സൗന്ദര്യവര്‍ധക വസ്തുക്കളുണ്ടാക്കുന്ന കമ്പനികളെ കുറിച്ചും മേക്കപ്പിനെ കുറിച്ചും സംസാരിച്ച് അന്ന ബെന്‍. യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യസങ്കല്‍പങ്ങളാണ് കമ്പനികള്‍ വളര്‍ത്തുന്നതെന്ന് അന്ന ബെന്‍ പറയുന്നു. മേക്കപ്പ് ഉപയോഗിക്കുന്നത് സ്വന്തം ശരീരത്തിലെ നമുക്ക് ഇഷ്ടമില്ലാത്ത എന്തെങ്കിലും ഒളിപ്പിച്ചു വെയ്ക്കാനല്ല, നമ്മള്‍ എന്താണോ അത് ആഘോഷിക്കാനാണെന്നും നടി പറഞ്ഞു.
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പിലാണ് നടി ഇക്കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.
തന്നെയും തന്റെ ശരീരത്തെയും സ്വയം അംഗീകരിക്കാന്‍ ഏറെ സമയമെടുത്തുവെന്നും ഏറെ കരുത്ത് വേണ്ടിയിരുന്ന ഒരു യാത്രയായിരുന്നു ഇതെന്നും അന്ന ബെന്‍ പറയുന്നു. നമുക്ക് നമ്മുടെ ശരീരത്തെ കുറിച്ച് തോന്നുന്ന ഇഷ്ടമില്ലായ്മയില്‍ നിന്നും അരക്ഷിതാവസ്ഥ സൃഷ്ടിച്ചെടുത്തും അത് മാര്‍ക്കറ്റ് ചെയ്യുകയാണ് കമ്പനികള്‍. അത്തരം കമ്പനികള്‍ യാഥാര്‍ത്ഥ്യത്തിന് ചേരാത്ത സൗന്ദര്യ സങ്കല്‍പങ്ങളാണ് വളര്‍ത്തുന്നതെന്നും അന്ന ബെന്‍ പറഞ്ഞു.
ഇതൊക്കെ തിരിച്ചറിയാനും നമ്മള്‍ ഓരോരുത്തരും വ്യത്യസ്തരാണെന്ന് മനസ്സിലാക്കി സ്വയം അംഗീകരിക്കാനും സാധിച്ചതാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ തനിക്ക് ഏറ്റവും സംതൃപ്തി നല്‍കുന്ന കാര്യമെന്നും അന്ന ബെന്‍ കൂട്ടിച്ചേര്‍ത്തു.
മേക്കപ്പിനോട് ഇഷ്ടവും വെറുപ്പും തോന്നിയിട്ടുണ്ട്. മേക്കപ്പിട്ടാല്‍ ശരീരത്തില്‍ എനിക്ക് ഇഷ്ടമില്ലാത്ത ഭാഗങ്ങളെ മറയക്കാനോ അല്ലെങ്കില്‍ അത് ശരിയാക്കിയെടുക്കാനോ സാധിക്കുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നു. അങ്ങനെ എന്തെങ്കിലും ഒളിപ്പിച്ചു വെയ്ക്കാനുള്ളതല്ല മേക്കപ്പ്. സ്വയം അംഗീകരിക്കാനും നമ്മള്‍ എന്താണോ അതിനെ ആഘോഷിക്കാനുള്ളതുമാണ് മേക്കപ്പെന്നും അന്ന കുറിപ്പില്‍ പറയുന്നു.
തന്റെ കുറിപ്പ് വായിക്കുന്ന ആരെങ്കിലും സമാനമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഉള്ളിലും പുറത്തും സൗന്ദര്യമുള്ളവരാണെന്ന് മനസ്സിലാക്കണമെന്നാണ് പറയാനുള്ളതെന്നും അന്ന ബെന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക