കുമ്പളങ്ങി നൈറ്റ്സിലെ ബേബിയായി മലയാളികൾക്കിടയിലേക്ക് കടന്നു വന്ന് ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത നടിയാണ് അന്ന ബെൻ. തിരക്കഥകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ. എന്നാൽ തന്റെ സിനിമ പ്രവേശനത്തിനായി ഒരിക്കൽ പോലും അച്ഛന്റെ പേര് ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തിയാണ് അന്നയെന്ന് താരം മുൻപും പറഞ്ഞിട്ടുണ്ട്.
ആദ്യ സിനിമയായ കുമ്പളങ്ങി നൈറ്റ്സിൽ ഓഡിഷൻ വഴിയാണ് അന്ന എത്തുന്നത്. കപ്പേള എന്ന ചിത്രത്തിലെ പ്രകടനത്തിന് ആ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടാനും അന്നയ്ക്ക് കഴിഞ്ഞു.
തുടരെ തുടരെ സിനിമകൾ ചെയ്യാതെ ഒരു ഇടവേളയെടുത്ത് അഭിനയിക്കാൻ ഇഷ്ടമുള്ള ആളാണ് താനെന്നാണ് അന്ന പറയുന്നത് . ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ ഒരുപാട് ചിന്തിക്കാറുണ്ടെന്നും താരം പറയുന്നു.
ധന്യാ വർമ്മയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അന്ന ബെൻ.
‘പപ്പ എപ്പോഴും പറയാറ് ഞാൻ ബാക്ക് ടു ബാക്ക് പടങ്ങൾ ചെയ്തുകൊണ്ടിരിക്കണമെന്നാണ്. പക്ഷെ ഓരോ ചിത്രങ്ങൾ കഴിയുമ്പോഴും അതിൽ നിന്ന് പുറത്തുവരാൻ എനിക്കൊരു ഇടവേള ആവശ്യമാണ് ‘, അന്ന പറയുന്നു.
‘എന്റേതായ രീതിയിൽ ഞാൻ എനിക്കിഷ്ടമുള്ള സംവിധായകരോട് എനിക്ക് പറ്റിയപോലെ സംസാരിക്കാറുണ്ട്. എനിക്ക് തോന്നുന്നത് “നാരദൻ” അങ്ങനെയാണ് എനിക്ക് കിട്ടിയത്. ആഷികേട്ടനോട് ഞാൻ പറഞ്ഞിരുന്നു എപ്പോഴെങ്കിലും എനിക്ക് ചെയ്യാൻ കഴിയുന്നൊരു റോൾ ഉണ്ടെന്ന് തോന്നിയാൽ തീർച്ചയായും എന്നെ വിളിക്കണമെന്ന്’, അന്ന പറയുന്നു. ആഷിഖ് അബു ചിത്രം നാരദനിൽ താനെത്തിയതെങ്ങനെയെന്ന് പറയുകയാണ് അന്ന.
‘എനിക്ക് താല്പര്യമുള്ള സംവിധായകർക്ക് അവരുടെ വർക്ക് കണ്ട് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്‌താൽ കഴിയുമെങ്കിൽ അടുത്ത പ്രൊജക്ടിൽ എന്നെയും ഭാഗമാക്കാൻ ശ്രമിക്കാം എന്ന് അവർ പറയാറുണ്ട്’, അന്ന പറഞ്ഞു.
കുറെ നാൾ സിനിമയൊന്നും ചെയ്യാതെ വിശ്രമിക്കുമ്പോൾ ഇനി തന്നെ ആരും വിളിക്കില്ലേ എന്നോർത്ത് ഇടയ്ക്ക് ടെൻഷൻ തോന്നാറുണ്ടെങ്കിലും എല്ലാ നല്ല കാര്യങ്ങളും മെല്ലെ നടക്കുമെന്ന് ശക്തമായി വിശ്വസിക്കുന്ന ആളാണ് അന്ന ബെൻ. അതുകൊണ്ട് തന്നെ ഇനിയും തന്നെ തേടി വരാനിരിക്കുന്ന നല്ല ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് അന്ന ബെൻ.
Content Highlight : Actress Anna Ben Talk About Her Role In Naradhan Movie