ആന്‍ അഗസ്റ്റിനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ.ഏറെ വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത എം.മുകുന്ദന്റെ കഥകളിലൊന്നായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ചിത്രം.
ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയെഴുതിയതും എം.മുകുന്ദനാണ്. രാധിക എന്ന കഥാപാത്രത്തെയാണ് ആന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
സുരാജ് വെഞ്ഞാറമൂടുമായി ഒന്നിച്ച് അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ആന്‍. ആദ്യമായി എല്‍സമ്മ എന്ന ആണ്‍കുട്ടിയിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അന്നത്തെ സുരാജില്‍ നിന്നും ഒരുപാട് മാറ്റങ്ങള്‍ അദ്ദേഹം വരുത്തിയിട്ടുണ്ടെന്ന് ആന്‍ പറഞ്ഞു.
സെറ്റില്‍ സീന്‍ അഭിനയിച്ച് വേഗം പോകാനാണ് താന്‍ ചിന്തിക്കാറുള്ളതെന്നും എന്നാല്‍ ചെയ്ത സീന്‍ വീണ്ടും എടുത്ത് നന്നാക്കാന്‍ സുരാജ് ശ്രമിക്കാറുണ്ടെന്നും ആന്‍ കൗമുദി മൂവിസിനോട് പറഞ്ഞു.
”എന്റെ ആദ്യത്തെ സിനിമയായ എല്‍സമ്മ എന്ന ആണ്‍കുട്ടിയിലാണ് സുരാജേട്ടന്റെ കൂടെ ആദ്യമായി അഭിനയിക്കുന്നത്. അവിടുന്ന് ഇവിടെ വരെ ഉള്ള സുരാജേട്ടന്റെ കരിയര്‍ പരിശോധിക്കുകയാണെങ്കില്‍ വ്യക്തമായി നമുക്ക് വിലയിരുത്താന്‍ കഴിയും. എങ്ങനെയാണ് അദ്ദേഹം ഇന്ന് കാണുന്ന നിലയിലെത്തിയതെന്ന് അതില്‍ നിന്നും മനസിലാക്കാം.
ഒരുപാട് ഹാര്‍ഡ് വര്‍ക്കിന്റെയും ലക്കിന്റെയും സിനിമയോടുള്ള പാഷന്റെയും റിസല്‍ട്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയത്. ഒരു ചെറിയ സീന്‍ ചെയ്യുമ്പോള്‍ പോലും സുരാജേട്ടന്‍ അതില്‍ നൂറ് ശതമാനം കൊടുക്കും. ഞാനാണെങ്കില്‍ വേഗം ചെയ്ത് പോകാമെന്നാണ് വിചാരിക്കുക. ആ സമയത്ത് അദ്ദേഹം പറയുക ആയിട്ടില്ല വീണ്ടും എടുക്കണമെന്നാണ്. വേണോ സുരാജേട്ടാ എന്ന് ചോദിക്കുമ്പോള്‍ എടുക്കണമെന്ന് തന്നെയാണ് പറയുക.
നന്നായി സിനിമക്ക് വേണ്ടി വര്‍ക്ക് ചെയ്യുന്നതിന്റെ ഫലമായി അദ്ദേഹം കരിയറില്‍ വളര്‍ന്നു. ഏത് വേഷവും വഴങ്ങുന്ന വളരെ നല്ലൊരു നടനാണ്. പരിശ്രമത്തോടൊപ്പം ടാലന്റും കൂടി ചേര്‍ന്നപ്പോള്‍ വലിയൊരു മാറ്റം അദ്ദേഹത്തില്‍ വന്നു,” ആന്‍ അഗസ്റ്റിന്‍ പറഞ്ഞു.
content highlight: actress Ann Augustine shares an expereince with suraj venjaramood