ബബ്ലി, ക്യൂട്ട് കഥാപാത്രങ്ങള്‍ ചെയ്യുന്നത് എളുപ്പമല്ല, സ്ത്രീ കഥാപാത്രങ്ങള്‍ കൂടുതല്‍ ലൈക്കബിളാകാനാണ് ഇങ്ങനെ ചെയ്യുന്നത്: അഞ്ജന
Entertainment news
ബബ്ലി, ക്യൂട്ട് കഥാപാത്രങ്ങള്‍ ചെയ്യുന്നത് എളുപ്പമല്ല, സ്ത്രീ കഥാപാത്രങ്ങള്‍ കൂടുതല്‍ ലൈക്കബിളാകാനാണ് ഇങ്ങനെ ചെയ്യുന്നത്: അഞ്ജന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th April 2023, 3:56 pm

അഖില്‍ സത്യന്റെ സംവിധാനത്തില്‍ ഏപ്രില്‍ 28ന് റിലീസിനൊരുങ്ങുന്ന ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അഞ്ജന ജയപ്രകാശാണ്. ഇന്ത്യന്‍ സിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ ക്യൂട്ട്‌നെസ് നല്‍കുന്നത് എന്തിനായിരിക്കും എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ക്യൂട്ട്‌നെസ് നല്‍കുന്നതെന്നും എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നും പോപ്പര്‍‌സ്റ്റോപ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

‘ബബ്ലി ക്യൂട്ട് കഥാപാത്രങ്ങള്‍ ചെയ്യുന്നത് അത്ര എളുപ്പമല്ല. പിന്നെ സ്ത്രീ കഥാപാത്രങ്ങളെ കൂടുതല്‍ ലൈക്കബിളാക്കുക എന്ന ഉദ്ദേശത്തോടെയാണ് അങ്ങനെ ചെയ്യുന്നത്. ചില കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നമ്മള്‍ ക്യൂട്ടായിട്ട് അഭിനയിക്കണമെന്നില്ല. ആ കഥാപാത്രം അല്ലാതെ തന്നെ ക്യൂട്ടായിരിക്കും. അങ്ങനെ എഫേര്‍ട്ട്ലെസായിട്ടുള്ള ക്യൂട്ട്നെസാണെങ്കില്‍ കുഴപ്പമില്ല. അല്ലാതെ എനിക്കത് ചേരുമെന്ന് തോന്നുന്നില്ല,’ അഞ്ജന പറഞ്ഞു.

സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും അഞ്ജന പറഞ്ഞു. സിനിമയില്‍ സെക്കന്റ് ഹീറോയിനായി അഭിനയിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലെന്നും കഥ നല്ലതാണോയെന്ന് മാത്രമാണ് താന്‍ നോക്കുന്നതെന്നും താരം പറഞ്ഞു.

‘ഹീറോയിന്‍, സെക്കന്റ് ഹീറോയിന്‍ എന്നൊക്കെ പറയുന്നത് ടാഗ്സാണ് ശരിക്കും. കഥ നല്ലതാണെങ്കില്‍ സെക്കന്റ് ഹീറോയിനാണെങ്കില്‍ പോലും ആളുകള്‍ ശ്രദ്ധിക്കും. മണിച്ചിത്രത്താഴില്‍ വിനയ പ്രസാദ് സെക്കന്റ് ഹീറോയിന്‍ ആയതുകൊണ്ട് ആദ്യം നോ എന്നാണ് പറഞ്ഞതെന്ന് തോന്നുന്നു. പക്ഷെ ഇത്രയും കാലം കഴിഞ്ഞിട്ടും ആ കഥാപാത്രത്തെ നമ്മള്‍ ഓര്‍ത്തുവെക്കുന്നുണ്ടല്ലോ.

എനിക്ക് തോന്നുന്നു ആരാണ് സംവിധായകന്‍, എന്താണ് കഥ എന്ന് മാത്രം നോക്കിയാല്‍ മതിയെന്ന്. അതായത് അഖില്‍ സത്യന്റെ സംവിധാനത്തില്‍ ഒരു ഫഹദ് ഫാസില്‍ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നത് അഭിമാനം തന്നെയാണ്. പാച്ചുവും അത്ഭുത വിളക്കും എന്തായാലും ഒരു ഫണ്‍ വാച്ചായിരിക്കും. എല്ലാ തലമുറയില്‍ പെട്ടവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന സിനിമയാണത്,’ അഞ്ജന പറഞ്ഞു.

 

content highlight: actress anjana jayaprakash about women characters in cinema