കൊച്ചി: ദൃശ്യം 2 കണ്ടതിന് ശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത കഥാപാത്രങ്ങളിലൊന്നാണ് സരിത എന്ന അഞ്ജലി അവതരിപ്പിച്ച കഥാപാത്രം. എന്നാല്‍ താനാണ് സരിതയെ സ്ക്രീനില്‍ അവതരിപ്പിക്കുന്നത് എന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നാണ് അഞ്ജലി പറയുന്നത്. ബിഹൈന്‍ഡ് ദി വുഡ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു അഞ്ജലിയുടെ വെളിപ്പെടുത്തല്‍.
‘മറ്റൊരു സിനിമയുടെ ഭാഗമായി ആഫ്രിക്കയില്‍ പോയി വന്നതിനു ശേഷമുള്ള ക്വാറന്റീന് കാലത്താണ് ജീത്തു സര് ദൃശ്യം 2നായി എന്നെ വിളിക്കുന്നത്. ദൃശ്യം 2 പൂര്‍ത്തിയാക്കിയെന്നും തനിക്ക് ഒരു വേഷമുണ്ടെന്നും സര് പറഞ്ഞു. കേട്ടപ്പോള്‍ സന്തോഷം തോന്നി. സിനിമയുടെ ഭാഗമാകാന്‍ കഴിയുമല്ലോ. താനൊന്ന് സ്ക്രിപ്റ്റ് വായിക്കണം എന്ന് സര് എന്നോട് പറഞ്ഞു. ഞാന്‍ പോയി സ്ക്രിപ്റ്റ് വായിച്ചു. കോണ്‍ഫിഡന്‍ഷ്യല്‍ ആയിട്ടുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയ സ്ക്രിപ്റ്റാണ് ഞാന്‍ വായിച്ചത്. വായിച്ചുകഴിഞ്ഞശേഷം ഞാന്‍ ഇരുന്ന് തപ്പുകയായിരുന്നു. സരിത എല്ലാ സീനിലും കണ്ടിരുന്നു. ഞാന്‍ അക്കാര്യം ശ്രദ്ധിച്ചേയില്ല. എനിക്കുള്ളതല്ല , അത് എല്ലാത്തിലുമുണ്ടല്ലോ എന്നാണ് വിചാരിച്ചത്. ബാക്കിയുള്ള സ്ത്രീ കഥാപാത്രങ്ങളുടെ പേര് ഞാന്‍ നോക്കി. എന്നാല്‍ ഇതില്‍ ഏതാണ് എനിക്ക് എന്ന് മനസ്സിലായിരുന്നില്ല. പുറത്തിറങ്ങി അസോസിയേറ്റിനോട് ചോദിച്ചു. സ്ക്രിപ്റ്റ് വായിച്ചിട്ട് ഏതാണ് എന്റെ കഥാപാത്രമെന്ന് മനസ്സിലായില്ല. അപ്പോള്‍ പുള്ളി പറഞ്ഞു. അതില്‍ സരിത എന്ന് കണ്ടില്ലേ. അതാണ് അഞ്ജലി ചെയ്യുന്ന ക്യാരക്ടര്‍. അപ്പോഴേക്കും എന്റെ കിളിപോയി’, അഞ്ജലി പറഞ്ഞു.
അതേസമയം സ്ക്രിപ്റ്റ് വായിച്ചിരുന്നെങ്കിലും ട്വിസ്റ്റുകളെപ്പറ്റിയൊന്നും തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നും സിനിമ കണ്ടപ്പോഴാണ് ദൃശ്യം 2 എന്താണെന്ന് മനസ്സിലായതെന്നും അഞ്ജലി പറഞ്ഞു.
ചിത്രത്തില്‍ സ്റ്റേജ് മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ക്ക് മികച്ച വേഷം നല്കിയ സംവിധായകന് ജീത്തു ജോസഫിനെപ്പറ്റിയും അഞ്ജലി വാചാലയായി. അത്തരം ഒരു കാര്യം ചെയ്തത് അദ്ദേഹത്തിന്റെ ഗ്രേറ്റ്നെസ്സ് ആണ് തെളിയിക്കുന്നതെന്നും അഞ്ജലി പറഞ്ഞു.
അജിത്ത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രന് തുടങ്ങിയവര്‍ ചിത്രത്തില്‍ മികച്ച കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.
മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ചാനല്‍ റിയാലിറ്റി ഷോകളിലൂടെയും ഹിറ്റായ അജിത് കുത്താട്ടുകുളം, സുമേഷ് ചന്ദ്രന്, കൃഷ്ണ പ്രഭ എന്നിവരുടെ കഥാപാത്രങ്ങള്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജോസ് എന്ന കഥാപാത്രമായിട്ടാണ് അജിത് കുത്താട്ടുകുളം സിനിമയില്‍ എത്തുന്നത്. ജീവിതത്തിലെ പ്രയാസമേറിയ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജോസിന്റെ റോള്‍ അജിത്തിന്റെ കൈവശം ഭദ്രമായിരുന്നു.
ജോസിന്റെ ഭാര്യയുടെ റോളിലാണ് കൃഷ്ണ പ്രഭ എത്തിയത്. തന്റെ സഹോദരനെ കൊലപ്പെടുത്തി ജയിലില്‍ പോയ ഭര്‍ത്താവ് തിരികെ എത്തുമ്പോള്‍ ഉള്ള കൃഷ്ണ പ്രഭയുടെ അഭിനയമെല്ലാം ഗംഭീരമായിരുന്നു.
ചാനല്‍ റിയാലിറ്റി ഷോയിലൂടെ ഹിറ്റായ സുമേഷ് നെഗറ്റീവ് ഷേഡുള്ള കുടിയന് കഥാപാത്രമായി ദൃശ്യത്തില്‍ കൈയ്യടി നേടിയിരുന്നു. ഏറ്റവും വലിയ തമാശ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ ഷോയില്‍ ദൃശ്യത്തിന്റെ സ്പൂഫ് വീഡിയോയില്‍ സുമേഷ് ചന്ദ്രനും അജിത്ത് കൂത്താട്ടുകുളവും അഭിനയിച്ചിരുന്നു എന്നതാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക