മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അന്ന ബെന്‍. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ തന്നിലെ അഭിനയ പ്രതിഭയെ അടയാളപ്പെടുത്താനും ആരാധകരുടെ പ്രിയങ്കരിയായി മാറാനും അന്നയ്ക്ക് സാധിച്ചിട്ടുണ്ട്.
മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സിലെ ബേബി മോളായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അന്ന തുടര്‍ന്ന് അഭിനയിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹെലനും കപ്പേളയും ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സാറാസും മികച്ച പ്രതികരണമാണ് നേടിയത്.
സിനിമയില്‍ തനിക്ക് ക്രഷ് തോന്നിയ നടന്‍ ആരെന്ന് പറയുകയാണ് അന്ന. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇഷ്ടതാരങ്ങളെ കുറിച്ചും സെലിബ്രറ്റി ക്രഷിനെ കുറിച്ചുമെല്ലാം അന്ന സംസാരിക്കുന്നത്.
തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണെന്ന ടാഗ് എവിടേയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സ്‌കൂളിലൊക്കെ ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു അന്നയുടെ മറുപടി. പക്ഷേ പഠിച്ചില്ലെങ്കില്‍ ഒരു പേരും ഉപയോഗിച്ചിട്ട് കാര്യമില്ലെന്നും താരം പറയുന്നു.
ബെന്നിയുടെ മകളെന്ന ഐഡന്റിന്റി സിനിമാ മേഖലയില്‍ ഉപകാരപ്പെട്ടോ എന്ന ചോദ്യത്തിന് അച്ഛനോടുള്ള ആളുകളുടെ സ്‌നേഹം തന്നിലേക്ക് പകര്‍ന്നു വരാറുണ്ടെന്നായിരുന്നു അന്നയുടെ മറുപടി.
‘അച്ഛന് സിനിമയില്‍ ഇത്രയും വര്‍ഷത്തിന്റെ അനുഭവമുണ്ട്. അച്ഛനോട് ആളുകള്‍ക്കുള്ള ബഹുമാനം, സ്‌നേഹം ഇതൊക്കെ എന്നിലേക്ക് വരുന്നുണ്ട്. അത് ഗുണം ചെയ്യുന്ന കാര്യമാണ്. സെറ്റിലേക്കൊക്കെ ചെല്ലുമ്പോള്‍ അവിടെയുള്ള കണ്‍ട്രോളറായാലും പ്രൊഡക്ഷനില്‍ ഉള്ളവരായാലും അവരൊക്കെ അച്ഛനൊപ്പം വര്‍ക്ക് ചെയ്തവരായിരിക്കും. ചെറുപ്പത്തില്‍ അവര്‍ എന്നേയും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്നെ അവര്‍ അവരുടെ മകളായും അടുത്ത ആളായുമാണ് കാണുന്നത്,” അന്നെ ബെന്‍ പറയുന്നു.