| Thursday, 12th October 2023, 11:13 am

ഷൂട്ടിന്റെ ഇടയിലെല്ലാം നിലത്തിരുന്ന് കരയുകയായിരുന്നു; കപ്പേളയും ഹെലനും ചെയ്യുമ്പോള്‍ മാനസികമായി തകര്‍ന്നിരുന്നു: അന്ന ബെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

യുവ നടികളിൽ ശ്രദ്ധേയയാണ് അന്ന ബെൻ. ചുരുങ്ങിയകാലം കൊണ്ട് മികച്ച പ്രകടനങ്ങളിലൂടെ തിളങ്ങിയ അന്ന തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് പങ്കുവെക്കുകയാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴും താൻ ഏറ്റവും വലിയ ആശങ്കയിലായിരുന്നു എന്നായിരുന്നു അന്ന പറയുന്നത്.

ധന്യാ വർമ്മയുമൊത്തുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അന്ന. ജീവിതത്തിലെ പ്രശ്നങ്ങൾ തന്റെ സിനിമാ യാത്രയിൽ എത്രത്തോളം ബാധിച്ചിരുന്നു എന്നും അന്ന പറയുന്നു.

‘ഞാൻ ഒരുപാട് കടന്നു ചിന്തിക്കുന്ന ഒരാളാണ്. ഒരു കാര്യത്തെക്കുറിച്ച് ഒരുപാട് ആലോചിക്കുക എന്നത് എന്റെ ഒരു വലിയ പ്രശ്നമാണ്. എനിക്ക് വേണ്ടപ്പെട്ടവരെ കുറിച്ചും വീട്ടുകാരെ കുറിച്ചുമെല്ലാം എപ്പോഴും എനിക്ക് ആശങ്കകളുണ്ട്. പലപ്പോഴും എനിക്ക് ഉറക്കം കിട്ടാറില്ല. പുലർച്ചെ നാലുമണി അഞ്ചുമണി വരെയൊക്കെ ഞാനിങ്ങനെ ഉറങ്ങാതെ കിടക്കാറുണ്ട്. പല കാര്യങ്ങളെ കുറിച്ചും വലിയ ആകുലതകളാണ്.

പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെങ്കിലും ചിലപ്പോൾ ഷൂട്ടിന്റെ ഇടയിലെല്ലാം ഞാൻ നിലത്തിരുന്നു കരയാറുണ്ട്. എനിക്കൊരു തെറാപ്പിസ്റ്റ് ഉണ്ട്. നമ്മൾ വളരെ ഡൗണായി ഇരിക്കുന്ന സമയത്ത് ശരിയായ രീതിയിൽ പലതും നമുക്ക് ആലോചിച്ചെടുക്കാൻ കഴിയില്ല. അത്തരം സാഹചര്യത്തിൽ അതിൽ നിന്ന് പുറത്തു വരാനുള്ള ചില വഴികളും വ്യായാമങ്ങളുമെല്ലാം എനിക്ക് തെറാപ്പിസ്റ്റ് പറഞ്ഞു തന്നിട്ടുണ്ട്.

ഏറ്റവും ഉയർന്ന സ്റ്റേജിലോട്ട് പോയിട്ടില്ലെങ്കിലും എനിക്ക് തന്നെ സ്വയം നിയന്ത്രിക്കാൻ കഴിയുന്ന പ്രശ്നങ്ങളാണ് ഇപ്പോഴുള്ളത്. ഇങ്ങനെയൊരു ഇൻഡസ്ട്രിയിൽ വർക്ക് ചെയ്യുന്നതുകൊണ്ടുതന്നെ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. എന്റെ തീരുമാനങ്ങൾ അനുസരിച്ചാണല്ലോ എല്ലാ കാര്യങ്ങളും നടക്കുക. അതുകൊണ്ടുതന്നെ ആ കാര്യത്തിൽ എനിക്ക് ഒരുപാട് പ്രായസങ്ങളുണ്ട്.

കുമ്പളങ്ങി നൈറ്റ്സ് ഇറങ്ങി കഴിഞ്ഞ് ഹെലനിലേക്ക് എത്തിയപ്പോൾ ഒരുപാട് ഹൈപ്പ് ഉണ്ടായിരുന്നു. ഒരുപാട് നല്ല കാര്യങ്ങൾ നടന്ന കാലമാണത്. എന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴും ഞാൻ ഏറ്റവും വലിയ ആശങ്കയിലായിരുന്നു. ഇത്രയും നല്ല കാര്യം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ട് ഞാൻ എന്താണ് സന്തോഷത്തോടെ ഇരിക്കാത്തതെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്.

ഒരുപാട് ആളുകൾ ഒരുമിച്ചു വരുമ്പോൾ എനിക്കത് കൈകാര്യം ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആളുകൾ ചോദ്യം ചോദിക്കുമ്പോഴും ഫോട്ടോ എടുക്കുമ്പോഴും അല്ലെങ്കിൽ എന്നോട് എന്തെങ്കിലും നല്ലത് പറയുമ്പോഴുമെല്ലാം എനിക്ക് വല്ലാത്ത പ്രയാസം തോന്നും. പ്രതിബദ്ധത ഉള്ളത് കൊണ്ട് തന്നെ പല പരിപാടികൾക്കും തീർച്ചയായും പങ്കെടുക്കേണ്ടി വരും.

ഏതു ഡ്രസ്സ് ഇടണമെന്ന് തീരുമാനം എടുക്കാനാവാതെ ഞാൻ ഒരിക്കൽ ഇരുന്നു കരഞ്ഞിട്ടുണ്ട്. കപ്പേളയും ഹെലനുമെല്ലാം ചെയ്യുമ്പോൾ ഞാൻ മെന്റലി അത്രയും തകർന്ന സമയമായിരുന്നു. ഇതെല്ലാം കഴിയുമ്പോൾ ഒരു പാതി ചത്ത അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടാവും ഞാൻ, ‘ അന്ന പറയുന്നു.

Content Highlight : Actress Anna Ben Talk About Her Mental Stress

We use cookies to give you the best possible experience. Learn more