കണ്ണൂര്‍: ആറ് വര്‍ഷത്തിന് ശേഷം നടി ആന്‍ അഗസ്റ്റിന്‍ അഭിനയ രംഗത്തേക്ക് തിരികെയെത്തുന്നു. എം.മുകന്ദന്‍ ആദ്യമായി തിരക്കഥ എഴുതി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് ആന്‍ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നത്.
നിലവില്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി ആന്‍ അഗസ്റ്റിന്‍ ആരംഭിച്ചിട്ടുണ്ട്. മാഹിയിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. എം.മുകുന്ദന്റെ ഇതേപേരിലുള്ള കഥയാണ് സിനിമയാകുന്നത്.
സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ നായകന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സുരാജിനെ നായകനാക്കി ഈ ചിത്രം സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു.
‘കഥ ഇറങ്ങിയ ഉടന്‍ തന്നെ ഞാന്‍ അതിന്റെ അവകാശം വാങ്ങി, ഏകദേശം രണ്ട് വര്‍ഷം മുമ്പ് ഈ സിനിമ നിര്‍മിക്കാമെന്ന് കരുതിയ ഉടന്‍ തന്നെ സുരാജിനെ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്നത്തെ ‘സ്റ്റാര്‍ഡം’ അന്ന് അദ്ദേഹത്തിനില്ല. പിന്നീട് ഈ അടുത്താണ് ആന്‍ അഗസ്റ്റിനോട് ഈ സിനിമയിലൂടെ അഭിനയത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചത്, ആന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു’ എന്നായിരുന്നു ഹരികുമാറിന്റെ പ്രതികരണം.
സ്വസ്തിക, ജനാര്‍ദനന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അളഗപ്പന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഔസേപ്പച്ചന്‍ സംഗീതസംവിധാനവും പ്രഭാവര്‍മ്മ വരികളും എഴുതുന്നു.
ഹരികുമാറിന്റെ ആദ്യ ചിത്രമായ ആമ്പല്‍ പൂവ് തിയേറ്ററുകളില്‍ എത്തിയിട്ട് ഡിസംബര്‍ 11 ന് 40 വര്‍ഷം തികഞ്ഞു. . സുരഭി ലക്ഷ്മി അഭിനയിച്ച ജ്വാലാമുഖിയാണ് ഹരികുമാര്‍ സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തെത്തിയ ചിത്രം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Actress Ann Augustine returns to acting; Started by M. Mukundan’s Script Autorikshawkkarante Bharya