| Saturday, 29th April 2023, 12:53 pm

'പെട്ടെന്ന് പൈസ കിട്ടുന്ന പരിപാടിയാണ് മോഡലിങ്, സിനിമ അങ്ങനെയല്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഖില്‍ സത്യന്റെ സംവിധാനത്തില്‍ ഏപ്രില്‍ 28ന് റിലീസായ ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അഞ്ജന ജയപ്രകാശാണ്. അഭിനയത്തേക്കാളും എളുപ്പമുള്ള ജോലി മോഡലിങ്ങാണെന്നാണ് അഞ്ജന പറഞ്ഞത്.

കുറച്ച് ജോലി ചെയ്ത് പെട്ടെന്ന് പൈസ കിട്ടുന്ന ഫോര്‍മാറ്റാണ് മോഡലിങ്ങെന്നും എന്നാല്‍ സിനിമ അങ്ങനെയല്ലെന്നും താരം പറഞ്ഞു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരുപാട് കാലം ആളുകള്‍ ഓര്‍ത്തിരിക്കുമെന്നും പരസ്യത്തിലാണ് അഭിനയിക്കുന്നതെങ്കില്‍ ആളുകള്‍ വേഗം മറന്നുപോകുമെന്നും അവര്‍ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജന ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മോഡലിങ് എന്നത് കുറച്ച് ജോലിയില്‍ പെട്ടെന്ന് പൈസ കിട്ടുന്ന ഷോര്‍ട്ട് ഫോര്‍മാറ്റാണ്. ഒരു ദിവസം ഒരു പരസ്യം ചെയ്താല്‍ അത് കഴിയും. അങ്ങനെ നോക്കുമ്പോള്‍ മോഡലിങ് ആണ് എളുപ്പം. എന്നാല്‍ സിനിമയിലോ വെബ് സീരീസിലോ ചെയ്യുന്ന കഥാപാത്രങ്ങള്‍ ആയിരിക്കും ആള്‍ക്കാര്‍ ഒരുപാട് കാലം ഓര്‍ത്തിരിക്കുന്നത്. ഒരു പരസ്യം കണ്ടാല്‍ ഇന്ന് അത് കാണും നാളെ നമ്മള്‍ മറക്കും.

ക്വീന്‍ എന്ന വെബ് സീരീസില്‍ ജയലളിതക്ക് വേണ്ടി ചെയ്ത കഥാപാത്രമാണ് ഏറ്റവും പ്രിയപ്പെട്ടത്. ജയലളിതയുടെ ചെറുപ്പകാലം അഭിനയിച്ചിരിക്കുന്നത് ഞാനാണ്. സ്ത്രീകളടക്കം ഒരുപാട് പേര് അഭിനന്ദനം അറിയിച്ചുകൊണ്ട് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു.

സത്യന്‍ അന്തിക്കാട് സാറിനെ അസിസ്റ്റ് ചെയ്തിട്ടുള്ളതുകൊണ്ട് തന്നെ അതിന്റെയൊരു എക്‌സ്പീരിയന്‍സ് അദ്ദേഹത്തിനുണ്ട്. ഷെഡ്യൂളിങ് അടക്കം അതില്‍ കാണാനുണ്ടായിരുന്നു. സത്യന്‍ സാര്‍ സ്‌കൂള്‍ ഓഫ് സിനിമയില്‍ നിന്നുള്ളയാളല്ലേ. മൂന്ന് സിറ്റികളില്‍ വെച്ച് ഷൂട്ടിങ് ചെയ്തതൊക്കെ ആ ഒരു എക്‌സ്പീരിയന്‍സ് കൊണ്ട് തന്നെയാണ്.

സത്യന്‍ സാറിന്റെയൊരു ഫ്‌ളേവേഴ്‌സൊക്കെ മകനിലും ഉണ്ട്. ന്യൂജനറേഷന്റെ ഒരു ഫ്രഷ്‌നെസും അദ്ദേഹത്തിനുണ്ട്. പാച്ചുവും സംവിധായകന്‍ അഖിലും ഒരേ പ്രായത്തിലുള്ള ആള്‍ക്കാരാണ്. അതിന്റെയൊരു ഫ്രഷ്‌നസ് സിനിമക്കുമുണ്ട്,’ അഞ്ജന ജയപ്രകാശ് പറഞ്ഞു.

content highlight: actress anjana jayaprakash about modeling

We use cookies to give you the best possible experience. Learn more