അച്ഛന്റെ മരണവും ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളും അഭിനയമെന്ന മോഹം ഇല്ലാതാക്കി, പല അവസരങ്ങളും വേണ്ടെന്നു വെച്ചു; ആന്‍ അഗസ്റ്റിന്‍
Malayalam Cinema
അച്ഛന്റെ മരണവും ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളും അഭിനയമെന്ന മോഹം ഇല്ലാതാക്കി, പല അവസരങ്ങളും വേണ്ടെന്നു വെച്ചു; ആന്‍ അഗസ്റ്റിന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd October 2021, 3:34 pm

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി ആന്‍ അഗസ്റ്റിന്‍. ബെംഗളൂരുവില്‍ മീരമാര്‍ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസ് നടത്തുകയാണ് ആന്‍ ഇപ്പോള്‍. ഇതിനൊപ്പം രണ്ട് സിനിമകള്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തില്‍ കൂടിയാണ് താരം.

കഴിഞ്ഞ മൂന്ന് നാലു വര്‍ഷം താന്‍ എന്തുചെയ്യുകയായിരുന്നുവെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നും ബ്ലാക്ക് ഔട്ട് എന്ന് തന്നെ വേണമെങ്കില്‍ പറയാമെന്നുമാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആന്‍ അഗസ്റ്റിന്‍ പറയുന്നത്.

സിനിമയെ താന്‍ ഗൗരവമായി എടുത്തിരുന്നില്ലെന്നും ഒരുപാടുപേര്‍ സ്വപ്നം കാണുന്ന ഒരിടത്തേക്കാണ് അത്രയൊന്നും അധ്വാനിക്കാതെ എത്തിയതെന്ന് അന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്നുമാണ് ആന്‍ പറയുന്നത്.

തന്നെ സംബന്ധിച്ച് സിനിമ എന്നു പറഞ്ഞാല്‍ അച്ഛനായിരുന്നെന്നും സെറ്റില്‍ നടക്കുന്നതൊക്കെ വന്നു പറയുക, അഭിനയിച്ച സിനിമ അച്ഛന്‍ കാണുമ്പോഴുള്ള സന്തോഷം ആസ്വദിക്കുക. ഇതിനൊക്കെ വേണ്ടിയായിരുന്നു അന്ന് അഭിനയിച്ചിരുന്നതെന്നും ആന്‍ പറയുന്നു.

അച്ഛന്റെ മരണവും ജീവിതത്തില്‍ ഉണ്ടായ പല പ്രശ്‌നങ്ങളും അഭിനയിക്കണമെന്ന മോഹം ഇല്ലാതാക്കി. പല അവസരങ്ങളും വേണ്ടെന്ന് വെച്ചു.
ആ ദിവസങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാനാകുന്നതിനും അപ്പുറമായിരുന്നു.

ജീവിതത്തില്‍ തിരിച്ചടികളുണ്ടായി. ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി. എന്നാല്‍ ഇങ്ങനെ അടച്ചിരുന്നിട്ട് കാര്യമില്ലെന്നും പുറത്തുവന്നേ മതിയാവൂ എന്ന തോന്നലിലാണ് ബെംഗളൂരിലേക്ക് വരുന്നതെന്നും ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയില്‍ നിന്നാണ് പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതെന്നും ആന്‍ പറയുന്നു.

പല കാര്യങ്ങളിലും പെട്ടെന്നു തീരുമാനമെടുക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ടു തന്നെ ഞാന്‍ ചെയ്ത പല കാര്യങ്ങളും തെറ്റിപ്പോയെന്ന തിരിച്ചറിവുണ്ട്. അതിലൊന്നും കുറ്റബോധവുമില്ല. തെറ്റായ ആ തീരുമാനങ്ങള്‍ കൊണ്ടാണ് ഇന്ന് താന്‍ സന്തോഷത്തോടു കൂടി ഇരിക്കുന്നതെന്നും താരം പറഞ്ഞു.

ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെയാണ് ആന്‍ വീണ്ടും മലയാള സിനിമയുടെ ഭാഗമാകുന്നത്. എഴുത്തുകാരന്‍ എം. മുകുന്ദന്റേതാണ് തിരക്കഥ. ഹരികുമാറാണ് സംവിധായകന്‍. സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തിലെ നായകന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Ann Augustine About Her Career