സിനിമയില്‍ അഭിനയിച്ചാല്‍ ഇപ്പോഴും പലരും പ്രതിഫലം തരാറില്ലെന്നും തരുന്നവര്‍ തന്നെ വളരെ ചെറിയ പ്രതിഫലമാണ് തരാറുള്ളതെന്നും നടി അഞ്ജലി നായര്‍. ദുഃഖപുത്രിയുടെ മുഖമുള്ളതുകൊണ്ടും ആരോടും തിരിച്ച് ഒന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടുമാകാം അതെന്നും അഞ്ജലി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘കമ്മട്ടിപ്പാടം എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഒരു ദിവസം എനിക്ക് മൂവായിരം രൂപ വീതമാണ് പ്രതിഫലം തന്നത്. ഇപ്പോഴും പലരും പ്രതിഫലം തരാറില്ല. ചിലര്‍ തീരെ ചെറിയ പ്രതിഫലം തരും. എനിക്ക് ദുഃഖപുത്രിയുടെ മുഖമുള്ളതുകൊണ്ടും ഞാനാരോടും തിരിച്ച് ഒന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടുമാകാം അത്.
അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും കുഞ്ഞും എന്റെ മോളുമൊക്കെയടങ്ങുന്ന കുടുംബം ഞാന്‍ പോറ്റുന്നത്. പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും എനിക്കറിയില്ല. എന്റെ കടങ്ങളും പ്രശ്‌നങ്ങളും ചെലവുകളും കഴിഞ്ഞിട്ട് എനിക്ക് ചിലപ്പോള്‍ ഒരു നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാനുണ്ടാവില്ല. എന്നെ അറിയുന്നവര്‍ക്ക് അതറിയാം. അതറിയുന്നതുകൊണ്ടാണ് ഒരച്ചാറായി മിക്കവരും അവരുടെ സിനിമയില്‍ എന്നെ ഉള്‍പ്പെടുത്തുന്നത്,’ അഞ്ജലി പറഞ്ഞു.
അഞ്ജലി നായരെ അച്ചാര്‍ എന്നാണ് ചിലര്‍ കളിയാക്കി വിളിക്കുന്നത്. ഒരുവിധം എല്ലാ സിനിമയിലുമുള്ളതുകൊണ്ടാവാം പലരും തന്നെ അച്ചാറെന്ന് വിശേഷിപ്പിക്കുന്നതെന്നും എന്നാല്‍ അങ്ങനെ എല്ലാ സിനിമയിലും താന്‍ ഉണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും അഞ്ജലി പറഞ്ഞിരുന്നു.
തന്റെ ഒരു അഞ്ച് സിനിമ എടുത്ത് പറയാന്‍ ഒരു പ്രേക്ഷകനോട് അല്ലെങ്കില്‍ എന്നെ അറിയാവുന്ന ഒരാളോട് പറഞ്ഞാല്‍ അഞ്ച് സിനിമകളുടെ പേര് പറയാന്‍ അവര്‍ പത്ത് മിനുട്ട് ആലോചിച്ചെന്ന് വരുമെന്നും അത് തന്റെ തോല്‍വിയാണെന്നും അഞ്ജലി നായര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഞാന്‍ നല്ലവണ്ണം ബുദ്ധിമുട്ടി ജീവിക്കുന്നയാളാണ്. ഞാന്‍ വളരെ സാധാരണക്കാരിയാണ്. എന്റെ ബുദ്ധിമുട്ട് ഞാന്‍ തുറന്നുപറയാതിരിക്കുന്നത് കൊണ്ട് എന്തുകാര്യം.എനിക്ക് ലോണുകള്‍ തന്നിട്ടുള്ള ബാങ്കിലെ മാനേജര്‍മാര്‍ക്കറിയാം ഞാന്‍ അവരോട് എന്താണ് ചെയ്തിട്ടുള്ളതെന്ന്. ആ ലോണിന്റെ അടവ് മുടങ്ങിയത് എന്തുകൊണ്ടാണെന്ന് അവര്‍ക്കറിയാം.
എന്റെ മോളുടെ വളയും കമ്മലും ഓരോ ആവശ്യങ്ങള്‍ക്കായി പണയം വച്ചിട്ട് പണയമെടുക്കാന്‍ കഴിയാതെ അവ ലേലം ചെയ്തു പോയിട്ടുണ്ട്. അക്കാര്യങ്ങളും പലര്‍ക്കുമറിയാം. ലോണ്‍ അടയ്ക്കാതെ എന്റെ കാര്‍ സി.സി പിടുത്തക്കാര്‍ കൊണ്ടുപോയിട്ടുണ്ട്. അവസരങ്ങള്‍ക്കുവേണ്ടിയോ ഉദ്ഘാടനങ്ങള്‍ക്കു വേണ്ടിയോ വഴിവിട്ട രീതിയില്‍ പോകാത്ത ഒരു അഡ്ജസ്റ്റുമെന്റിനും പോകാത്ത ഒരാളാണ് ഞാന്‍.
സംവിധായകര്‍ക്ക് ചില കാഴ്ചപ്പാടുകളുണ്ട്. ഈ പ്രായത്തില്‍ എന്നെക്കൊണ്ട് അമ്മ വേഷം ചെയ്യിക്കരുതെന്ന് അവരാണ് തീരുമാനിക്കേണ്ടത്. അവര്‍ എന്നെ വിളിക്കുന്നു. വിളിക്കുന്നത് ഒരു വരുമാനം കിട്ടുന്ന കാര്യത്തിനായത് കൊണ്ടും തെറ്റല്ലാത്തത് കൊണ്ടും ഞാന്‍ പോയി ചെയ്യുന്നു. അത്രേയുള്ളൂ. നമ്മള്‍ ചെയ്തില്ലെങ്കില്‍ ആ വേഷം ചെയ്യാന്‍ വേറെയാളുണ്ട്. ആ ഒരുമാസം കഴിഞ്ഞ് പോകാന്‍, വിശപ്പിന്റെ വിളിവരുമ്പോള്‍ നമ്മള്‍ എന്തും ചെയ്യും, അഞ്ജലി ചോദിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Anjali Nair About Remuneration