പല സിനിമകളിലും അമ്മയായും സഹോദരിയായും ഫ്‌ളാഷ് ബാക്കുകളിലും മാത്രം വന്നുപോകുന്ന നടിയായതുകൊണ്ടാവാം അഞ്ജലി നായര്‍ക്ക് അച്ചാര്‍ എന്നൊരു വിളിപ്പേര് ചിലര്‍ കല്‍പ്പിച്ചുകൊടുത്തിട്ടുണ്ട്.
ഒരു സദ്യയില്‍ നിന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്തത് എന്തോ അതാണ് അച്ചാര്‍. അഞ്ജലി നായരെ അറിയുന്നവരും അറിയാത്തവരും കളിയാക്കി വിളിക്കുന്ന പേര്. എന്നാല്‍ അങ്ങനെയൊരു വിളിപ്പേര് യഥാര്‍ത്ഥത്തില്‍ തനിക്ക് ചേരുന്നതല്ലെന്നാണ് അഞ്ജലി പറയുന്നത്.
‘ ഒരുവിധം എല്ലാ സിനിമയിലുമുള്ളതുകൊണ്ടാവാം പലരും എന്നെ അച്ചാറെന്ന് വിശേഷിപ്പിക്കുന്നത്. പക്ഷേ എനിക്ക് തോന്നിയിട്ടില്ല ഞാന്‍ എല്ലാത്തിലുമുണ്ടെന്ന്. കാരണം എന്റെ ഒരു അഞ്ച് സിനിമ എടുത്ത് പറയാന്‍ ഒരു പ്രേക്ഷകനോട് അല്ലെങ്കില്‍ എന്നെ അറിയാവുന്ന ഒരാളോട് പറഞ്ഞാല്‍ അഞ്ച് സിനിമകളുടെ പേര് പറയാന്‍ അവര്‍ പത്ത് മിനുട്ട് ആലോചിച്ചെന്ന് വരും.
എല്ലാ സിനിമകളിലും ഞാനുണ്ട് എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇതുവരെ ഞാന്‍ 127 സിനിമകള്‍ ചെയ്തിട്ടും അതില്‍ നിന്നും ഒരു അഞ്ച് സിനിമ പെട്ടെന്ന് ഓര്‍മ്മിച്ച് പറയാന്‍ പറ്റാത്തത് എന്റെ തോല്‍വിയാണ്,’ അഞ്ജലി നായര്‍ പറയുന്നു.
2009 ലും 2011 ലും ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്. പക്ഷേ 2012 മുതലാണ് എന്റെ കരിയര്‍ തുടങ്ങിയതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതിന് മുന്‍പ് തമിഴില്‍ മൂന്നും മലയാളത്തില്‍ മൂന്നും സിനിമകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. മോളുണ്ടായ ശേഷമാണ് കൂടുതല്‍ പ്രൊഫഷണലായി കരിയറിലേക്ക് കടക്കുന്നത്. മോളുടെ പ്രായം വെച്ച് കണക്കാക്കിയാല്‍ ഒന്‍പത് വര്‍ഷം. ഒരു വര്‍ഷം ശരാശരി നൂറ് സിനിമകള്‍ റിലീസായെന്ന് കൂട്ടിയാല്‍ തന്നെ ഒന്‍പത് വര്‍ഷം കൊണ്ട് 900 സിനിമകള്‍. ഒന്‍പത് വര്‍ഷത്തിനിടയ്ക്ക് ആദ്യം പറഞ്ഞ ആറ് സിനിമകള്‍ കൂടാതെ 121 സിനിമകളേ ഞാന്‍ ചെയ്തിട്ടുള്ളൂ. അതില്‍ തന്നെ പലതും റിലീസ് ആയിട്ടില്ല. ചിലത് റിലീസിന് കാത്തിരിക്കുന്നു. ചിലത് തിയേറ്റര്‍ കണ്ടിട്ടില്ലാത്ത ഒ.ടി.ടി സിനിമകളാണ്,’ അഞ്ജലി പറയുന്നു.
ദൃശ്യം 2 വിലേക്ക് തന്നെ ക്ഷണിച്ചത് ജീത്തു സാറിന്റെ റാമില്‍ തനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് കൂടിയായിരുന്നെന്നും അഞ്ജലി പറയുന്നു.
‘ജീത്തു സാറിന്റെ റാമിലും ഞാന്‍ അഭിനയിച്ചിരുന്നു. റാമില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ട് മറ്റേതെങ്കിലും സിനിമയിലേക്ക് എന്നെ വിളിക്കണമെന്ന് വിചാരിച്ചിരുന്നുവെന്ന് ജീത്തുസാര്‍ പറഞ്ഞിരുന്നു. അതൊരു ഘടകം. റാം ഷെഡ്യൂളായപ്പോള്‍ തൊട്ടടുത്തു ചെയ്യുന്ന ദൃശ്യം 2 വില്‍ ഓര്‍ക്കാനും വിളിക്കാനുമിടയായത് ഒരു നിമിത്തമാണ്. കുറേക്കൂടി ഫെമിലിയറായ ഒരു ആര്‍ട്ടിസ്റ്റിനെയാണ് ദൃശ്യം 2 വില്‍ കാസ്റ്റ് ചെയ്തിരുന്നുവെങ്കില്‍ എന്തോ ഉണ്ടെന്ന് പ്രേക്ഷകരില്‍ ചിലര്‍ സംശയിച്ചേക്കാം. ഞാന്‍ ചെയ്യുമ്പോള്‍ ആര്‍ക്കും ആ സംശയം ഉണ്ടാകില്ലെന്ന് ജീത്തു സാര്‍ നൂറ് ശതമാനം വിശ്വസിച്ചു, അഞ്ജലി പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Actress Anjali Nair About Her Roles On Movies and Drishyam 2