല്ല എന്നെക്കാള്‍ മുന്നേയുള്ള തലമുറയിലെ ആള്‍ക്കാരാണ് ഈ പറയുന്നത്. ഈ ഒരു വിഷയം ഏത് തലമുറയിലും പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്,’ അന്ന ബെന്‍ പറഞ്ഞു.

അന്നബെന്‍, സണ്ണി വെയ്ന്‍, മല്ലിക സുകുമാരന്‍, ബെന്നി പി. നായരമ്പലം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി. പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.

ഗര്‍ഭിണിയാകല്‍, അബോര്‍ഷന്‍, പാരന്റിംഗ് ഇവയുടെ വിവിധ വശങ്ങള്‍ ഒരു സ്ത്രീയുടെ ഭാഗത്ത് നിന്ന്, അതും കുട്ടികളെ വളര്‍ത്താന്‍ താല്‍പര്യം ഇല്ലാത്ത ഒരു സ്ത്രീയുടെ ഭാഗത്തു നിന്നുകൊണ്ടാണ് ചിത്രം പറയുന്നത്.

ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തെ, സുപരിചിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് പ്രേക്ഷകനോട് സംവദിക്കുന്ന ചിത്രമാണ് സാറാസ്.

ഒരു വശത്ത് ഗര്‍ഭിണിയാകല്‍, കുട്ടികള്‍, പാരന്റിംഗ്, കുടുംബം, ബന്ധുജനങ്ങള്‍ എന്നിവയും അപ്പുറത്ത് സ്വന്തം ജീവിതം, സ്വപ്നം, ശരീരം, താല്‍പര്യം എന്നിവ വരുമ്പോള്‍ സ്ത്രീകള്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളും ചിത്രം വ്യക്തതയോടെ സംസാരിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Actress Anna Ben Talks About Sara’S Movie

We use cookies to give you the best possible experience. Learn more