സിനിമയിൽ പല സാഹചര്യങ്ങളിലും തനിക്ക് ശബ്ദം ഉയർത്തി സംസാരിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് നടി അന്ന ബെൻ പറയുന്നത്. സിനിമാ മേഖലയിൽ നമ്മൾ നിശബ്ദരായി ഇരുന്നാൽ ചിലരത് ഉപയോഗിക്കുമെന്നും അന്ന കൂട്ടിച്ചേർത്തു. ധന്യ വർമ്മയുമൊത്തുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ എന്റെ മുഖം കണ്ടിട്ട് അവൾ ഒരു ചെറിയ കുട്ടിയാണെന്നും അവൾക്ക് ഒന്നുമറിയില്ലെന്നും ആളുകൾ പറയുന്ന സാഹചര്യം എനിക്കുണ്ടായിട്ടുണ്ട്. ഇതൊരു പാവം കുട്ടിയാണെന്ന് പറഞ്ഞാൽ അത് നേട്ടമായി എടുക്കുന്ന ഒരുപാട് പേരുണ്ട്. പലപ്പോഴും ചിലയിടങ്ങളിൽ എനിക്ക് ശബ്ദമുയർത്തേണ്ടി വന്നിട്ടുണ്ട്.
ഒരു വ്യക്തിയെന്ന നിലയിൽ പലകാര്യങ്ങളും ചോദിച്ചു വാങ്ങുന്നത് എനിക്കിഷ്ടമല്ല. ഏറ്റവും മിനിമലായ രീതിയിൽ ഒന്നുമില്ലെങ്കിലും എനിക്ക് അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോവാൻ കഴിയും. എത്ര ഡിസ്കംഫർട്ടബിൾ ആണെങ്കിലും ഞാനത് എങ്ങനെയെങ്കിലും മാനേജ് ചെയ്യും. പക്ഷേ സിനിമയിൽ അത് പല രീതിയിലാണ്.
ചില സമയത്ത് നമ്മൾ ഒന്നും മിണ്ടാതെ ഇരിക്കുകയാണെങ്കിൽ ചിലരത് ഉപയോഗിക്കും. ആ സമയത്തൊക്കെ എന്റെ ക്യാരക്ടറിനെ മാറ്റി നിർത്തിയിട്ട് എനിക്ക് ഒരുപാട് കാര്യങ്ങൾ ചോദിക്കേണ്ടി വന്നിട്ടുണ്ട്. അതിൽ ഞാൻ ഒട്ടും കംഫർട്ടബിൾ അല്ല.