| Saturday, 26th December 2020, 3:09 pm

അഭിനയം മോശമാണെങ്കില്‍ നിര്‍ത്തിക്കളയാം എന്നായിരുന്നു മനസില്‍: അന്ന ബെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയകാലംകൊണ്ട് ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളത്തില്‍ പേരെടുക്കാനായ താരമാണ് അന്ന ബെന്‍. കുമ്പളങ്ങി നൈറ്റ്‌സിലും ഹെലനിലും കപ്പേളയിലും അന്ന പ്രേക്ഷകരെ അതിശയിപ്പിച്ചു. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രമാണ് അന്ന ബെന്നിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

എന്നാല്‍ സിനിമയായിരിക്കും തന്റെ കരിയര്‍ എന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അഭിനയം മോശമാണെങ്കില്‍ നിര്‍ത്തിക്കളയാം എന്ന ഒരു ചിന്തയിലാണ് സിനിമയിലെത്തിയതെന്നുമാണ് അന്ന പറയുന്നത്. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു അന്ന.

‘കുമ്പളങ്ങിയ്ക്ക് ശേഷം എന്നൊരു പ്ലാന്‍ മനസിലുണ്ടായിരുന്നില്ല. അഭിനയം മോശമാണെങ്കില്‍ നിര്‍ത്തിക്കളയാം എന്നായിരുന്നു മനസില്‍. എന്നാല്‍ പ്രതീക്ഷിച്ചതിലേറെ സൗഭാഗ്യങ്ങള്‍ എനിക്ക് കിട്ടി. ആ എക്‌സൈറ്റ്‌മെന്റിലാണ് ഇപ്പോഴും അഭിനയിച്ചുകൊണ്ടിരിക്കുന്നത്’, അന്ന ബെന്‍ പറയുന്നു.

കുമ്പളങ്ങി നൈറ്റ്‌സിലെത്തുന്നത് ഓഡീഷന്‍ വഴിയാണ്. ബേബി മോള്‍ എന്ന കഥാപാത്രത്തിന് ഞാന്‍ വിചാരിച്ചതിനേക്കാളും മൈലേജ് ലഭിച്ചു. അതിന് ശേഷം ചെയ്ത ഹെലന്‍ എന്ന കഥാപാത്രവും ഏറെ പ്രശംസ നേടിത്തന്നു. കോള്‍ഡ് സ്‌റ്റോറേജ് മുറിയില്‍ ഷൂട്ടിങ് വേണ്ടി ഷൂട്ടിന് വേണ്ടി ഏറെ നേരം ചിലവിടേണ്ടി വന്നിട്ടുണ്ട്. മൈനസ് ഡിഗ്രിയിലാണ് ഷൂട്ട് ചെയ്തത്. ശാരീരികമായ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നു. നമ്മുടെ അധ്വാനത്തിന്റെ ഫലം എന്ന് പറയുന്നത് സിനിമ ഇറങ്ങുമ്പോള്‍ കേള്‍ക്കുന്ന നല്ല വാക്കുകളാണ്.

അവാര്‍ഡുകളൊന്നും പ്രതീക്ഷിച്ചിരിക്കാറില്ല. നമ്മുടെ നല്ല പ്രകടനത്തിന് കിട്ടുന്ന പ്രോത്സാഹനമായാണ് അവാര്‍ഡുകളെ കാണുന്നത്. പ്രേക്ഷകരില്‍ നിന്ന് കിട്ടുന്ന നല്ല അഭിപ്രായങ്ങളും അവാര്‍ഡുകളാണ്. സിനിമയോടുള്ള പാഷന്‍ കൊണ്ടാണ് അഭിനയിക്കുന്നത്. പിന്നെ ആര്‍ട്ട് എന്ന് പറയുന്നത് ഒരു മത്സരമല്ലല്ലോ? താരം പറഞ്ഞു.

ചില കഥാപാത്രങ്ങള്‍ വായിക്കുമ്പോള്‍ തന്നെ ഒരുപാട് റിലേറ്റ് ചെയ്യാന്‍ സാധിക്കുമെന്നും കാരണം ആ കഥാപാത്രങ്ങളെ പലയിടത്തും കണ്ടിട്ടുണ്ടാകുമെന്നും അന്ന ബെന്‍ പറയുന്നു. മറ്റ് ചിലത് സെറ്റിലെത്തി സംവിധായകന്‍ അതിനെ കുറിച്ച് വിശദമായി പറയുമ്പോഴായിരിക്കും കുടുതല്‍ റിലേറ്റ് ചെയ്യാനാവുക. പല കഥാപാത്രങ്ങളും പല വിധത്തിലാണ് നമ്മളിലേക്ക് എത്തുന്നതെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Anna Ben About Her Career

We use cookies to give you the best possible experience. Learn more