| Monday, 14th October 2024, 8:52 am

ചെറിയ കുട്ടിയാണെന്ന് പറഞ്ഞ് മമ്മൂക്ക ആ ചിത്രത്തിൽ നിന്നെന്നെ മാറ്റി, പകരം ജോഷി സാറിന്റെ ഒരു സിനിമ തന്നു: അഞ്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാലതാരമായി എൺപതുകളുടെ തുടക്കത്തിൽ കരിയർ തുടങ്ങിയ നടിയാണ് അഞ്ചു. പിന്നീട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാരുടെ നായികയായി മാറാനും അഞ്ചുവിന് സാധിച്ചു. താഴ്‌വാരം, കൗരവർ, മിന്നാരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ അഞ്ചു പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ഇന്ന് സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾ ഇന്നും ഓർക്കുന്ന നടിയാണ് അഞ്ചു.

അഴകൻ എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി തന്നെ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ ചെറിയ കുട്ടിയായ തന്നെ നായികയാക്കേണ്ടെന്ന് മമ്മൂട്ടി പറഞ്ഞെന്നും അഞ്ചു പറയുന്നു. പിന്നീട് തനിക്ക് പകരം മധുബാല മമ്മൂട്ടിയുടെ നായികയായെന്നും അതിന് പകരം മമ്മൂട്ടി തന്നെ കൗരവർ എന്ന ചിത്രത്തിൽ നായികയാക്കിയെന്നും അഞ്ചു പറഞ്ഞു. സംവിധായകൻ ജോഷിയെ മമ്മൂട്ടി വിളിച്ച് പറഞ്ഞിട്ടാണ് തന്നെ കൗരവറിൽ നായികയാക്കിയതെന്നും അഞ്ചു കൂട്ടിച്ചേർത്തു. ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു നടി.

‘ഭരതൻ സാറിൻ്റെ ‘താഴ്‌വാരം’ സിനിമയുടെ ഷൂട്ടിങ് മറക്കാനാവില്ല. ടീഷർട്ടും ട്രൗസറുമണിഞ്ഞ് വോക്ക്‌മാനും വെച്ച് ലൊക്കേഷനിൽ തമാശകളിച്ച് നടക്കുന്ന കുട്ടിയായിരുന്നു ഞാൻ. ഭരതൻ സാർ തമാശയ്ക്ക് എന്നെ കല്ലെടുത്ത് എറിയുന്നതുപോലെ കാണിക്കും. ‘ഹേയ് ട്യൂബ് ലൈറ്റ്’ എന്ന് വിളിച്ച് കളിയാക്കും. ‘അയ്യോ നിനക്ക് എത്ര വലിയ കഥാപാത്രമാണ് തന്നത്. നീ എന്താ ഇങ്ങനെ കാണിക്കുന്നത്’ എന്നൊക്കെ പറയും.

പക്ഷേ, ആക്ഷൻ പറഞ്ഞാൽ പിന്നെ ഒരു കളിയുമില്ല. സാർ പറയുന്നത് അതുപോലെ ചെയ്യും. പിന്നെപ്പിന്നെ സാർ റിഹേഴ്‌സൽ ചെയ്യാൻ നിർബന്ധിക്കാതെയായി. ‘അവളെ വിട്, ടേക്കിന് ചെയ്തോളും, അവൾ ടേക്ക് ആർട്ടിസ്റ്റാണ്’ എന്ന് പറയുമായിരുന്നു.

വളരെ യാദൃശ്ചികമായാണ് ‘കൗരവർ’ എന്ന സിനിമയിലേക്കുള്ള വരവ്. ‘നീലഗിരി’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് സമയത്ത് മമ്മുക്ക എന്നെ കണ്ട് ഞെട്ടിപ്പോയി. ‘എടീ നീ ഇത്ര വലിയ പെണ്ണായോ?’ എന്നു ചോദിച്ചു. കാരണം, അന്ന് ‘അഴകൻ’ എന്ന സിനിമയിൽ അദ്ദേഹത്തിന്റെ നായികയാവേണ്ടിയിരുന്നത് ഞാനായിരുന്നു. ഞാൻ ചെറിയ കുട്ടിയാണെന്ന് പറഞ്ഞ് മമ്മുക്കയാണ് മാറ്റിയത്.

പകരം മധുബാല നായികയായി. എന്നെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു. ആ സിനിമയിൽ നിന്നെ വേണ്ടെന്ന് പറഞ്ഞത് ആരാണെന്ന് അറിയാമോയെന്ന്. ‘എനിക്കറിയാം, മമ്മുക്കയല്ലേ’ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം സോറി പറയുകയും അപ്പോൾതന്നെ ജോഷി സാറിനെ വിളിക്കുകയും ചെയ്‌തു. അടുത്ത സിനിമ കൗരവറിൽ അദ്ദേഹത്തിന്റെ നായികയായി ഞാൻ അഭിനയിക്കുമെന്ന് ജോഷി സാറിനോട് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് കൗരവറിൽ ഞാൻ അഭിനയിക്കുന്നത്,’അഞ്ചു പറയുന്നു.

Content Highlight: Actress Anju About Mammootty And Kouravar Movie

We use cookies to give you the best possible experience. Learn more