തനിക്കിനി ആക്ഷനും കോമഡിയുമുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യമെന്ന് പറയുകയാണ് നടി അന്ന ബെന്‍. ഇതുവരെ ചെയ്ത ചിത്രങ്ങളെല്ലാം ത്രില്ലര്‍ ചുവയുള്ളതായിരുന്നുവെന്നും അതില്‍ നിന്നും മാറി എന്റര്‍ടെയ്‌നിങ്ങായ കഥാപാത്രങ്ങളെ വേണമെന്ന് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ അന്ന പറഞ്ഞു.
‘മാക്‌സിമം ഡിഫറന്റായിട്ടുള്ള പരിപാടിയാണ് ചെയ്യാന്‍ നോക്കുന്നത്. എനിക്ക് ആക്ഷന്‍ ചെയ്യാന്‍ ഇഷ്ടമാണ്. കോമഡി ചെയ്യാന്‍ ഇഷ്ടമാണ്. ഇതൊക്കെ ചെയ്യാന്‍ പറ്റുമോ എന്നറിയില്ല. ഒന്നു ശ്രമിച്ച് നോക്കാന്‍ താല്‍പര്യമുണ്ട്. ഞാന്‍ ചെയ്തിരിക്കുന്നതെല്ലാം ത്രില്ലര്‍ ചുവയുള്ള പടങ്ങളാണെന്നാണ് തോന്നിയിട്ടുള്ളത്. കുറച്ച് സ്ട്രഗിളിങ്ങും ഡാര്‍ക്ക്‌നെസുമുള്ള പരിപാടിയാണ്. എനിക്ക് എന്റര്‍ടെയ്‌നിങ് ലെവലില്‍ ചെയ്യണമെന്ന് താല്‍പര്യമുണ്ട്. കോമഡിയും ആക്ഷനും ചെയ്യണം. അതില്‍ ആക്ഷന്‍ തീര്‍ച്ചയായും ചെയ്യണം. അത് വേഗം നടക്കട്ടെ. ആക്ഷനെക്കാള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് കോമഡിയായിരിക്കും,’ അന്ന പറഞ്ഞു.
താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായ കാപ്പയെ കുറിച്ചും സംസാരിച്ചു. ‘ഫെഫ്കയുടെ മൂവി ആയിട്ടാണ് കാപ്പ വരുന്നത്. കഥ കേട്ടപ്പോള്‍ ഇന്റസ്റ്റിങ്ങായി തോന്നി. ഫെഫ്കയുടെ സിനിമയാകുമ്പോള്‍ എന്ത് കഥയാണെങ്കിലും അതിന്റെ ഭാഗമാകുക എന്നതാണല്ലോ. ഫെഫ്ക ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് എക്‌സൈറ്റ്‌മെന്റായിരുന്നു. എന്തായാലും നോക്കാമെന്നുള്ള രീതിയില്‍ തന്നെയായിരുന്നു. പപ്പയും ഫെഫ്കയില്‍ മെമ്പറാണ്. ഇതിന്റെ ഡെവലപ്പ്‌മെന്റ്‌സൊക്കെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു,’ അന്ന പറഞ്ഞു.
ബിനു എന്ന തന്റെ കഥാപാത്രത്തെ പറ്റി നേരത്തേയും മറ്റൊരു അഭിമുഖത്തില്‍ അന്ന സംസാരിച്ചിരുന്നു. ‘ബിനു എന്ന കഥാപാത്രത്തിന്റെ യാത്ര അതിലുണ്ട്. അവരെന്താണെന്നും അവരുടെ ലക്ഷ്യമെന്താണെന്നും തുടക്കത്തില്‍ മനസിലാവില്ല. ഈ സിനിമയില്‍ എന്തുകൊണ്ടാണ് ചില കാര്യങ്ങള്‍ നടക്കുന്നതെന്ന് കുറച്ച് കഴിയുമ്പോഴേ ഒരു ക്ലാരിറ്റി കിട്ടുകയുള്ളൂ. ട്രെയ്ലറില്‍ കാണുന്ന കഥാപാത്രമല്ല ശരിക്കും സിനിമയിലുള്ളത്. അവര്‍ക്ക് പുറകില്‍ ഒരുപാട് കഥകളുണ്ട്. സത്യത്തില്‍ ഇതിലുള്ള എല്ലാ കഥാപാത്രങ്ങളും അങ്ങനെയാണ്. ഒരുപാട് ബാക്ക് സ്റ്റോറീസുള്ള കഥാപാത്രങ്ങളാണ് എല്ലാവരും.
ഒരേപോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാതിരിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്. കാപ്പയില്‍ എനിക്ക് പല ലുക്ക് വരുന്നുണ്ട്. ഭയങ്കര ഇന്ററസ്റ്റിങ്ങായ കഥാപാത്രമാണ്. എന്റെ കോമ്പിനേഷന്‍ സീന്‍സ് മുഴുവന്‍ ആസിഫിക്കയുടെ കൂടെയായിരുന്നു. അപര്‍ണയുയെടും പൃഥ്വിയുടെയുമൊപ്പമില്ല. ആസിഫിക്കയോടൊപ്പമുള്ള അഭിനയം വളരെ രസകരമായിരുന്നു. ഞങ്ങള്‍ നല്ല എന്‍ജോയ് ചെയ്താണ് വര്‍ക്ക് ചെയ്തത്,’ അവര്‍ പറഞ്ഞു.
പൃഥ്വിരാജ് നായകനായ കാപ്പ കഴിഞ്ഞ ഡിസംബര്‍ 22നായിരുന്നു തിയേറ്ററിലെത്തിയത്. അടുത്തിടെ ചിത്രം ഒ.ടി.ടി റിലീസായും ഇറങ്ങിയിരുന്നു. എന്നാല്‍ ഒ.ടി.ടി റിലീസിന് പിന്നാലെ അന്നയുടെ കഥാപാത്രമായ ബിനുവിനെതിരെ വലിയ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ഒരു ഗുണ്ടാ ഗ്യാങ്ങിന്റെ നേതാവായ ബിനു കഥാപാത്രം ആവശ്യപ്പെട്ട ഇംപാക്ട് ഉണ്ടാക്കിയില്ല എന്നാണ് വിമര്‍ശനങ്ങളിലും ട്രോളുകളിലും കണ്ടിരുന്നത്. അപര്‍ണ അവതരിപ്പിച്ച കഥാപാത്രമായ പ്രമീളക്കെതിരെയും ഇത്തരം വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
Content Highlight: Actress Anna Ben says that she likes to do action and comedy roles