| Wednesday, 19th October 2022, 8:11 am

സെറ്റില്‍ വെച്ച്, 'നീ ശരിക്കുമിതിലെ നായികയാണോ, സിനിമാ നടിമാരൊന്നും ഇങ്ങനെ ഭക്ഷണം കഴിക്കരുത്', എന്ന് പറഞ്ഞ് പുള്ളി കളിയാക്കും; ഇപ്പോഴും അങ്ങനെയാണ്: ആന്‍ അഗസ്റ്റിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ ജോസ് ചിത്രമായ ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’യിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ആന്‍ അഗസ്റ്റിന്‍. പിന്നീട് ഓര്‍ഡിനറി, ഫ്രൈഡേ, ഡാ തടിയാ, ആര്‍ടിസ്റ്റ്, നീന തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ താരം മലയാള സിനിമയില്‍ തിളങ്ങിയിട്ടുണ്ട്.

ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ആന്‍ അഗസ്റ്റിന്‍. സുരാജ് വെഞ്ഞാറമൂടിന്റെ നായികയായാണ് ആന്‍ ചിത്രത്തിലെത്തുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈന്‍ഡ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ സുരാജ് വെഞ്ഞാറമൂടുമൊത്ത് ചെയ്ത സിനിമകളുടെ അനുഭവവും സുരാജുമായുള്ള ബന്ധത്തെ കുറിച്ചും സംസാരിക്കുകയാണ് ആന്‍.

എല്‍സമ്മ എന്ന ആണ്‍കുട്ടിയുടെ സെറ്റ് മുതല്‍ സുരാജേട്ടന്‍ തന്നെ കളിയാക്കാറുണ്ടെന്നും ഇപ്പോഴും അതില്‍ മാറ്റമൊന്നുമില്ലെന്നുമാണ് ആന്‍ പറയുന്നത്.

”സുരാജേട്ടന്റെ കൂടെ എല്‍സമ്മ എന്ന ആണ്‍കുട്ടി ചെയ്തത് മുതലുള്ള ബന്ധമാണ്. ഓര്‍മയില്‍ വെക്കുന്ന ഒരു പ്രത്യേക സംഭവം എന്ന് പറയാന്‍ ഒന്നുമില്ല.

ഞാന്‍ നേരത്തെ പറഞ്ഞ പോലെ സുരാജേട്ടന്‍ എപ്പോഴും എന്നെ കളിയാക്കുമായിരുന്നു. എനിക്ക് സുരാജേട്ടനെ കുറിച്ചുള്ള ആദ്യത്തെ ഓര്‍മ എന്ന് പറയുന്നത് അതാണ്.

ആദ്യമായി എല്‍സമ്മയിലെത്തി, അതിന്റെ ഷൂട്ട് നടന്നുകൊണ്ടിരുന്ന സമയത്ത് ഞാന്‍ രാവിലെ തന്നെ സെറ്റിലെത്തി സൈഡിലിരുന്ന ബ്രേക്ക്ഫാസ്റ്റ് കഴിക്കും, നല്ല പുട്ടും പയറുമൊക്കെയായിരിക്കും കഴിക്കുന്നത്.

അപ്പൊ സുരാജേട്ടന്‍ ചോദിക്കും, നീ ശരിക്കും ഇതിലെ നായികയാണോ, എന്ന്. സിനിമാ നടിമാരൊന്നും ഇങ്ങനെ ഭക്ഷണം കഴിക്കരുത്, എന്നൊക്കെ പറഞ്ഞ് കളിയാക്കുമായിരുന്നു. അതാണ് സുരാജേട്ടനെ കുറിച്ചുള്ള ഓര്‍മ.

ഇപ്പോഴും സുരാജേട്ടന്‍ അങ്ങനെ തന്നെയാണ്. വലിയ വ്യത്യാസമൊന്നും തോന്നിയിട്ടില്ല,” ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.

അതേസമയം, എഴുത്തുകാരന്‍ എം. മുകുന്ദനാണ് ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’യുടെ തിരക്കഥ ഒരുക്കുന്നത്. കൈലാഷ്, ജനാര്‍ദ്ദനന്‍, സ്വാസിക, നീന കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Actress Ann Augustine shares her experience with Suraj Venjaramoodu

We use cookies to give you the best possible experience. Learn more